| Friday, 28th February 2025, 8:13 am

ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു, വിപണി വളരുന്നില്ല, 90 ശതമാനം ജനങ്ങള്‍ക്കും വാങ്ങല്‍ശേഷി കുറവ്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയായ ബ്ലൂം വെഞ്ചേഴ്‌സ് പുറത്തുവിട്ട ‘ഇന്‍ഡസ് വാലി വാര്‍ഷിക റിപ്പോര്‍ട്ട് 2025’ ലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ വിപണി വളരുന്നില്ലെന്നും രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും ഉത്പനങ്ങളോ സേവനങ്ങളോ സ്വന്തമാക്കാനുള്ള വാങ്ങല്‍ശേഷി കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നകെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനം ആളുകളാണ് ഇപ്പോഴും ഉപഭോഗത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ചാലക ശക്തിയായി തുടരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മെക്‌സിക്കോയുടെ മൊത്ത ജനസംഖ്യയായ 13-14 കോടിക്ക് തുല്യാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ വാങ്ങല്‍ശേഷിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന 10 ശതമാനം ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെന്നും എന്നാല്‍ ഇവര്‍ വീണ്ടും സമ്പന്നാരായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആകെയുള്ള സമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നും അത് സ്തംഭനാവസ്ഥയിലാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍ ജനസംഖ്യയിലെ ഒരു വിഭാഗം ജനങ്ങള്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍ വളര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ചെലവഴിക്കലുകള്‍ ജാഗ്രതയോടെയുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്തിടെയാണ് 300 ദശലക്ഷം വരുന്ന ഈ വിഭാഗം കൂടുതല്‍ ചെലവഴിക്കാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോഗ ശേഷിയില്‍ മാത്രമല്ല വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ സമ്പാദ്യ ശീലത്തിലും കുത്തനെ കുറവുണ്ടായതായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കടബാധ്യതയിലും കുതിച്ചുചാട്ടമുണ്ടായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതും. ഇക്കാരണങ്ങളും ജനങ്ങളുടെ വാങ്ങല്‍ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.

content highlights: Rich Get Richer in India, Market Not Growing, 90 Percent People Lack Purchasing Power: Report

We use cookies to give you the best possible experience. Learn more