| Wednesday, 20th July 2016, 12:37 pm

സമ്പന്നര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിവര്‍ഷവരുമാനം 10 ലക്ഷം രൂപയില്‍ അധികം വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍.

സബ്‌സിഡി ഏറ്റവും അത്യാവശ്യമായ പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടി.

സബ്‌സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപക്ക് മുകളില്‍ നികുതിനല്‍കേണ്ട വരുമാനമില്ലെന്ന സ്വയം സാക്ഷ്യപത്രം നല്‍കണം. പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ 12 സിലിണ്ടര്‍ വര്‍ഷത്തില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ വാണിജ്യവില നല്‍കണം.

നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് എല്‍.പി.ജി സബ്‌സിഡി ലഭിക്കുന്നത്. അത്യാവശ്യക്കാര്‍ക്ക് മാത്രം സബ്‌സിഡിയെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രചരണത്തെ തുടര്‍ന്ന് 57.5 ലക്ഷം പേര്‍ സബ്‌സിഡി സ്വയം വേണ്ടെന്നുവെച്ചിരുന്നു.

അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാകും സബ്‌സിഡി ഒഴിവാക്കുക.

ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കിയിരുന്നത്.

We use cookies to give you the best possible experience. Learn more