ലണ്ടന്‍: കാലാവസ്ഥ വ്യതിയാനത്തില്‍ ഇരട്ട നിലപാടുമായി സമ്പന്ന ജനാധിപത്യ രാഷ്ട്രങ്ങള്‍. വടക്കന്‍ രാഷ്ട്രങ്ങള്‍ രാജ്യത്തെ കാലാവസ്ഥ പ്രവത്തകരെ അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ക്ലൈമറ്റ് റൈറ്റ്‌സ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കാലാവസ്ഥ വ്യതിയാനത്തില്‍ ഭരണകൂടങ്ങളെ പ്രതിരോധിക്കുന്നവരെ ചൂഷണം ചെയ്യുന്ന സമ്പന്ന രാഷ്ട്രങ്ങള്‍ തെക്കന്‍ രാജ്യങ്ങളെ കാലാവസ്ഥ മാറ്റത്തില്‍ കുറ്റപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ന്യൂ സീലാന്‍ഡ്, സ്വീഡന്‍, യു.കെ, യു.എസ് തുടങ്ങിയ രാഷ്ട്രങ്ങളാണ് തെക്കന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്.
ഈ രാജ്യങ്ങള്‍ പ്രാഥമികമായ മൗലികാവകാശങ്ങള്‍ മാനിക്കാതെ നിയമത്തെ ലംഘിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ രാജ്യങ്ങളെന്ന് പുറംലോകം വിശേഷിപ്പിക്കുമ്പോളും എതിര്‍ ശബ്ദങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ തടങ്കലില്‍ വെക്കാനും നാടുകടത്താനും ഓണ്‍ലൈന്‍ മീഡിയ ഉള്‍പ്പെടെയുള്ളവയിലൂടെ ഭീഷണി പെടുത്താനും ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന രാഷ്ട്രങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തഴയുന്ന വികസ്വര രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന് സി.ആര്‍.ഐ ചോദിക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ മറ്റു രാജ്യങ്ങളില്‍ സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും വിമര്‍ശിക്കാനും സമയം കണ്ടെത്തുന്നതെന്തിനാണെന്നും റിപ്പോര്‍ട്ട് ചോദ്യമുയര്‍ത്തി.
കാലാവസ്ഥ വ്യതിയാനത്തില്‍ പ്രതിഷേധിച്ച് സമ്പന്ന രാഷ്ട്രത്തലവന്മാരുടെ നിലപാടുകള്‍ക്കെതിരെ പോരാടുന്നവരെ രാജ്യത്തെ പൊലീസ് അടിച്ചൊതുക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സി.ആര്‍.ഐയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ബ്രാഡ് ആഡംസ് ദി ഗാര്‍ഡിയന്‍ പറയുന്നതനുസരിച്ച്, മറ്റു രാജ്യങ്ങളിലെ പ്രതിഷേധങ്ങളെ കുറിച്ച് ലോകോത്തരമായ തത്വങ്ങള്‍ പുറപ്പെടുവിക്കുന്ന സമ്പന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ വളരെ പിന്നിലാണ്.
സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ യു.കെ, ജര്‍മനി, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ റെക്കോര്‍ഡ് ബ്രേക്കിങ്ങാണ് നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിലെ കേന്ദ്ര ഭരണകൂടങ്ങളും സംസ്ഥാന സര്‍ക്കാരുകളും സമാധാനപരമായ റാലികളെ തടയാനും പ്രവര്‍ത്തകര്‍ക്കെതിരെ അറസ്റ്റ് ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതിനായി സമ്പന്ന രാഷ്ട്രങ്ങള്‍ പുതിയ നിയമങ്ങള്‍ പോലും രൂപീകരിക്കുന്നതായി സി.ആര്‍.ഐ പറയുന്നു.