| Saturday, 4th March 2023, 11:34 pm

സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കെതിരെ ക്രൂരതന്ത്രം പ്രയോഗിക്കുന്നു: യു.എന്‍. സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: കൊള്ളപ്പലിശയീടാക്കിയും ഇന്ധന വിലയില്‍ ഇടപെട്ടും സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന അവികസിത രാജ്യങ്ങളുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ രൂപപ്പെടുത്തിയത് സമ്പന്ന രാജ്യങ്ങളാണ്. ദരിദ്ര രാജ്യങ്ങള്‍ കൊള്ളപ്പലിശയില്‍ ഞെരുങ്ങുകയാണ്. മൊത്ത വരുമാനത്തിന്റെ 0.15 ശതമാനം മുതല്‍ 0.20 ശതമാനം വരെ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം സമ്പന്ന രാജ്യങ്ങള്‍ പാലിക്കുന്നില്ല. ദരിദ്ര രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 50000 കോടി ഡോളര്‍ ആവശ്യമാണ്,’അദ്ദേഹം പറഞ്ഞു.

സമ്പന്ന രാജ്യങ്ങള്‍ വികസനം കുറഞ്ഞ രാജ്യങ്ങള്‍ക്കെതിരെ ക്രൂരതന്ത്രം പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂലധന ചെലവ് വലിയ തോതില്‍ ഉയരുമ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ വിചാരിക്കാതെ കാലാവസ്ഥ ദുരന്തത്തെ ചെറുക്കുക വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബക്കറ്റിലെ വെള്ളം പോലെയാണ് സാമ്പത്തിക സഹായം ലഭിക്കുന്നതെന്നും അതേസമയം ഫോസില്‍ ഇന്ധന ഭീമന്മാര്‍ വലിയ ലാഭം കൊയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്ര രാജ്യങ്ങളിലെ ലക്ഷകണക്കിന് വരുന്ന ജനങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണമില്ലെന്നും ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ഭക്ഷണത്തിന്റേയും ഇന്ധനത്തിന്റേയും വിലവര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പന്ന രാജ്യങ്ങള്‍ നല്‍കുന്ന സഹായം ആനുകൂല്യമോ ജീവകാരുണ്യമോ അല്ലെന്നും അവരുടെ ധാര്‍മിക ഉത്തരവാദിത്തമാണതെന്നും മലാവി പ്രസിഡന്റ് ലസാറുസ് ചക്വേരയും അഭിപ്രായപ്പെട്ടു. മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അവികസിത രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും അവികസിതമായ 46 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ സംവദിക്കുന്നത്. മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അവികസിത രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

10 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഉച്ചകോടി 2021ല്‍ ആയിരുന്നു നടക്കേണ്ടത്. എന്നാല്‍ കോവിഡ് കാരണം അത് മാറ്റിവെക്കുകയായിരുന്നു.

content highlight: Rich countries use brutal tactics against poor countries: UN Secretary

We use cookies to give you the best possible experience. Learn more