നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala News
നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 4:55 pm

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 175 കോടി രൂപ അനുവദിച്ചു.

നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലാണ് സബ്‌സിഡി അനുവദിച്ച വിവരം അറിയിച്ചത്.

  • നെല്ല് സംഭരണത്തിന് 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍
  • ഉത്പാദന ബോണസായാണ് തുക അനുവദിച്ചത്
  • 2024ല്‍ നല്‍കിയത് 225 കോടി രൂപ
  • കേന്ദ്ര താങ്ങുവില സഹായം 900 കോടി രൂപ കുടിശികയാണ്
  • കേന്ദ്ര കുടിശികയ്ക്ക് കാത്തുനില്‍ക്കാതെ നെല്‍വില നല്‍കുന്നത് കേരളത്തില്‍ മാത്രം
  • നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായത്തില്‍ 900 കോടി രൂപ നിലവില്‍ കുടിശികയുണ്ട്. 2017 മുതലുള്ള കുടിശിക തുകയാണിതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ പി.ആര്‍.എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് ബാങ്കില്‍ നിന്ന് നെല്‍വില ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കര്‍ഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

വായ്പാ ബാധ്യത കര്‍ഷകന് ഏറ്റെടുക്കേണ്ടി വരില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Content Highlight: Rice Storage; The state government has allocated Rs 175 crore to Supplyco