അരിവില വര്‍ധിക്കുമെന്ന് അനൂപ് ജേക്കബ്
Daily News
അരിവില വര്‍ധിക്കുമെന്ന് അനൂപ് ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd June 2014, 3:04 pm

[] തിരുവനന്തപുരം: റെയില്‍വേ നിരക്ക് വര്‍ധനയുടെ സാഹചര്യത്തില്‍ അരിവില കൂടിയെക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു.  പൊതു വിതരണം ശക്തിപ്പെടുത്തി വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരുന്നത് . 90 ശതമാനം അരിയും കേരളത്തിലെത്തുന്നത് റെയില്‍ മാര്‍ഗമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തിയും വിപണിയില്‍ കര്‍ശന പരിശോധന നടത്തിയും ഇത് നേരിടും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

റെയില്‍വേ യാത്രാ ചരക്ക് കൂലി വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. റെയില്‍വേ നിരക്ക് വര്‍ധന എല്ലാത്തരം സാധനങ്ങളുടെയും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി.

അതേ സമയം വിലവര്‍ധനവിനെതിരെ പ്രമേയം കൊണ്ടുവരുന്നകാര്യം എല്ലാവരോടും ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആശങ്ക വ്യക്തമാക്കി കേന്ദ്ര സര്‍ക്കാറിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.