പ്രളയകാലത്തെ അരി സൗജന്യമല്ല, ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയം: കേന്ദ്ര ഭക്ഷ്യമന്ത്രി
national news
പ്രളയകാലത്തെ അരി സൗജന്യമല്ല, ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയം: കേന്ദ്ര ഭക്ഷ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 5:58 pm

ന്യൂദല്‍ഹി: പ്രളയകാലത്ത് കേരളത്തിന് നല്‍കിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍. കേരളം പണം നല്‍കാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇപ്പോള്‍ അന്ന് നല്‍കിയ ഉറപ്പ് മാറ്റിപ്പറയുകയാണ്. ഭക്ഷ്യധാന്യത്തിന് വേണ്ട പണം ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ഭക്ഷ്യധാന്യത്തിന് പണം വാങ്ങുന്നതില്‍ അസ്വഭാവികതയില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ജോസ് കെ. മാണി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2018ലെ പ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില നല്‍കണമെന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു.

205.81 കോടി രൂപ അടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. തുക അടച്ചില്ലെങ്കില്‍ വരും വര്‍ഷത്തെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഈ തുക ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് കേരളം പണമടക്കാന്‍ നിര്‍ബന്ധിതരായത്.

2018ല്‍ 89,540 മെട്രിക് ടണ്‍ അരിയായിരുന്നു എഫ്.സി.ഐ വഴി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നത്. പ്രളയകാലത്ത് നല്‍കിയ ഈ സഹായത്തിന് പണം ഈടാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ആവശ്യം അംഗീകരിച്ചില്ല.

നേരത്തെ പലതവണ ഇത് സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മില്‍ വാദപ്രതിവാദങ്ങളും ഓദ്യോഗിക കത്തിടപാടുകളുമെല്ലാം നടന്നിരുന്നു. എഫ്.സി.ഐ പണത്തിന് വേണ്ടി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് അനുകൂല പ്രതികരണമുണ്ടായില്ല.

പിന്നീട് പണം അടച്ചില്ലെങ്കില്‍ റിക്കവറി വേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഇത്തരത്തില്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് കേരളം കോടികള്‍ അടക്കാന്‍ നിര്‍ബന്ധിതരായത്.

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹെലികോപ്ടറിനും വ്യോമസേനയും നാവികസേനയും അന്ന് നടത്തിയ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ചെലവായ തുക അടക്കണമെന്നും നേരത്തെ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് കേന്ദ്രം ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന് തുക ഈടാക്കുന്നതിനെതിരെ കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

Content Highlight: Rice during the flood is not free; Government failure to meet the needs of the people: Piyush Goyal