| Wednesday, 28th September 2022, 7:57 pm

'യോഗി ബാബാ, നിങ്ങള്‍ ഇത് കാണണം'; കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും ഉപ്പും, പ്രതികരിച്ച് മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും ഉപ്പും മാത്രം നല്‍കി സര്‍ക്കാര്‍ സ്‌കൂള്‍. സമഗ്ര വികസനം അവകാശപ്പെടുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ തന്നെയാണ് വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കുട്ടികള്‍ ഉപ്പ് മാത്രം കൂട്ടി ചോറ് കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ കുട്ടികള്‍ തറയിലിരുന്ന് ഉപ്പ് മാത്രം കൂട്ടി ചോറ് കഴിക്കുന്നത് കാണാം. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലാണിത്. വിഷയത്തില്‍ അധ്യാപകര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്നും ഗ്രാമമുഖ്യനും വിഷയം തള്ളിക്കളഞ്ഞെന്നും വീഡിയോ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ട്.

‘കുട്ടികള്‍ വെറും ചോറും ഉപ്പും മാത്രം കഴിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ആരാണ് മക്കളെ ഇത്തരമൊരു ഇടത്തേക്ക് പറഞ്ഞുവിടാന്‍ ആഗ്രഹിക്കുക? യോഗി ബാബാ, നിങ്ങള്‍ ഈ വീഡിയോ കാണണം,’ എന്നും അദ്ദേഹം പറയുന്നുണ്ട്.

സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നല്‍കാന്‍ തീരുമാനിച്ച ഭക്ഷണത്തിന്റെ കൃതൃമായ ലിസ്റ്റും കുട്ടികള്‍ ഇരിക്കുന്നതിന് സമീപത്തായി തൂക്കിയതും ദൃശ്യങ്ങളില്‍ കാണാം. ഇത് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ദാല്‍, പാല്, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.

അതേസമയം ഉത്തരവ് പ്രകാരം അനുശാസിച്ചിരിക്കുന്ന ഭക്ഷണം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകരുതെന്നുമാണ് സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാറിന്റെ പ്രതികരണം. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

ഇതിന് മുമ്പും ഉത്തര്‍പ്രദേശില്‍ നിന്നും സമാന രീതിയിലുള്ള വീഡിയോകള്‍ പ്രചരിച്ചിട്ടുണ്ട്. 2019ല്‍ മാധ്യമപ്രവര്‍ത്തകനായ പവന്‍ ജെയ്‌സ്‌വാള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികല്‍ക്ക് റൊട്ടിയും ഉപ്പും നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതും വലിയ രീതിയില്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ അന്നും സ്‌കൂള്‍ പ്രിന്‍സിപ്പളിന് നേരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് യു.പി പൊലീസ് കേസ് പിന്‍വലിക്കുകയായിരുന്നു.

Content Highlight: Rice and salt served to students for meal in government schools at UP, parents says Yogi baba must watch

We use cookies to give you the best possible experience. Learn more