അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിയെ ട്രിപ്പിൾ ക്രൗൺ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് ബ്രസീൽ ഇതിഹാസം കക്ക. ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ബാലൻഡിയോർ എന്നീ മൂന്ന് കിരീടങ്ങൾ നേടിയ കളിക്കാരാണ് ട്രിപ്പിൾ ക്രൗൺ എലൈറ്റ് ലിസ്റ്റിലുള്ളത്. ‘ക്ലബ്ബിലേക്ക് സ്വാഗതം മെസി’ എന്നെഴുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കക്ക ഇക്കാര്യം അറിയിച്ചത്.
ബോബി ചാൾട്ടനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. മെസിക്ക് മുമ്പ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത് ബ്രസീലിന്റെ ഇതിഹാസ താരം കക്കയാണ്. 2007ൽ ബാലൺ ഡി ഓർ നേടിയ കക്ക ഇതിന് മുമ്പ് എ.സി മിലാനൊപ്പം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിരുന്നു.
ഫ്രാൻസ് ബെക്കൻബേവർ, ജെറാൾഡ് മുള്ളർ, പൗലോ റോസി, സിനഡിൻ സിദാൻ, റിവാൾഡോ, റൊണാൾഡീഞ്ഞോ എന്നിവരാണ് ഈ മൂന്ന് നേട്ടവും ഒന്നിച്ച് സ്വന്തമാക്കിയ മറ്റുതാരങ്ങൾ.
ഏഴ് ബാലൻഡിയോർ പുരസ്‌കാരങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ മെസി വിശ്വകിരീടം കൂടി നേടിയതോടെയാണ് ട്രിപ്പിൾ ക്രൗൺ ക്ലബ്ബിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടത്.
ലോകകപ്പ് നേട്ടത്തോടെ മെസിയുടെ കരിയറിൽ ഇനി നേടാൻ പ്രധാന കിരീടങ്ങളൊന്നുമില്ല. ഖത്തർ ലോകകപ്പിന് ശേഷം ഇനിയൊരു വേൾഡ് കപ്പ് ടൂർണമെന്റ് കളിക്കില്ലെന്ന് മെസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേശീയ ജേഴ്‌സിയിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.
ആദ്യമായി വേൾഡ് കപ്പ് ചാമ്പ്യനായതോടെ അന്താരാഷ്ട്ര ഫുട്‌ബോളിനെ കുറിച്ചും മെസി നിലപാടെടുത്തിരിക്കുകയാണിപ്പോൾ. രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെസി.
തനിക്കിനിയും അർജന്റീനയുടെ ചാമ്പ്യൻ ജേഴ്‌സിയിൽ കളിക്കണമെന്നും ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നുമാണ് മെസി പറഞ്ഞത്.
ഖത്തർ ലോകകപ്പിൽ എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടർ ലോകകപ്പുകളിൽ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.