ന്യൂദല്‍ഹി: സുശാന്ത് സിംഗ് രജപുത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കി നടി റിയാ ചക്രബര്‍ത്തി. സുശാന്തിന്റെ മരണത്തില്‍ തനിക്കും പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചത് മുതല്‍ മാധ്യമങ്ങള്‍ തന്നെ ശിക്ഷിക്കാന്‍ തുടങ്ങിയെന്നും റിയയുടെ പരാതിയില്‍ പറയുന്നു.
ചില രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാവുകയാണ് താന്‍ എന്ന് റിയ പറഞ്ഞു. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അസഹനീയമായിരിക്കുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും റിയയുടെ പരാതിയില്‍ പറയുന്നു.
സുശാന്തിന്റെ കേസില്‍ മാധ്യമങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നുന്നില്ല. കേസിലെ സാക്ഷികളെ അവര്‍ ക്രോസ് വിസ്താരം ചെയ്യുന്നു. പരാതിക്കാരനെ ആദ്യം തന്നെ കുറ്റവാളിയാക്കുന്ന നിലപാടാണ് പല ചാനലുകളും സ്വീകരിക്കുന്നത്- റിയയുടെ പരാതിയില്‍ പറയുന്നു.
രാജ്യത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പലകേസുകളിലും മാധ്യമങ്ങള്‍ ആദ്യം തന്നെ കുറ്റവാളിയെ കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ തുടങ്ങും. അത്തരത്തിലുള്ള പല കേസുകളിലും കുറ്റാരോപിതര്‍ പിന്നീട് നിരപരാധികളാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നു- റിയ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, മരിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പണം തട്ടിയെടുക്കല്‍ എന്നീ ആരോപണങ്ങളില്‍ തുടരന്വേഷണത്തിനായിട്ടാണ് റിയയെ ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് ഇവരെ ചോദ്യം ചെയ്തത്.
നടിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോടും വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിയയോട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
സുശാന്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനുമെതിരെ നടന്റെ പിതാവ് പാറ്റ്ന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പണം തട്ടിയെടുത്തുവെന്നും മാനസികമായി സുശാന്തിനെ പീഡിപ്പിച്ചുവെന്നുമാണ് പിതാവിന്റെ ആരോപണം.
ബിഹാര്‍ സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരം കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക