ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തെലങ്കാനയില്‍ നടന്ന പ്രണയ് കുമാര്‍ കൊലപാതകം. സവര്‍ണ വിഭാഗത്തില്‍പ്പെട്ട പ്രണയ് കുമാറിനെ സ്‌നേഹിച്ച് കല്ല്യാണം കഴിച്ചതിനെ തുടര്‍ന്ന ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയ്കുമാറിനെ അമൃതയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.
ഈ സംഭവത്തെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് രാംഗോപാല്‍ വര്‍മ്മ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് രാംഗോപാല്‍ വര്‍മ്മ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സംവിധായകനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
‘ഒരു മകളെ വളരെയധികം സ്‌നേഹിക്കുന്ന ഒരു പിതാവിന്റെ, അമൃത- മാരുതി റാവു തലമുറകളുടെ കഥയെ അടിസ്ഥാനമാക്കിയുള്ള ഹൃദയഭേദകമായ സിനിമയാണിത്’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാം ഗോപാല്‍ വര്‍മ്മ പോസ്റ്റര്‍ പുറത്തുവിട്ടത്.
പിതാവിന്റെ അമിതമായ സ്‌നേഹത്തില്‍ നിന്നാണ് പിന്നീട് ഉണ്ടായ സംഭവങ്ങള്‍ എന്നാണ് സംവിധായകന്റെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
2018 സെപ്റ്റംബര്‍ 14 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. തെലങ്കാനയിലെ നാല്‍കൊണ്ട ജില്ലയിലെ മിര്‍യല്‍ഗൊണ്ടയില്‍ വെച്ചായിരുന്നു പ്രണയിയെ അമൃതയുടെ അച്ഛനും അമ്മാവനും കൊടുത്ത ക്വട്ടേഷന്‍ പ്രകാരം അക്രമി വെട്ടിക്കൊന്നത്. 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നു അതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ജ്യോതി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയിയെ പുറകില്‍ നിന്നും വെട്ടിയത്. വെട്ടേറ്റു നിലത്തുവീണ പ്രണയിയിനെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നത് ആശുപത്രിയുടെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
വ്യത്യസ്ത ജാതിയില്‍പ്പെട്ട അമൃതയും പ്രണയും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം ചെയ്തത്. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
ഭര്‍ത്താവിനെ വെട്ടിക്കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങി അമൃത വര്‍ഷിണി രംഗത്തെത്തിയിരുന്നു.. ”ജസ്റ്റിസ് ഫോര്‍ പ്രണയ്” എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയായിരുന്നു പൊതുജനത്തിന്റെ സഹായത്തോടെ അമൃത പോരാട്ടത്തിനൊരുങ്ങിയത്.
അമൃതയുടെ അച്ഛന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ