കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മെഡിക്കല്‍ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ വീഴ്ചവരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും സി.ബി.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് രണ്ട് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലും നേരത്തെ സന്ദീപ് ഘോഷിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ സന്ദീപ് ഘോഷ് ഉള്‍പ്പടെയുള്ള മൂന്ന് പേരെ എട്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആഗസ്ത് 9ന് കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം സന്ദീബ് ഘോഷ് പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെച്ചിരുന്നു.
അതേ സമയം ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായുള്ള മുഖ്യമന്ത്രി മമതബാനര്‍ജിയുടെ ചര്‍ച്ച മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച തത്സമയം സ്ട്രീമിങ്ങ് ചെയ്യാനോ റെക്കോര്‍ഡ് ചെയ്യാനോ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യത്തില്‍ തട്ടിയാണ് ചര്‍ച്ച മുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അപ്രതീക്ഷിതമായി സമരപ്പന്തലിലേക്ക് മമത എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നത്.
content highlights: RG Kar Medical College doctor’s murder; The former principal and the police officer were arrested by the CBI. Arrested