കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ബംഗാൾ സർക്കാരിന്റെ ഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. കുറ്റവാളിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹരജി കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച രാവിലെ തള്ളി.
അതേസമയം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) സമർപ്പിച്ച സമാനമായ ഹരജി ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് ഷബ്ബാർ റാഷിദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചിട്ടുണ്ട്. സി.ബി.ഐയുടെ അപ്പീലില്‍ പ്രതി സഞ്ജയ് റോയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ബലാത്സംഗ, കൊലപാതക കുറ്റകൃത്യങ്ങളുടെ അന്വേഷണ ഏജൻസി എന്ന നിലയിൽ, കേസിൽ ഹരജി ഫയൽ ചെയ്യാൻ സി.ബി.ഐക്ക് മാത്രമേ അവകാശമുള്ളൂവെന്നും അത്തരമൊരു ഹരജി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സി.ബി.ഐയുടെ ഹരജിയിൽ വിധി പറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് കൊൽക്കത്തയിലെ പ്രത്യേക കോടതി സഞ്ജയ് റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കുറ്റകൃത്യത്തെ ‘അപൂർവങ്ങളിൽ അപൂർവം’ ആയി കണക്കാക്കാൻ കഴിയില്ലെന്നും അതിനാൽ കുറ്റവാളിക്ക് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി പ്രത്യേക കോടതി ജഡ്ജി അനിർബൻ ദാസ് നിരീക്ഷിച്ചു.
തുടർന്ന്, പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാരും പിന്നീട് സി.ബി.ഐയും കോടതിയെ സമീപിച്ചു. അതേസമയം, അത്തരമൊരു അപ്പീൽ നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അധികാരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
2024 ആഗസ്റ്റ് ഒമ്പതാം തീയതിയാണ് ആര്‍. ജി. കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Content Highlight: RG Kar: HC rejects admissibility of Bengal govt’s plea seeking death penalty for convict