ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജ്; ഭാഗികമായി സമരം പിന്‍വലിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
national news
ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജ്; ഭാഗികമായി സമരം പിന്‍വലിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2024, 8:03 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജില്‍ വനിത ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 41 ദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന പണിമുടക്ക് സമരം ഭാഗികമായി പിന്‍വലിച്ചു.

സമരക്കാരുടെ ചില ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിയന്തിര, അവശ്യ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കും.

എന്നാല്‍ ആശുപത്രികളിലെ ഒ.പി. വിഭാഗങ്ങളില്‍ നടന്നു വരുന്ന പണിമുടക്ക് തുടരും. ബംഗാളിലെ വെള്ളപ്പൊക്ക ബാധിതര്‍ക്കുള്ള വൈദ്യ സഹായവും ഉറപ്പാക്കുമെന്നും സമരക്കാര്‍ അറിയിച്ചു. ശനിയാഴ്ചയോടെ സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ ഭാഗികമായി ജോലിയില്‍ പ്രവേശിക്കും.

സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കുന്നതിനായി തങ്ങള്‍ ഒരാഴ്ച കാത്തുനില്‍ക്കുമെന്നും ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സമരം വീണ്ടും പൂര്‍ണമായ പണിമുടക്കിലേക്ക് പ്രവേശിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും ചീഫ് സെക്രട്ടറിയുമായി നേരിട്ടും സമരക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവയെല്ലാം പരാജയമായിരുന്നു.

പിന്നാലെ ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യഭവന് മുന്നില്‍ സമരം 41 ദിവസമായി തുടര്‍ന്ന് പോകുകയും ചെയ്തു. ഇതിനിടെ സ്വാസ്ഥ്യ ഭവന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച ടെന്റുകളും മുളവടികളും പെഡസ്റ്റല്‍ ഫാനുകളുമെല്ലാം പൊലീസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

സമരപ്പന്തല്‍ നിര്‍മിക്കാനെത്തിയ തൊഴിലാളികളെ സര്‍ക്കാര്‍ പ്രതിനിധികള്‍ സമ്മര്‍ദത്തിലാക്കി പിന്തിരിപ്പിച്ചു എന്നും സമരക്കാര്‍ പരാതി ഉന്നയിച്ചിരുന്നു. തങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലൊന്നും തങ്ങള്‍ക്ക് സമരം ചെയ്യാന്‍ ഇത്തരം സൗകര്യങ്ങളൊന്നും ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയിലും സര്‍ക്കാറുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

content highlights: RG kaar Medical College; Junior doctors have partially withdrawn their strike