അമേരിക്കന്‍ പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഹാള്‍ ഓഫ് ഫെയി (Hall of Fame)മിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സൂപ്പര്‍ താരം റേ മിസ്റ്റീരിയോ (Rey Mysterio).
ഹാള്‍ ഓഫ് ഫെയിം ക്ലാസ് ഓഫ് 2023ലെ ആദ്യ ഇന്‍ഡക്ഷനായാണ് റേ മിസ്റ്റീരിയോയെ തെരഞ്ഞെടുത്തത്. മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരവും മാനേജറുമായ കോന്നന്‍ (Konnan) ആണ് റേ മിസ്റ്റീരിയോയെ ഹാള്‍ ഓഫ് ഫെയിമറായി പ്രഖ്യാപിച്ചത്.
നിലവില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഏറ്റവും വിശ്വസ്തനായ ഈ ഹൈ ഫ്‌ളയര്‍ ഇന്‍ റിങ് ആക്ഷനിലും സജീവമാണ്. 2023 റെസില്‍മാനിയയില്‍ സ്വന്തം മകന്‍ ഡൊമനിക് മിസ്റ്റീരിയോക്കെതിരെ ഒരു മാച്ചില്‍ താരം കളിക്കുമെന്ന റൂമറുകളും സജീവമാണ്.
ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ 243ാം ഇന്‍ഡക്ഷനായാണ് ഈ ലൂച്ചഡോര്‍ റെസ്‌ലര്‍ ഹാള്‍ ഓഫ് ഫെയിമിലെത്തുന്നത്. എന്നാല്‍ റെസ്‌ലിങ് കരിയറിനോട് വിട പറയും മുമ്പ് ഹാള്‍ ഓഫ് ഫെയിം ക്ലാസിലെത്തിയ മൂന്നാമത് മാത്രം താരം എന്നതാണ് റേ മിസ്റ്റീരിയോയുടെ നേട്ടത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്.
2008ലും 2018ലുമാണ് ഇതിന് മുമ്പ് ആക്ടീവ് റെസ്‌ലേഴ്‌സ് ഹാള്‍ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2008ല്‍ ഇതിഹാസ താരമായ റിക് ഫ്‌ളെയറും (Ric Flair) 2018ല്‍ സൂപ്പര്‍ താരം ഗോള്‍ഡ്‌ബെര്‍ഗു (Goldberg)മാണ് ഇന്‍ റിങ്ങില്‍ സജീവമായിരിക്കെ ഹാള്‍ ഓഫ് ഫെയിമിലേക്ക് നടന്നുകയറിയത്.
1989ല്‍ തന്റെ 14ാം വയസിലാണ് റേ മിസ്റ്റീരിയോ എന്ന ഓസ്‌കാര്‍ ഗൂറ്റിയറസ് റെസ്‌ലിങ്ങിലേക്ക് തിരിയുന്നത്. തന്റെ അങ്കിളായ റേ മിസ്റ്റീരിയോ സീനിയറിന് കീഴില്‍ ലൂച്ചാ ലീബ്രേറ്റ് റെസ്‌ലിങ് അഭ്യസിച്ച റേ മിസ്റ്റീരിയോ 1992ല്‍ ട്രിപ്പിള്‍ എ (AAA, Asistencia Asesoría y Administración)യിലൂടെ പ്രൊഫഷണല്‍ റെസ് ലിങ് രംഗത്തേക്ക് കാലെടുത്ത് വെച്ചു.
ശേഷം എക്‌സ്ട്രീം ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ് എന്ന ഇ.സി.ഡബ്ല്യൂ (Extreme Championship Wrestling, ECW), വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ് അഥവാ ഡബ്ല്യൂ.സി.ഡബ്ല്യൂ (World Championship Wrestling, WCW) തുടങ്ങി ചെറുതും വലതുമായ നിരവധി പ്രൊമോഷനുകളുടെ ഭാഗമായതിന് ശേഷമാണ് 2002ല്‍ താരം ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമാവുന്നത്.
മികച്ച ക്യാരക്ടര്‍ ഡെവലപ്‌മെന്റും സ്റ്റോറി ലൈനുമായിരുന്നു മിസ്റ്റീരിയോക്ക് ഡബ്ല്യൂ.ഡബ്ല്യൂ.ഇ നല്‍കിയത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഹീല്‍ ടേണ്‍ ആകാത്ത അപൂര്‍വം ക്യാരക്ടറുകളിലൊന്നുകൂടിയാണ് റേ മിസ്റ്റീരിയോയുടേത്.
ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഒട്ടുമിക്ക ടൈറ്റിലുകളും റേ സ്വന്തമാക്കിയിട്ടുണ്ട്. വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാമ്പ്യന്‍ഷിപ്പ്, ക്രൂസര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ്, സ്മാക് ഡൗണ്‍ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി എല്ലാ ടൈറ്റിലും സ്വന്തമാക്കിയ റേ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനുമായിട്ടുണ്ട്.
2006ലെ റോയല്‍ റംബിള്‍ ജേതാവായ റേ മിസ്റ്റീരിയോ, മകന്‍ ഡൊമനിക്കിനൊപ്പമാണ് സ്മാക് ഡൗണ്‍ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഒരു അച്ഛന്‍ – മകന്‍ കോംബോ ഇത്തരത്തില്‍ ടാഗ് ടീം ടൈറ്റിലുകള്‍ സ്വന്തമാക്കുന്നത്.
2015ല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ വിട്ട റേ മിസ്റ്റീരിയോ ട്രിപ്പിള്‍ എയിലേക്കും ഇന്‍ഡിപെന്‍ഡന്റ് സര്‍ക്യൂട്ടിലേക്കും തിരികെ പോയിരുന്നു. ലൂച്ചാ അണ്ടര്‍ഗ്രൗണ്ടിലും (Lucha Underground) ന്യൂ ജപ്പാന്‍ പ്രോ റെസ്‌ലിങ്ങിലു (New Japan Pro Wrestling, NJPW)മായി മൂന്ന് വര്‍ഷക്കാലം കഴിച്ച റേ 2018 റോയല്‍ റംബിളിലൂടെയായിരുന്നു ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലേക്കുള്ള രണ്ടാം വരവ് നടത്തിയത്.