ജിദ്ദ: കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉപരോധം തുടങ്ങിയ കാലഘട്ടത്തില്‍ ഖത്തറിനെതിരെ സൗദിയും യു.എ.ഇയും യുദ്ധത്തിനൊരുങ്ങിയിരുന്നതായി അന്വേഷണാത്മക വെബ്‌സൈറ്റായ ദ ഇന്റര്‍സെപ്റ്റിന്റെ റിപ്പോര്‍ട്ട്. യു.എ.ഇ പിന്തുണയോടെ കരമാര്‍ഗം സൗദിസേന ഖത്തറില്‍ പ്രവേശിക്കാനും ദോഹ പിടിച്ചെടുക്കാനുമായിരുന്നു പദ്ധതി. യു.എസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണാണ് ഇത് തടഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെയും രണ്ട് മുന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇന്റര്‍സെപ്റ്റിന്റെ കണ്ടെത്തല്‍ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ പട്ടാളം ക്യാമ്പ് ചെയ്യുന്ന അല്‍ ഉദൈദ് എയര്‍ബേസ് ഒഴിവാക്കി ദോഹ കീഴടക്കാനായിരുന്നു പദ്ധതി. മിഡിലീസ്റ്റിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക ബേസാണ് അല്‍ ഉദൈദ്.
സൗദിയിലുള്ള ഖത്തര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ നിന്നാണ് സൗദിയുടെ നീക്കത്തെ കുറിച്ച് ടില്ലേഴ്‌സണ്‍ അറിയുന്നതെന്നും പദ്ധതിയെ കുറിച്ച് ഖത്തര്‍ ഇക്കാര്യം ദോഹയിലെ അമേരിക്കന്‍ എംബസിയെ അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ടില്ലേഴ്‌സന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറിയത്. ടില്ലേഴ്‌സന്റെ ഈ നീക്കം അബൂദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സായിദിനെ ചൊടിപ്പിച്ചെന്നും പിന്നീട് ടില്ലേഴ്‌സണെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ടില്ലേഴ്‌സണെ പുറത്താക്കിയതിന് പിന്നില്‍ സൗദിയുടെയും യു.എ.ഇയുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഖത്തറിനെതിരായി നീണ്ടകാലത്തെ ശത്രുതയുണ്ട് മുഹമ്മദ് ബിന്‍ സായിദിന്. യു.എ.ഇ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരിക്കെ 1996ല്‍ ഖത്തറിനെതിരെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തെ പിന്തുണച്ചിരുന്നു.
തന്നെ പുറത്താക്കി മൈക്ക് പോംപിയോവിനെ നിയമിച്ചതിന് ശേഷം ടില്ലേഴ്‌സണ്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖമൊന്നും നല്‍കിയിരുന്നില്ല. ഖത്തര്‍ ഉപരോധമടക്കം ട്രംപുമായി ടില്ലേഴ്‌സണ് എതിരഭിപ്രായമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.