ഹരിയാന: റിവാരി കൂട്ടബലാത്സംഗക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. നിഷു ഫോഗട്ട് എന്നയാളാണ് അറസ്റ്റിലായതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
നിഷു ഫോഗട്ടാണ് കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്നും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായപ്പോള്‍ ഡോക്ടറെ വിളിച്ചതും ഇയാളാണെന്നും പൊലീസ് പറഞ്ഞു. സൈനികനടക്കമുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി റെയ്ഡുകള്‍ നടക്കുകയാണെന്നും എസ്.ഐ.ടി മേധാവി നസ്‌നീന്‍ ഭാസിന്‍ അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്ന സ്ഥലത്തിന്റെ ഉടമയേയും പെണ്‍കുട്ടിയെ പരിേശാധിച്ച ഡോക്ടറുമാണ് അറസ്റ്റ് ചെയ്തിരുന്നത്.
പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പീഡനം നടന്ന വിവരം അധികൃതരെ അറിയിച്ചില്ലെന്നും വേണ്ട നിയമനടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് അറസ്റ്റ്. ഡോക്ടറും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നതിന്റെ സൂചനകളുണ്ട്. ഫോറന്‍സിക് പരിശോധനക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
സി.ബി.എസ്.ഇ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി രാഷ്ട്രപതിയുടെ മെഡല്‍ നേടിയ 19കാരിയെ കോച്ചിങ് ക്ലാസില്‍ പോകുംവഴി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം വേണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. “എന്റെ മകളുടെ മാനത്തിന്റെ വിലയാണോ ഇത്, ഞങ്ങള്‍ക്ക് പണമല്ല വേണ്ടത്, നീതിയാണ്” എന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.