| Wednesday, 20th July 2016, 9:25 am

ബംഗ്ലാദേശില്‍ തീവ്രവാദം ഉപേക്ഷിക്കുന്നവര്‍ക്ക് പ്രതിഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക:  ബംഗ്ലാദേശില്‍ തീവ്രവാദം ഉപേക്ഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് സര്‍ക്കാര്‍. ബംഗ്ലാദേശ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ബേനസീര്‍ അഹമ്മദാണ് പ്രഖ്യാപനം നടത്തിയത്. 10 ലക്ഷം ടാക്ക (8.6 ലക്ഷം രൂപ)യാണ് പ്രതിഫലം നല്‍കുക. തീവ്രവാദികളെ കുറിച്ചും തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിലെ ബോഗ്രയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് സര്‍ക്കാരിന്റെ വാഗ്ദാനത്തെ കുറിച്ച് ബംഗ്ലാദേശ് ദ്രുതകര്‍മ സേന ഡയറക്ടര്‍ ജനറല്‍ പ്രഖ്യാപനം നടത്തിയത്.

ബംഗ്ലാദേശിലെ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തുടച്ചു മാറ്റുമെന്ന് ബേനസീര്‍ പറഞ്ഞു. വിവിധ ജില്ലകളിലുള്ള തീവ്രവാദി പരിശീലനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടന്നുവരികയാണെന്നും ബേനസീര്‍ പറഞ്ഞു. പോലീസും ദ്രുതകര്‍മസേനയും എട്ടു സംഘങ്ങളായാണ് പരിശോധന നടത്തുന്നതെന്നും ബേനസീര്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ഭീകരവാദം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പദ്ദതി.

We use cookies to give you the best possible experience. Learn more