പാലക്കാട് : വാളയാർ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചന ഉണ്ടായിരുന്നെന്ന് ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.പി.കുമാരൻകുട്ടി ആരോപിച്ചു. വാളയാർ കേസ് നീതിരഹിതമായി അന്വേഷിച്ചതിനെതിരെയും അട്ടപ്പാടിയിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെയും, മർദ്ദക നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയും റവല്യൂഷണറി യൂത്ത് പാലക്കാട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ യുവജന മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്താകെ സ്വതന്ത്ര ചിന്തക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായി നടക്കുന്ന ഭരണകൂടാക്രമണത്തിന്റെ ഭാഗം തന്നെയാണ് എൽഡിഎഫ് സർക്കാർ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും രണ്ടു വിദ്യാർത്ഥികളുടെ പേരിൽ യുഎപിഎ ചുമത്തിയതും. കേന്ദ്രത്തിലെ സംഘപരിവാർ ഭരണത്തിന് ലജ്ജാകരമായ രീതിയിൽ കീഴടങ്ങുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്നും അഡ്വ.പി.കുമാരൻകുട്ടി ചൂണ്ടികാണിച്ചു.
റവല്യൂഷണറി യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹരിദാസൻ അംബാൾ , സംസ്ഥാന സെക്രട്ടറി സഫീർ നാലകത്ത് റവല്യൂഷണറി യൂത്ത് സംസ്ഥാന നേതാവ് ടി.കെ.സിബി, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ജെ.മോൺസി, കെ.പി.പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗമായ രാധാകൃഷ്ണൻ മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു. പാലക്കാട് കോട്ട മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ചിന് റവല്യൂഷണറി യൂത്ത് നേതാക്കളായ മനീഷ് വള്ളിക്കാട്, ജംഷീർ നെല്ലിക്കോട്, കെ.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.