റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയത്ത് നടത്തിയ പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഇടതുക്ഷ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ.എസ് ഹരിഹരന്‍ ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു…
എസ്സേയ്‌സ് / കെ.എസ് ഹരിഹരന്‍
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സുപരിചിതമായ പേരാണ് ഇടതുപക്ഷ ഏകോപനസമിതി എന്നത്. സി.പി.ഐ.എമ്മിന്റെ കോട്ടയം സംസ്ഥാനസമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയവരും പുറത്താക്കപ്പെട്ടവരും അതിനുമുമ്പ് മലപ്പുറം സംസ്ഥാനസമ്മേളനത്തിനു പിന്നാലെ വെട്ടിനിരത്തപ്പെട്ടവരും യോജിച്ച് രൂപം നല്‍കിയ സംഘടനയാണിത്. സി.പി.ഐ.എം വിട്ടവര്‍ വിവിധ പ്രദേശങ്ങളില്‍ സ്വമേധയാ രൂപം നല്‍കിയ വിവിധ സംഘടനകള്‍, അധിനിവേശപ്രതിരോധസമിതി, കമ്മ്യൂണിസ്റ്റ് ക്യാമ്പയിന്‍ കമ്മറ്റി, ജനകീയ വികസനസമിതി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തുടങ്ങിയ ചെറു സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് രൂപപ്പെടുത്തിയ സംഘടനയാണ് ഇടതുപക്ഷഏകോപനസമിതി.[]
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ രൂപം നല്‍കിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഈ സംഘടനയുടെ നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും തോല്‍പ്പിച്ച് ഒഞ്ചിയം പഞ്ചായത്തില്‍ തനിച്ച് വിജയിക്കുകയും സമീപപഞ്ചായത്തുകളായ ഏറാമല, അഴിയൂര്‍, ചോറോട് എന്നിവിടങ്ങളില്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കുകയും ചെയ്ത റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭാതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനപ്പുറം ഒഞ്ചിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രദ്ധേയമാകുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പാതയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടുകൂടിയാണ്.
റിവിഷനിസത്തിനെതിരെ
കേരളത്തിലും ഇന്ത്യയിലും സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും പുറത്തുപോയിട്ടുണ്ട്. പോയവരില്‍ ബഹുഭൂരിപക്ഷവും അധികാരോന്‍മുഖമായ പാതയിലേക്കാണ് സഞ്ചരിച്ചത്. പലരും കോണ്‍ഗ്രസ് അടക്കമുള്ള വലതുപാര്‍ട്ടികളിലേക്ക് ചേക്കേറി. എം.എല്‍.എമാരും മന്ത്രിമാരും ബോര്‍ഡ് ചെയര്‍മാന്‍മാരുമൊക്കെയായി. പ്രവര്‍ത്തകര്‍ പലരും ലീഗിലും കോണ്‍ഗ്രസിലും സി.എം.പിയിലും ജെ.എസ്.എസിലുമൊക്കെ തമ്പടിച്ചു. ഇക്കാരണത്താല്‍തന്നെ സിപിഐഎം വിട്ടുപോകുന്നവരെല്ലാം അവസരവാദികളും അധികാരമോഹികളും ആണെന്ന പ്രതീതി കേരളത്തില്‍ പ്രബലമാണ്. തീര്‍ച്ചയായും വളര്‍ച്ചയുടെ തുടക്കത്തില്‍ ഇടതുപക്ഷ ഏകോപനസമിതിയ്ക്കും ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.
തലയുയര്‍ത്തിപ്പിടിച്ച് വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമി ല്ലാതെയാണ് ഞങ്ങളുടെ യാത്ര. ഇത് ഒരു കമ്യൂണിസ്റ്റ് ബദലിനുവേണ്ടിയുള്ള യാത്രയാണ്. ഞങ്ങളുടെ മൂലധനം വര്‍ഗ്ഗബോധവും പോരാട്ടവീര്യവും മാത്രമാണ്.
സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ വലതുപക്ഷ പാളയത്തിലേക്കു ചേക്കേറാനുള്ള നീക്കം നടത്തിയെന്നത് മറക്കുന്നില്ല. പക്ഷേ ആ വ്യതിയാനത്തെ യഥാസമയം തന്നെ നിരാകരിച്ച് ജനറല്‍സെക്രട്ടറിയായിരുന്ന എം ആര്‍ മുരളിയെ സംഘടനയില്‍നിന്ന് നീക്കിയാണ് ഇടതുപക്ഷഏകോപനസമിതി മുന്നോട്ടു പോയത്. സി.എം.പിയും ജെ.എസ്.എസ്സും ആര്‍.എസ്.പിയും സി.പി.ഐ.എമ്മും ഒക്കെ പല ഘട്ടങ്ങളില്‍ ഇടതുപക്ഷ ഏകോപനസമിതിയെ തങ്ങളുടെ പാളയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവയെല്ലാം ഞങ്ങള്‍ നിസ്സംശയം നിരാകരിച്ചിട്ടുമുണ്ട്.
ഇടതുപക്ഷ ഏകോപനസമിതിയുടെ നട്ടെല്ലായ ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാസമ്മേളനം ഫെബ്രുവരി 25,26,27 തിയതികളില്‍ ചേരുകയാണ്. ഇതിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് 13.02.2012 തിങ്കളാഴ്ച തുടക്കംകുറിച്ചു. ജനതാദള്‍ (സോഷ്യലിസ്റ്റ്) സംസ്ഥാനപ്രസിഡണ്ട് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്ത “മതനിരപേക്ഷ ഇന്ത്യ സാദ്ധ്യതയും പരിമിതിയും” എന്ന സെമിനാറില്‍ സി.പി.ഐ നേതാവ് ബിനോയ്‌വിശ്വം, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, അധിനിവേശപ്രതിരോധസമിതി സെക്രട്ടറി ഉമേഷ്ബാബു കെ.സി, ടിപി ചന്ദ്രശേഖരന്‍, കെ.എസ് ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞത് തന്റെ പ്രഭാഷണത്തിനിടെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം നടത്തിയ സ്‌നേഹപൂര്‍ണ്ണമായ ഒരു അഭ്യര്‍ത്ഥനയാണ്. ഇങ്ങനെ ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചുനില്‍ക്കാതെ സി.പി.ഐയുടെ ഭാഗമായി മാറാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹപ്രകടനം. “”ഞങ്ങള്‍ കുറേക്കൂടി ഇടത്തോട്ടു നീങ്ങാനാണ് ആഗ്രഹിക്കുന്നത് എന്ന് അപ്പോള്‍ തന്നെ ഇടതുപക്ഷ ഏകോപനസമിതി അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ ബിനോയ് വിശ്വത്തിനു മറുപടി നല്‍കി. തുടര്‍ന്ന് ചില വാര്‍ത്താമാധ്യമങ്ങള്‍ നടത്തിയ ചര്‍ച്ചയിലും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സി.പി.ഐയിലോ സി.പി.ഐ.എമ്മിലോ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടി പി ചന്ദ്രശേഖരന്‍ കൃത്യമായി നിലപാട് വെളിപ്പെടുത്തി.
സി.പി.ഐയും സി.പി.ഐ.എമ്മും തമ്മില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാനസമ്മേളനങ്ങളുടെ ഭാഗമായി രൂപപ്പെട്ടിട്ടുള്ള സൗന്ദര്യപ്പിണക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കല്‍പിച്ചതെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഈ സെമിനാറില്‍ പങ്കെടുക്കാന്‍ സി.പി.ഐ.എമ്മിന്റെ നേതാവ് അഡ്വ. ഇ.കെ നാരായണനെയും ക്ഷണിച്ചിരുന്നെങ്കിലും പാര്‍ട്ടിവിലക്കിയതിനാല്‍ അദ്ദേഹത്തിനു പങ്കെടുക്കാന്‍ സാധിക്കാതെ വരികയാണുണ്ടായത്. എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെയും പ്രാതിനിധ്യം സെമിനാറില്‍ വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടായിരുന്നു ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചത്.
മൂന്നാം പാത
സി.പി.ഐ.എം വിട്ടാല്‍ സി.പി.ഐയിലേക്ക് ചേരുന്നത് വിപ്ലവകരമായ കാര്യമാണ് എന്ന് കരുതാനുള്ള മൗഢ്യമൊന്നും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനില്ല. 1964ല്‍ സി.പി.ഐയിലെ റിവിഷനിസത്തിനെതിരെ ഒരു ദശകത്തിലേറെ നീണ്ട ഉള്‍പ്പാര്‍ട്ടി സമരത്തിനൊടുവിലാണ് എ കെ ജിയും സുന്ദരയ്യയും ഇ എം എസും അടക്കമുള്ള സഖാക്കള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് പുതിയൊരു പാര്‍ട്ടിക്കും പരിപാടിക്കും രൂപം നല്‍കിയത്. സി.പി.ഐയുടെ റിവിഷനിസ്റ്റ് വ്യതിയാനത്തിനെതിരെ പോരാടിയവര്‍ രൂപപ്പെടുത്തിയ സി.പി.ഐ.എം തൊണ്ണൂറുകളുടെ ഒടുവില്‍ റിവിഷനിസത്തിലേക്ക് വഴിതെറ്റുകയും ഇന്ത്യയിലെ ഭരണവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സഹായികളായി മാറുകയും ചെയ്തു.
1964ലെ പരിപാടി 2000- മാണ്ടില്‍ തിരുവനന്തപുരത്തുചേര്‍ന്ന പ്ലീനത്തില്‍വച്ച് ഭേദഗതി ചെയ്തതോടെ വിപ്ലവപാര്‍ട്ടി എന്ന നിലപാടില്‍ നിന്ന് സി.പി.ഐ.എം പിന്‍മാറി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തില്‍ വരാന്‍ കഴിയും വിധം പാര്‍ട്ടി പരിപാടി പരിഷ്‌കരിച്ച സി.പി.ഐ.എമ്മിനകത്ത് ഉയര്‍ന്നുവന്ന ആശയസമരത്തിന്റെ ഉല്പന്നമാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അതുകൊണ്ട് സി.പി.ഐയോടും സി.പി.ഐ.എമ്മിനോടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്ന നിലയ്ക്കുള്ള സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി പാര്‍ലമെന്ററി -പാര്‍ലമെന്റേതര പാതകളെ സംയോജിപ്പിക്കുകയും ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം നടത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുന്ന സമീപനമാണ് ഇടതുപക്ഷ ഏകോപനസമിതി സ്വീകരിച്ചിരിക്കുന്നത്.
ഇക്കാരണത്താലാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ സി.പി.ഐ.എം.എല്‍ (ലിബറേഷന്‍), ലാല്‍നിഷാന്‍ ലെനിനിസ്റ്റ് പാര്‍ട്ടി(മഹാരാഷ്ട്ര), സി.പി.എം(പഞ്ചാബ്) എന്നീ പാര്‍ട്ടികളുമായി ഐക്യപ്പെട്ട് ഒരു അഖിലേന്ത്യാ ഇടതുപക്ഷ ഏകോപനസമിതിയുടെ ഭാഗമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സമരമുന്നണിയിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ സി.പി.ഐ.എമ്മില്‍ നിന്ന് വേറിട്ട് രൂപപ്പെടുന്ന സംഘടനകളും വന്നുചേരുന്നുണ്ട്. 2011 ഒക്‌ടോബറില്‍ ജലന്ധറില്‍ ചേര്‍ന്ന അഖിലേന്ത്യാ ഇടതുപക്ഷ ഏകോപനസമിതി കണ്‍വെന്‍ഷനില്‍ പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ സി.പി.ഐ.എം വിട്ടു രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌സ് (സി.പി.ആര്‍.എം), മിഡ്‌നാപൂരിലെ ഡമോക്രാറ്റിക് സിപിഎം, അസന്‍സോളിലെ മാര്‍ക്‌സിസ്റ്റ് മഞ്ച്, മഹാരാഷ്ട്രയിലെ ഗോദാവരിപരുലേക്കര്‍ വിചാര്‍ മഞ്ച് തുടങ്ങിയ സംഘടനകളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമരപ്രസ്ഥാനങ്ങളുടെ ഒരു ഐക്യനിരയാണ്, ഒരു കമ്യൂണിസ്റ്റ് ബദലാണ് ഇടതുപക്ഷ ഏകോപനസമിതി ലക്ഷ്യമിടുന്നത്. ഈ ബദലിന്റെ സമരമുന്നണിയുടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കാനാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ളത്.
ഒഞ്ചിയവും സി.പി.ഐ.എമ്മും
ഒഞ്ചിയത്തുള്‍പ്പെടെ ആയിരക്കണക്കിന് സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളുമ്പോള്‍ ശക്തമായ ഒരിടതുപക്ഷ ബദലിന് രൂപം നല്‍കുംവിധം ഒരു പുതിയ പ്രസ്ഥാനം പിറക്കുമെന്ന് സി.പി.ഐ.എം നോതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. സി.പി.ഐ.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ആക്രോശങ്ങളും ആക്രമണപരമ്പരകളും നുണപ്രചരണങ്ങളും കൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളാം എന്നാണ് സി.പി.ഐ.എം നേതൃത്വം കരുതിയത്. കണ്ണൂരില്‍നിന്നുള്ള വാടകക്കൊലയാളി സംഘങ്ങള്‍ പുതിയ പ്രസ്ഥാനത്തിന്റെ നേതാക്കളെ കൊല്ലാന്‍ ലക്ഷ്യമിട്ട് ഒഞ്ചിയത്ത് സദാ റോന്തുചുറ്റിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
ഒഞ്ചിയം സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത് ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിനുറുക്കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. 2009 നവംബര്‍ ആറിന് ഉച്ചക്ക് ഒന്നരക്ക് കണ്ണൂക്കരബസാറില്‍ നടുറോഡിലിട്ട് 16വെട്ടുവെട്ടി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് സഖാവിന്റെ ജീവനെടുക്കാനായില്ല. വെട്ടേറ്റ് മരണത്തോട് മല്ലടിച്ച ജയരാജന്‍ ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡണ്ടായി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുത്തു. മരണത്തെ തോല്പിച്ചാണ് ജയരാജന്‍ ഈ സ്ഥാനത്തെത്തിയത്.
2010 മാര്‍ച്ച് 19ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ കെ ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന കെ കെ ജയന്‍ തലനാരിഴക്കാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത് നിരവധി സഖാക്കള്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിരിക്കുന്നു. നൂറുകണക്കിന് പേര്‍ കള്ളക്കേസില്‍ പ്രതികളായിട്ടുണ്ട്. നുണപ്രചരണങ്ങള്‍ ഭീഷണി, തൊഴില്‍ നിഷേധം, എന്തിന് കല്യാണം മുടക്കല്‍വരെ റവല്യൂഷണറിക്കാര്‍ക്കെതിരെ സിപിഐഎം പ്രയോഗിച്ചിട്ടുണ്ട്.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെട്ട നാളുകളില്‍പോലും ഇത്രയേറെ ആക്രമണങ്ങള്‍ ആദ്യപഥികരായ സഖാക്കള്‍ക്ക് നേരിടേണ്ടിവന്നിരിക്കില്ല. അവയെല്ലാം പ്രതിരോധിച്ച് എല്‍ഡിഎഫ് ഭരണകാലത്തെ പോലീസിന്റെയും ക്രിമിനല്‍ സംഘങ്ങളുടെയും കൂട്ടായ ആക്രമണങ്ങളെ ഒറ്റക്ക് ചെറുത്തു തോല്പിച്ചാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പുതിയ ചരിത്രമെഴുതുന്നത്.
സമീപകാലത്ത് സ്‌നേഹപൂര്‍വ്വം അടുത്തെത്തുന്ന സുഹൃത്തുക്കള്‍ക്കും ഇപ്പോഴും തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്കും ഇടയിലൂടെ തലയുയര്‍ത്തിപ്പിടിച്ച് വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമില്ലാതെയാണ് ഞങ്ങളുടെ യാത്ര. ഇത് ഒരു കമ്യൂണിസ്റ്റ് ബദലിനുവേണ്ടിയുള്ള യാത്രയാണ്. ഞങ്ങളുടെ മൂലധനം വര്‍ഗ്ഗബോധവും പോരാട്ടവീര്യവും മാത്രമാണ്.