ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടു
World News
ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2024, 9:34 pm

ടെഹ്‌റാന്‍: ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗോലെസ്ഥാന്‍ പ്രവിശ്യയിലെ നിനീവ ബ്രിഗേഡിന്റെ കമാന്‍ഡറായ ജനറല്‍ ഹമീദ് മസന്ദറാണി പൈലറ്റ് ഹമദ ജന്ദഗി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇറാനിയന്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിര്‍കാന്‍ എന്ന നഗരത്തിന് സമീപമാണ് അപകടം.

എന്നാല്‍ അപകടത്തിന്റെ മറ്റ് വിശദാംശങ്ങള്‍ സേന പുറത്ത് വിട്ടിട്ടില്ല.

അതേസമയം റോട്ടര്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഹെലികോപ്റ്ററിനോട് സാമ്യമുള്ള ഓട്ടോറഗയാണ് അപകടത്തില്‍ പെട്ടെതെന്ന് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. താരതമ്യേന ഹെലികോപ്റ്ററിനെക്കാള്‍ വലുപ്പത്തില്‍ ചെറുതുമായ ഓട്ടോഗിറോ പ്രധാനമായും പൈലറ്റ് പരിശീലനത്തിനും അതിര്‍ത്തി നിരീക്ഷണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇറാന്‍ സേനയില്‍ ഇവ സര്‍വസാധാരണയായി ഉപയോഗിക്കാറുണ്ട്.
ഒരേസമയം രണ്ട് ആളുകളെ ഇവയില്‍ വഹിക്കാനാകും.

ഒക്ടോബര്‍ 26ന് ഭീകരരുമായുണ്ടായ ആക്രമണത്തില്‍ 10 ഇറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പൊലീസ് ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

ഐ.ആര്‍.ജി.സിയും ബലൂച്ച് ന്യൂനപക്ഷത്തില്‍ നിന്നുള്ള വിമതരും റാഡിക്കല്‍ സുന്നി ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പ്രവിശ്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജനറല്‍മാര്‍ കൊല്ലപ്പെട്ടത്.

ഈ വര്‍ഷം മെയ് 19ന് മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം അന്നത്തെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയനും മറ്റ് ആറ് പേരും കൊല്ലപ്പെട്ടിരുന്നു.

Content Highlight: Revolutionary Guard chief killed in helicopter crash in Iran