| Sunday, 1st September 2024, 4:39 pm

വയനാടന്‍ ടൂറിസത്തിന്റെ പുനരുജ്ജീവനം; നേതാക്കളുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാടന്‍ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി കേരള കോണ്‍ഗ്രസ് നേതാക്കളുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവും മുന്‍ വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി.

മൂന്നിലധികം പേരുടെ മരണത്തിനിടയാക്കിയ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ജില്ലയെ സാരമായി ബാധിച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ നേതാക്കള്‍ സംസാരിക്കുകയുണ്ടായി.

ജില്ലയിലെ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കുന്നതിനും വയനാട് അപകടകരമായ സ്ഥലമാണെന്ന ധാരണ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയത്. ഈ ലക്ഷ്യത്തിന് വേണ്ടി നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി എല്ലാ സമുദായങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള ആളുകള്‍ ഒത്തുചേരുന്നത് സന്തോഷകരമാണെന്നും രാഹുല്‍ പറയുകയുണ്ടായി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്. വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

വയനാട്ടിലെ ഒരു പ്രത്യേക പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തം ജില്ലയെ മുഴുവനായും ബാധിച്ചിട്ടില്ല. വയനാട് അതിമനോഹരമായ ഒരു സ്ഥലമായി ഇപ്പോഴും തുടരുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള സഞ്ചാരികളെയും സ്വാഗതം ചെയ്യാന്‍ വയനാട് അതിവേഗത്തില്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

മുമ്പ് എങ്ങനെയാണോ ഒത്തുചേര്‍ന്നത്, സമാനമായി വയനാട്ടിലെ സഹോദരങ്ങള്‍ക്കായി നമുക്ക് ഒന്നിക്കാമെന്നും രാഹുല്‍ പറയുകയുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ചേര്‍ന്നിരുന്നു.

വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനായി സെപ്റ്റംബര്‍ മാസത്തില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിങ് പ്രചരണവും നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്.

മുണ്ടക്കൈ ദുരന്തത്തില്‍ 365 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. മരണപ്പെട്ടവരില്‍ തിരിച്ചറിയാനാകാത്തവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു.

നിലവില്‍ പുറത്തുവന്ന ഡി.എന്‍.എ ഫലങ്ങളിലൂടെ, പുത്തുമലയില്‍ സംസ്‌കരിച്ച ഏതാനും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

Content Highlight: Revival of Wayanad Tourism; Rahul had a virtual meeting with the kerala congress leaders

Latest Stories

We use cookies to give you the best possible experience. Learn more