സ്വവര്‍ഗ വിവാഹ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കും: സുപ്രീം കോടതി
national news
സ്വവര്‍ഗ വിവാഹ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കും: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 12:48 pm

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലെ വാദം നവംബര്‍ 28ന് കേള്‍ക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മുമ്പാകെ ഹരജിലെ വിഷയങ്ങള്‍ പരാമര്‍ശിച്ചു. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന വാദത്തില്‍ നേരത്തെ ഹാജരായ മറ്റു നിരവധി അഭിഭാഷകരും പുനഃപരിശോധനക്കായി കോടതിയെ സമീപിച്ചിരുന്നു.

തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ഭൂരിപക്ഷം, ന്യൂനപക്ഷം എന്നതിന്റെ അടിസ്ഥാനത്തിൽ എൽ.ജി.ബി.ടി.ക്യൂ സമൂഹം പല വിധത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.

പുനഃപരിശോധനാ ഹരജികളിലൂടെ കോടതി ഇനിയും കടന്നുപോകാനുണ്ടെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന അഭിഭാഷകരുടെ ഹരജി ഉചിതമായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു.

വിവേചനത്തിലൂടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും സമത്വം നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ പരാജപെട്ടുവെന്നും പുനഃപരിശോധന ഹരജിയില്‍ പറഞ്ഞിരുന്നു. കോടതിയുടെ ഭൂരിപക്ഷ വിധി തെറ്റാണെന്നും വീണ്ടും പരിശോധിക്കേണ്ടതാണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിച്ചത്. നിയമപരമായി അംഗീകരിക്കപ്പെട്ടവ ഒഴികെയുള്ള വിവാഹങ്ങള്‍ക്ക് പല കാരണങ്ങളാലും യോഗ്യതയില്ലെന്നും നിയമപരമായ മാറ്റങ്ങള്‍ പാര്‍ലമെന്റ് പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ക്വിയര്‍ സമൂഹം തങ്ങളുടെ ലിംഗ സ്വത്വത്തിന്റെയോ ലൈംഗിക ആഭിമുഖ്യത്തിന്റെയോ പേരില്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും, ക്വിയര്‍ സമൂഹത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് സി.ജെ.ഐ (ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ) ഉത്തരവ് നല്‍കിയിരുന്നു. മനുഷ്യനില്‍ ഇവയെല്ലാം സ്വാഭാവികമായുള്ളതാണെന്നും മാനസിക വിഭ്രാന്തിയല്ലെന്നും സി.ജെ.ഐ വ്യക്തമാക്കിയിരുന്നു.

Content Highlight: Revision petition against same-sex marriage verdict to be heard: Supreme Court