സിനിമ അണിയറപ്രവര്‍ത്തകന്റെ ഭീഷണി;റിവ്യുകള്‍ നിര്‍ത്തുകയാണെന്ന് സുധീഷ് പയ്യന്നൂര്‍
Mollywood
സിനിമ അണിയറപ്രവര്‍ത്തകന്റെ ഭീഷണി;റിവ്യുകള്‍ നിര്‍ത്തുകയാണെന്ന് സുധീഷ് പയ്യന്നൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th April 2018, 11:08 am

കൊച്ചി: ഓണ്‍ലൈന്‍ സിനിമാ റിവ്യു നല്‍കിയതിന്‍റെ പേരില്‍ അണിയറപ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് തന്റെ നിരൂപണങ്ങള്‍ അവസാനിപ്പിക്കേണ്ട അവസ്ഥായാണെന്ന് സിനിമാ നിരൂപകന്‍ സുധീഷ് പയ്യന്നൂര്‍. മണ്‍സൂണ്‍ മീഡിയാസിന്റെ സിനിമാ നിരൂപണങ്ങളിലൂടെ പ്രശസ്തനായ  സുധീഷിന്റെ നിരൂപണങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്.

ഇതിനിടെയാണ് ഇനിമുതല്‍ തനിക്ക് ഇഷ്ടപ്പെടാത്ത സിനിമകള്‍ക്ക് താന്‍ നിരൂപണം നടത്തില്ലെന്ന് ഫോസ്ബുക്കിലൂടെ സുധീഷ് പ്രഖ്യാപിച്ചത്. അടുത്തിടെ ഇറങ്ങിയ സിനിമയുടെ അണിയറപ്രവര്‍ത്തകന്റെ ഭീഷണിയെ തുടര്‍ന്നാണെന്നും സുധീഷ് പറയുന്നു.

കഴിഞ്ഞവാരം ഒരു സിനിമയുടെ റിവ്യൂ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യൂട്യൂബ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. റിവ്യൂ വീണ്ടും പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിനിമയുമായി ബന്ധപ്പെട്ട ഒരാള്‍ ഫോണ്‍ ചെയതെന്നും സിനിമയ്ക്ക് നെഗറ്റീവ് റിവ്യു നല്‍കിയതിനാല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും കേസ് നല്‍കിയതായും പറഞ്ഞെന്ന് സുധീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Also Read അര്‍ജുന്‍ റെഡ്ഡിയൊക്കെ പണ്ട്, ഇപ്പോ ടാക്‌സിവാലയാ…മാസ്സ് ലുക്കുമായി വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ടീസര്‍ പുറത്ത്


ഇത്രയും കാലത്തിനിടയ്ക്കു ചെയ്ത സിനിമ റിവ്യൂകളില്‍ ഒട്ടും ഇഷ്ടപ്പെടാത്തത് എന്ന് പറഞ്ഞ സിനിമകളും വളരെ കുറവാണ്. അങ്ങനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു വലിച്ചു കീറുന്ന സ്വഭാവം സിനിമ നിരൂപണത്തില്‍ കാണിക്കാറും ഇല്ല.

എന്നാല്‍ റിവ്യൂ വീഡിയോകള്‍ ഇഷ്ടപ്പെടാത്തവര്‍ റിപ്പോര്‍ട്ട് ചെയ്യുകയും യൂടൂബ് ചാനലിന് സ്‌ട്രൈക്ക് നല്‍കുകയും ചെയ്യുന്നത് ചാനല്‍ തന്നെ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും സുധീഷ് കുറിപ്പില്‍ പറയുന്നു. ചാനലിന്റെ ഭാവി ഓര്‍ത്ത് റിവ്യൂയില്‍ നിന്ന് മാറി നില്‍ക്കുന്നതായും ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ വിശദമാക്കുന്നു.

ഇനി ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ സിനിമയുടെ റിവ്യൂ വന്നില്ലെങ്കില്‍ – ഒന്നുകില്‍ ആ സിനിമ താന്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് ഉറപ്പിക്കുക… യുദ്ധങ്ങളോട് തത്കാലം താല്പര്യം ഇല്ലെന്നും ഇതൊരു ഒളിച്ചോട്ടവും അല്ലെന്നും സുധീഷ് പറയുന്നു.


Read It ഫിലിം റിവ്യു- വര്‍ണ്ണങ്ങള്‍ വിതറുന്ന പഞ്ചവര്‍ണ്ണതത്ത


ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന ചാനല്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടേക്കാം എന്ന് ഉള്ളത് കൊണ്ടാണ്. അഥവാ അപ്പീല്‍ കൊടുത്താലും മാസങ്ങള്‍ കഴിഞ്ഞേ അതിനുള്ള ഉത്തരം കിട്ടു എന്നുള്ളതും കൊണ്ടാണ്. ഇവിടത്തെ യുട്യൂബ് സിസ്റ്റം അത്രയും മെല്ലെ ആണ് കാര്യങ്ങള്‍ നീക്കുന്നത്.. പിന്നെ മണ്‍സൂണ്‍ മീഡിയ കുറച്ചു പേരുടെ സ്വപ്നവും സന്തോഷവും ആണ്.. ഒരു തരത്തിലും ഒന്നിനെയും അവഹേളിക്കുന്ന വിധത്തിലോ, വ്യക്തിഹത്യ നടത്തുന്ന വിധത്തിലോ, മുന്‍ ധാരണയോടു കൂടിയോ ഒരു വീഡിയോ പോലും ചെയ്തിട്ടില്ലെന്നും സുധീഷ് തന്റെ പോസ്റ്റില്‍ പറയുന്നു.

സുധീഷ് പയ്യന്നൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സുഹൃത്തുക്കളെ.. ഓര്‍മ വച്ച കാലം മുതല്‍ സിനിമ കൂടെയുണ്ട്.. ചിത്രഭൂമി, വെള്ളി നക്ഷത്രം ഒക്കെ വായിച്ചു കൊണ്ടാണ് സിനിമയേക്കുറിച്ചു കേട്ടത്… സോളാര്‍ പാനല്‍ വച്ച് അയല്‍ വീടുകളില്‍ ദൂരദര്‍ശന്‍ കണ്ടാണ് സിനിമയേക്കുറിച്ചു കൂടുതല്‍ അറിഞ്ഞതും.. ഒരു പക്ഷെ, പ്ലസ് ടു പഠനം മുതല്‍ക്കാണ് സിനിമകള്‍ ഒക്കെ റിലീസ് ദിവസം തന്നെ കാണുന്നത്.. എല്ലാ നടന്മാരും പ്രീയപ്പെട്ടവര്‍ ആയിരുന്നു.. കുറച്ചധികം ഇഷ്ടം മമ്മുക്കയോടും കമലാഹാസനോടും ആയിരുന്നു അന്ന്.. ആ സമയത്തൊക്കെ സിനിമയ്ക്ക് പ്രചാരണം ആയി സ്വന്തമായി സ്‌കെച് പേന മേടിച്ചു വലിയ ബോര്‍ഡെഴുതി വച്ചിട്ടുണ്ട്… നരസിംഹത്തിന്റെ അടക്കം… അതൊക്കെ ഒരു കാലം…

ഡിഗ്രി പഠനം തൊട്ടു തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മിക്കവാറും മലയാള സിനിമകളും കൂടെ തമിഴും കാണാറുണ്ട്.. ഇഷ്ടപ്പെട്ടാല്‍ അഭിപ്രായങ്ങള്‍ പറയാറും ഉണ്ട്.. ഓണലൈന്‍ റിവ്യൂ എന്ന നിലയ്ക്ക് തന്നെ മണ്‍സൂണ്‍ മീഡിയയില്‍ റിവ്യൂ ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷം ആകാന്‍ പോകുന്നതേ ഉള്ളു.. റിവ്യൂ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം വന്നിട്ടുള്ളതു നീ സിനിമയെ പൊക്കിയടിക്കുന്നു എന്നാണു.. റേറ്റിങ് എല്ലാ സമയവും വളരെ കൂടുതല്‍ ആണെന്നും.. കാണാന്‍ കൊള്ളാവുന്ന പടം ആണ് എന്ന് തോന്നിയാല്‍ അതിനെ വലുതായി കുറ്റം പറയണം എന്ന് തോന്നാറില്ല.. പിന്നെ റേറ്റിംഗ് മാത്രം വച്ച് ഒരു സിനിമയെ സമീപിക്കരുത് എന്നും..

ഇത്രയും കാലത്തിനിടയ്ക്കു ചെയ്ത സിനിമ റിവ്യൂകളില്‍ ഒട്ടും ഇഷ്ടപ്പെടാത്തത് എന്ന് പറഞ്ഞ സിനിമകളും വളരെ കുറവാണ്. അങ്ങനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു വലിച്ചു കീറുന്ന സ്വഭാവം സിനിമ നിരൂപണത്തില്‍ കാണിക്കാറും ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്നേ രണ്ടു സിനിമയ്ക്കാണ് അത് ചെയ്തിട്ടുള്ളത്. പിന്നെ ഞാന്‍ തന്നെ ആ രീതി മാറ്റിയതാണ്.. എനിക്ക് തന്നെ അത് നല്ലതായി തോന്നിയില്ല എന്ന് ഉറപ്പായത് കൊണ്ടാണ്. വളരെ ക്രിട്ടിക്കല്‍ ആയി സിനിമയെ സമീപിക്കുന്ന രീതിയും ഇല്ല. സിനിമ നല്ലോണം ഇഷ്ടപ്പെട്ടാല്‍ അതിനെക്കുറിച്ചു കുറച്ചധികം പറയാറുണ്ട്.. ഇഷ്ടപ്പെട്ടില്ലെങ്കില്‍ വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് നിര്‍ത്തുകയും ചെയ്യും എന്നതാണ് രീതി.

എന്തായാലും അതിനു ഒരു പരി സമാപ്തി വരികയാണ്.. ഇനിമുതല്‍ കൂടുതല്‍ കാര്‍ക്കശ്യം ആവും എന്നല്ല, സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ റിവ്യൂ ഉണ്ടാകില്ല… കാരണം… യു ട്യൂബ് നു ചില കാര്യങ്ങള്‍ ഉണ്ട്.. കോപ്പി റൈറ്റ് പ്രശ്‌നം കാരണം ആണ് റിവ്യൂ ചിലപ്പോള്‍ നീക്കം ചെയ്യപ്പെടുന്നത്.. ആ സമയത്തു അത് റിപ്പോര്‍ട് ചെയ്ത ടീം ചാനലിന് സ്‌ട്രൈകും തന്നിട്ട് പോകും.. അങ്ങനെ മൂന്നെണ്ണം കിട്ടിയാല്‍ ചാനല്‍ ഇല്ലാതെ ആവും എന്നതില്‍ കവിഞ്ഞു ഒന്നുമില്ല… പക്ഷെ അത് നമ്മളെ സംബന്ധിച്ചെടുത്തോളം വലിയ നഷ്ടം ആണല്ലോ.. ഈയിടയ്ക്കു അങ്ങനെ ഒരു സംഭവം നടന്നിരുന്നു.. ട്രൈലറിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിച്ച് എന്ന് പറഞ്ഞു റിമൂവ് ചെയ്യുകയും പിന്നീട് അതെല്ലാം ഒഴിവാക്കിയ സമയത്തു അപ്ലോഡ് ചെയ്ത സമയത്തു വീണ്ടും റിമൂവ് ചെയ്യപ്പെട്ടു.. നമ്മള്‍ ഒരു ചെറിയ സെറ്റപ്പാണ്.. സിനിമ കാണാനുള്ളത് പോയിട്ട് എഡിറ്റ് ചെയ്തു ഇറക്കാനുള്ള പ്രൊഡക്ഷന്‍ കാശ് പോലും ഇതില്‍ നിന്നും കിട്ടുകയില്ല…. ഒരു സാധാരണക്കാരന്റെ അഭിപ്രായത്തില്‍ സിനിമയേക്കുറിച്ചു പറയുന്നു എന്ന രീതിയില്‍ ആണ് ഇത്രെയേറെ കാഴ്ചക്കാര്‍ ഉണ്ടായതെന്നും കരുതുന്നു.

കഴിഞ്ഞ ആഴ്ച, റിമൂവ് ചെയ്യപ്പെട്ട വീഡിയോ വീണ്ടും അപ്ലോഡ് ചെയ്ത സമയത്തു ഒരു ചേട്ടന്‍ വിളിച്ചിരുന്നു.. സിനിമയുമായി ബന്ധപ്പെട്ട ഒരാള്‍ ആണ് എന്ന് അറിയാം.. തത്കാലം പേര് പറയുന്നില്ല.. ഏറെ നേരം സംസാരിച്ചു.. ആ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ – സ്വന്തം ജീവിതത്തില്‍ അനുഭവിക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെ കുറിച്ച് വരെ മുന്‍ ധാരണകള്‍ തന്നു… പിന്നീടാണ് അറിഞ്ഞത് ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരില്‍ കേസ് കൊടുത്തിരിക്കുക ആണെന്ന്.. ശരി.. ആവട്ടെ…! സിനിമയില്‍ ശക്തനായ നേതാവും…. അനീതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളും ഒക്കെ ആണെങ്കിലും നമുക്ക് തോന്നിയ അഭിപ്രായം പറയുന്നതിന് ഇന്നത്തെ കാലത്തു ജയിലില്‍ കേറേണ്ടി വന്നാല്‍ അങ്ങനെ ആവട്ടെ.. എന്തായാലും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടൊന്നും ഇല്ല. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത് ഞാന്‍ ആ സിനിമയെ റിവ്യൂ പറഞ്ഞു നശിപ്പിച്ചു എന്നാണു.. അവരുടെ വാക്കുകള്‍ കേട്ടാല്‍ തോന്നും കേരളത്തിലെ എല്ലാവരും എന്റെ സിനിമ റിവ്യൂ കേട്ടിട്ടാണ് പോകുന്നതെന്ന്…സിനിമയ്ക്ക് ആള് കേറാത്തതു ഞാന്‍ കാരണം ആണ് എന്നൊക്കെ…! അതൊരിക്കലും പറയാന്‍ പറ്റും എന്ന് തോന്നുന്നില്ല. നശിപ്പിക്കണം എന്ന ഉദ്ദേശത്തില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കാറും ഇല്ല.

അതിന്റെ ആവശ്യം ഇല്ലാതെ ലളിതമായി തന്നെ സിനിമയെപ്പറ്റി പറയാം എന്ന് തന്നെ കരുതുന്നു. റിവ്യൂ എന്ന് പറഞ്ഞു സിനിമയുടെ ഏറ്റവും ചെറിയ സ്‌പോയിലര്‍ പോലും പറയാറില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കാന്‍ ഉണ്ട്… പക്ഷെ മണ്‍സൂണ്‍ മീഡിയയ്ക്കു കേരളത്തിലെ ഒരു ഓണലൈന്‍ ചാനലിന്റെ ഏറ്റവും വലിയ പരിമിതികളും ഉണ്ട്.. ഞാനും അവിടെ ഒരു അതിഥി ആണ്.. ചിലപ്പോള്‍ തിരുവനന്തപുരത്തോടു യാത്ര പറഞ്ഞു കഴിഞ്ഞാല്‍ എന്റെ സ്ഥാനത്തു വേറൊരാള്‍ വരും സിനിമ വര്‍ത്തമാനങ്ങള്‍ പറയാന്‍.. അതുകൊണ്ടു തന്നെ ആണ് ഈ തീരുമാനം ഞാനായി എടുത്തതും.. റിവ്യൂ ചെയ്യുന്നതുകൊണ്ട് തന്നെ (ഇടയ്ക്കു ഗവേഷണ കാര്യങ്ങള്‍ ആയി പൂര്‍ണമായി മാറി നിന്നതു ഒഴിച്ചാല്‍) എല്ലാ സിനിമകളും (ഒരു പ്രതീക്ഷയും ഇല്ലെങ്കിലും) കാണാന്‍ ശ്രമിക്കാരും ഉണ്ട്.. ഇനി അതിനും കൂടെ ശമനം ആകും എന്നതും എന്നെ സംബന്ധിച്ചെടുത്തോളം പ്രധാനം ആണ്.. പണം ചിലവഴിക്കുന്നത് വളരെ ശ്രദ്ദിച്ചും ആവാം.. ആ സമയം കൂടി കണക്കിലെടുത്തു വേറെ കുറച്ചു പരിപാടികള്‍ കൂടെ ചെയ്യാം എന്ന ആലോചന ശക്തമാക്കി ഉറപ്പിക്കുകയും ചെയ്യുന്നു….

ഇനി ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ സിനിമയുടെ റിവ്യൂ വന്നില്ലെങ്കില്‍ – ഒന്നുകില്‍ ആ സിനിമ ഞാന്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് ഉറപ്പിക്കുക… യുദ്ധങ്ങളോട് തത്കാലം താല്പര്യം ഇല്ല.. ഇതൊരു ഒളിച്ചോട്ടവും അല്ല.. ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന ചാനല്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടേക്കാം എന്ന് ഉള്ളത് കൊണ്ടാണ്… അഥവാ അപ്പീല്‍ കൊടുത്താലും മാസങ്ങള്‍ കഴിഞ്ഞേ അതിനുള്ള ഉത്തരം കിട്ടു എന്നുള്ളതും കൊണ്ടാണ്… ഇവിടത്തെ യു ട്യൂബ് സിസ്റ്റം അത്രയും മെല്ലെ ആണ് കാര്യങ്ങള്‍ നീക്കുന്നത്.. പിന്നെ മണ്‍സൂണ്‍ മീഡിയ കുറച്ചു പേരുടെ സ്വപ്നവും സന്തോഷവും ആണ്.. ഒരു തരത്തിലും ഒന്നിനെയും അവഹേളിക്കുന്ന വിധത്തിലോ, വ്യക്തി ഹത്യ നടത്തുന്ന വിധത്തിലോ, മുന്‍ ധാരണയോടു കൂടിയോ ഒരു വീഡിയോ പോലും ചെയ്തിട്ടും ഇല്ല.. ഇനിയും ഉണ്ടാകില്ല.. അത് തന്നെ ആണ് മണ്‍സൂണ്‍ മീഡിയ.. എന്നും എപ്പോഴും..! എല്ലാവരോടും സ്‌നേഹം…. ഇഷ്ടം.. സുധീഷ്