സിനിമാ റിവ്യൂവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് റിവ്യൂവര്‍ അശ്വന്ത് കോക്ക്. കാതല്‍ സിനിമയുടെ പത്രസമ്മേളനത്തിനിടെ റിവ്യൂവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു അശ്വന്ത് കോക്ക് നിലപാട് പറഞ്ഞത്.
സിനിമകള്‍ റിവ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണെന്നും എന്നും സെന്‍സിബിള്‍ ആയിട്ട് സംസാരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അശ്വന്ത് കോക്ക് പറഞ്ഞു. ഒപ്പം ബാന്ദ്ര സിനിമയ്‌ക്കെതിരെ പറഞ്ഞ നെഗറ്റീവ് റിവ്യൂവിനെ കുറിച്ചും അശ്വന്ത് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
‘മമ്മൂട്ടി എന്നും സെന്‍സിബിള്‍ ആയിട്ട് സംസാരിക്കുന്ന മനുഷ്യനാണ്. അദ്ദേഹം ഇന്നും പറഞ്ഞത് റിവ്യൂവിനെ റിവ്യൂവിന്റെ വഴിക്ക് വിടണമെന്നാണ്. സിനിമ വിജയിക്കേണ്ടതാണെങ്കില്‍ അത് വിജയിക്കും. അതിപ്പോള്‍ റിവ്യൂസ് നിര്‍ത്തിക്കഴിഞ്ഞാല്‍ പോലും എല്ലാ സിനിമയും വിജയിക്കില്ല. അതൊരു ഫാക്ട് ആണ്. അദ്ദേഹം വളരെ സെന്‍സിബിളായി ആ കാര്യം പറഞ്ഞു. നൂറ് ശതമാനം ശരിയാണ് അദ്ദേഹം പറഞ്ഞത്.
ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങള്‍ അതിന്റെ വഴിക്ക് വിടുക. നല്ല സിനിമകള്‍ എടുത്താല്‍ അത് വിജയിക്കും. മറ്റു കാര്യങ്ങള്‍ പറയുന്നത് ഡിഫെന്‍സീവ് മെക്കാനിസത്തിന്റെ ഭാഗമായിട്ടാണ്. പല ആളുകളും സിനിമ പരാജയപ്പെടുമ്പോള്‍ മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അത് കുറേ നാളായി നടക്കുന്നതാണ്,’ അശ്വന്ത് കോക്ക് പറഞ്ഞു.
അടുത്തിടെ താങ്കള്‍ ചെയ്ത സിനിമയുടെ റിവ്യൂ അതിലെ നായകനെ പരിഹസിക്കുന്ന രീതിയില്‍ അവതരിപ്പിച്ചെന്ന വിമര്‍ശനമുണ്ടല്ലോ എന്ന ചോദ്യത്തിന് അതൊരിക്കലും പരിഹാസമല്ലെന്നും മിമിക്രിയാണെന്നുമായിരുന്നു അശ്വന്തിന്റെ മറുപടി.
അത്തരം റിവ്യൂകള്‍ ആ സിനിമയുടെ വളര്‍ച്ചയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് അത് ബാധിക്കില്ലെന്നായിരുന്നു അശ്വന്ത് കോക്ക് പറഞ്ഞത്.
‘അത് ഒരിക്കലും പരിഹാസമല്ല മിമിക്രിയാണ്. വേഷം നമുക്ക് അനുകരിക്കാം, ശബ്ദം അനുകരിക്കാം. രൂപമാറ്റം അനുകരിക്കാം. അതൊരിക്കലും ബോഡി ഷേമിങ് ആയിട്ടല്ല ചെയ്യുന്നത്.
ദിലീപിന്റെ സിനിമ ബാന്ദ്രയാണ് നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് മനസിലായി. ബാന്ദ്ര സിനിമയില്‍ ദിലീപിന്റെ അറ്റയറും കോസ്റ്റിയൂമും ഹെയര്‍ സ്‌റ്റൈലും പിടിച്ചിട്ടാണ് ഞാന്‍ ചെയ്തിരിക്കുന്നത്. അതൊരിക്കലും പരിഹാസമല്ല.
മിമിക്രിക്കാര്‍ സ്‌റ്റേജില്‍ ഇരുന്ന് ചില കോപ്രായങ്ങള്‍ കാണിക്കുമ്പോള്‍ ഈ പറഞ്ഞ സിനിമാക്കാര്‍ കയ്യടിക്കില്ലേ. അപ്പോള്‍ അതൊന്നും കാണിക്കുന്നതല്ല ഇവരുടെ വിഷയം. ഇവരുടെ വിഷയം ആളുകളുടെ വാ മൂടിക്കെട്ടണം. എന്നിട്ട് ഒരാഴ്ച ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപ പി.ആറിന് കൊടുത്ത്, നല്ല സിനിമയാണെന്നും ഫാമിലിയും കുട്ടികളും ഏറ്റെടുത്തെന്നും റണ്ണിങ് സക്‌സസ്ഫുളി എന്നും എക്‌സലന്റ് റിപ്പോര്‍ട്ട് ഓള്‍ ഓവര്‍ എന്നൊക്കെ എഴുതിയിട്ട് ഇവരുടെ പ്രൊഡക്ട് സെല്‍ ചെയ്യണം. കുറേ ആള്‍ ഇത് കണ്ട് തിയേറ്ററില്‍ കയറിയിട്ട് അബദ്ധത്തില്‍ പെടണം എന്നുള്ള ലക്ഷ്യം മാത്രമാണ് ഇതിന് പിന്നില്‍.
ഞാന്‍ ചെയ്യുന്ന റിവ്യൂകളില്‍ നല്ലത് പറഞ്ഞ ഒരുപാട് സിനിമകളുണ്ട്. ഏറ്റവും ഒടുവിലായി ചെയ്ത ഫാലിമിയുടെ റിവ്യൂ, അതിന്റെ മുന്‍പ് ഇറങ്ങിയ വേല, ഇതിലൊക്കെ നല്ലതാണ് ഞാന്‍ പറഞ്ഞത്. അതിലൊന്നും ഈ പറയുന്ന മേക്കപ്പോ പരിപാടിയോ ചെയ്തിട്ടില്ല, അതിന്റെ ആവശ്യമില്ല.
നമ്മള്‍ സിനിമയുടെ മെറിറ്റിന് അനുസരിച്ചാണ് റിവ്യൂ ചെയ്യുന്നത്. ഇതില്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടോ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടോ എന്തെങ്കിലും തരത്തിലുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ എനിക്കെതിരെ നടപടിയെടുത്ത് കഴിഞ്ഞാല്‍ അത് സ്വീകരിക്കാന്‍ തയ്യാറാണെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണ്, അശ്വന്ത് കോക്ക് പറഞ്ഞു.
പണം തന്നില്ലെങ്കില്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ റിവ്യൂ ചെയ്ത് മോശമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ഉണ്ടെന്നാണല്ലോ നിര്‍മാതാക്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് അങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ ശിക്ഷിക്കണമെന്നായിരുന്നു അശ്വന്തിന്റെ മറുപടി. അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവരെ പിടിക്കണം. അവരെ പിടിച്ചാല്‍ അവര്‍ക്കെതിരെ സംസാരിക്കാന്‍ ഞാനും തയ്യാറാണ്, അശ്വന്ത് പറഞ്ഞു.
റിവ്യൂകള്‍ വഴി അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന ആക്ഷേപം ഉണ്ടല്ലോ എന്ന ചോദ്യത്തിന് അതൊരു ആക്ഷേപം മാത്രമാണെന്നും നമ്മള്‍ ആരേയും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്നുമായിരുന്നു അശ്വന്തിന്റെ മറുപടി.
‘എന്റെ റിവ്യൂ കാണണമെന്നോ എന്നെ ഫോളോ ചെയ്യണമെന്നോ, നിങ്ങള്‍ എന്റെ റിവ്യൂ കണ്ടിട്ടേ സിനിമ കാണാവൂ എന്നോ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. റിവ്യൂകള്‍ വഴി അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതൊക്കെ വെറും ആക്ഷേപം മാത്രമാണ്,’ അശ്വന്ത് കോക്ക് പറഞ്ഞു.
Content Highlight: Reviewer Aswant Kok About Mammoottys Opinion and bandra Review