Book Review | കഥ നിര്‍മ്മിക്കുന്ന വിപ്ലവങ്ങള്‍; കെ.എന്‍ പ്രശാന്തിന്റെ പാതിരാലീല
Book Review
Book Review | കഥ നിര്‍മ്മിക്കുന്ന വിപ്ലവങ്ങള്‍; കെ.എന്‍ പ്രശാന്തിന്റെ പാതിരാലീല
സജി.കെ.
Monday, 24th July 2023, 5:49 pm
ഫ്യൂഡലിസ്റ്റ് പ്രഭുത്വത്തിന്റെ കെട്ടുനാറിയ മേല്‌ക്കോയ്മയിലൂടെ തങ്ങള്‍ക്കു സംഭവിച്ച, സംഭവിച്ചു കൊണ്ടേയിരിക്കുന്ന ക്രൂരതകള്‍ക്ക് ശരീരം കൊണ്ടല്ല ബോധം കൊണ്ടാണ് അവര്‍ പ്രതികാരം ചെയ്യുന്നത്. അപ്രതീക്ഷിതമായ ഈ ബോധാനന്ദത്തിന്റെ നിര്‍വൃതി അവര്‍ അനുഭവിച്ച തീക്ഷ്ണ ജീവിതത്തിന്റെ പ്രതികാരമാണ്. ദുര്‍ബലമെന്ന് തോന്നാവുന്ന പ്രതീകത്തിലാണ് കഥ അവസാനിക്കുന്നത് എന്ന് തോന്നും. എന്നാല്‍, ചൂഷണവും ഭീരുത്വവും കൊണ്ട് കെട്ടുപോകാന്‍ തയ്യാറാകാതെ സ്വാതന്ത്യത്തിന്റെ കടന്നലുകളായി വെളിച്ചത്തിലേക്ക് കുതിക്കുന്ന ഒരു ജനതയുണ്ട് ഈ കഥയില്‍

അധ:സ്ഥിതരും പതിതരും അവരുടെ പാര്‍ശ്വവല്‍കൃത ജീവിതവും അവന്‍ അനുഭവിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ അടിമത്ത ജീവിതവും സമീപകാല എഴുത്തുകാരുടെ ധാര്‍മ്മിക പ്രശ്‌നമാണ്. അത്തരം ജീവിതാവസ്ഥകളെ അവതരിപ്പിക്കുന്ന എഴുത്തുകാര്‍ മിത്തുകളുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ഒരു ജൈവികലോകമുണ്ട് . ഭ്രമകല്പനകളുടെ അയതാര്‍ത്ഥമെന്ന് തോന്നുന്ന ഭൂപ്രദേശങ്ങളെ ഒരു ദൃശ്യത്തിന്റെ അനുഭവപ്പെടുത്തലിലൂടെ അവര്‍ സൃഷ്ടിച്ചെടുക്കുന്നു. അതാണ് അവരുടെ കഥകളുടെ ഭൂപടം.

പാതിര ലീലയുടെ കവര്‍

കെ.എന്‍ പ്രശാന്തിന്റെ പാതിരാലീലയിലൂടെ കടന്നുപോകുമ്പോള്‍ രൂപത്തിലും ചിന്തയിലും വരേണ്യതയുടെ അധികാരം കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍ അന്യതാബോധം പേറുന്ന പുഴു ജന്മങ്ങള്‍ക്ക് തുല്യമായ ഒരു പറ്റം മനുഷ്യരുടെ പച്ചയായ ജീവിതത്തിലേക്ക് ചില വെളിച്ചത്തിന്റെ വിതറലുകള്‍ കാണാം. ഇത്തരം ദാസ്യഭാവം പേറുന്ന മനുഷ്യരുടെ വിധേയത്തിന്റെ വിലാപങ്ങളല്ല കഥകളിലുള്ളത് പകരം പ്രത്യക്ഷ സമരത്തിന്റെ വിപ്ലവ വീര്യത്തിനപ്പുറത്ത് മനോബലം കൊണ്ട് പ്രതികാരം ചെയ്യുന്ന കഥാപാത്രങ്ങളുടെ പുഞ്ചിരി കാണാം.

രാഘവന്‍ മാഷിന്റെ വീടിനു മുന്നില്‍ സമൃദ്ധമായി വളര്‍ന്നു നില്ക്കുന്ന മരങ്ങളിലൊന്നില്‍ കൂടു വച്ചിരിക്കുന്ന പൂതപ്പാനി എന്ന് പേരുള്ള കാട്ടു കടന്നലിനെ തീയിട്ടു കൊല്ലാന്‍ റെസിഡന്‍സ് സെക്രട്ടറിയായ വിജയന്‍ പോലീസ് (രാഘവന്‍ മാഷിന്റെ വീട് കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കിടക്ക് ഉള്‍പ്പെട്ട ഒരു പൂതപ്പാനിയാണ് )ജാബിര്‍ ഷെയ്ക്ക് , ഭൂപന്‍ലാല്‍ മൂച്ചി എന്നീ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതാണ് പൂതപ്പാനി എന്ന കഥയുടെ പ്രമേയം.

അതിനു മുമ്പ് തന്നെ മാഷ് പൂതപ്പാനി കരിച്ചു കളയുന്നതില്‍ പ്രഗല്‍ഭനായ അമ്പുവേട്ടനെ കാണുന്നുണ്ട്. അയാള്‍ പറയുന്നത്. ‘ കടന്നലുകളും ജീവിക്കാനല്ലേ കൂട്ണ്ടാക്ക്ന്ന് ? മന്ഷ്ന്‍ മാര്‍ക്ക് അസൂയയും ദുഷ്ടും കുശുമ്പും അഹങ്കാരവുമൊക്കെ ഉള്ള പോലെ ഈ പാവങ്ങള്‍ക്ക് കൊര്‍ച്ച് വെഷം, അത്രേ ഇല്ലൂ. – ആയ്‌ച്യോളം പണിയെടുത്ത് കൂടുണ്ടാക്കി കുഞ്ഞള് വിരിഞ്ഞു വരുമ്പോ നമ്മ ഒരു കല്ലെടുത്ത് അയ്‌ന എറിയും. അത് കുത്തും. കുഞ്ഞള എറിഞ്ഞാല് കുത്താത്ത ഏതെങ്കിലും ജീവി ഇണ്ടാ ? ഒറ്റ രാത്രി കൊണ്ട് നമ്മ അയ്റ്റങ്ങളെ ചുടും . ആയിരത്തോളം അംഗങ്ങളുള്ള ഒരു നാടാ ന്ന് ഒറ്റ രാത്രില് നമ്മള് ചുടുന്നത്. ‘

കീഴടങ്ങലിന്റെയും ചൂഷണത്തിന്റേയും അടയാളമായി മാറിക്കഴിഞ്ഞ ദളിതന്റെ, അധ:സ്ഥിതന്റെ ജീവിതാടയാളമായി ഇവിടെ പൂതപ്പാനി മാറുന്നു.

തെരുവിലൂടെ നടന്ന് പോയപ്പോള്‍ കുറേ ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി അവര്‍ പിള്ളേരെ പിടുത്തക്കാരെന്ന് പറഞ്ഞ് തല്ലിയപ്പോഴും അവര്‍ നിശബ്ദമായി കരഞ്ഞതേയുള്ളൂ.

തീ പിടിച്ച രാത്രികളും പലായനങ്ങളും സമ്മാനിക്കുന്ന ഭരണകൂടങ്ങള്‍ അഴുകിത്തുടങ്ങിയ ജനാധിപത്യത്തിന്റെ നൊമ്പര കാഴ്ചകളായി മാറുന്നു. സ്വാഭാവികമായും അത്തരം ദുരന്തങ്ങളുടെ നൈരന്തര്യം ഒരു വര്‍ഗ്ഗത്തില്‍ കായികമല്ലാത്ത ഒരു പ്രതിരോധത്തിന്റെ സാധ്യതയിലെത്തിക്കും. സെന്‍സറി സെന്‍സേഷന്‍ എന്ന ഐന്ദ്രിക ബോധത്തെ നിഗൂഢമായ കാമനകളിലൂടെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച് ആനന്ദത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കുകയാണ് ഭൂപന്‍ലാല്‍ മൂച്ചി എന്ന ജാര്‍ഖണ്ഡ്കാരനും ജാബിര്‍ ഷെയ്ക്ക് എന്ന ആസാംകാരനും.

ഫ്യൂഡലിസ്റ്റ് പ്രഭുത്വത്തിന്റെ കെട്ടുനാറിയ മേല്‌ക്കോയ്മയിലൂടെ തങ്ങള്‍ക്കു സംഭവിച്ച, സംഭവിച്ചു കൊണ്ടേയിരിക്കുന്ന ക്രൂരതകള്‍ക്ക് ശരീരം കൊണ്ടല്ല ബോധം കൊണ്ടാണ് അവര്‍ പ്രതികാരം ചെയ്യുന്നത്. അപ്രതീക്ഷിതമായ ഈ ബോധാനന്ദത്തിന്റെ നിര്‍വൃതി അവര്‍ അനുഭവിച്ച തീക്ഷ്ണ ജീവിതത്തിന്റെ പ്രതികാരമാണ്. ദുര്‍ബലമെന്ന് തോന്നാവുന്ന പ്രതീകത്തിലാണ് കഥ അവസാനിക്കുന്നത് എന്ന് തോന്നും. എന്നാല്‍, ചൂഷണവും ഭീരുത്വവും കൊണ്ട് കെട്ടുപോകാന്‍ തയ്യാറാകാതെ സ്വാതന്ത്യത്തിന്റെ കടന്നലുകളായി വെളിച്ചത്തിലേക്ക് കുതിക്കുന്ന ഒരു ജനതയുണ്ട് ഈ കഥയില്‍.

കെ.എന്‍. പ്രശാന്ത്

വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭത്തെയാണ് ഓക്‌സ്‌ഫോര്‍ഡ്‌ നിഘണ്ടു സത്യാനന്തരം എന്ന് വിവരിക്കുന്നത്.

പാതിരാലീല ഒരു സത്യാനന്ത കാലത്തെ കഥയാണ്.

സരിഗ – ലീലാധരന്‍ ദമ്പതിമാരിലെ ലീലാധരനിലുള്ള സ്‌ത്രൈണത അവന്റെ കഴിവുകേടാണന്നും ആയതിനാല്‍ സരിഗ എന്ന സ്ത്രീ മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുന്നു എന്ന് ഭീകരമുക്കിലെ രാത്രിയെ ഇഷ്ടപ്പെടുന്ന മുകേഷും ചാള്‍സുമടങ്ങുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ വിചാരിക്കുന്നു. ലൈംഗിക അരാജകത്വം ബാധിച്ച ഒരു സമൂഹം ഒരു വീടിനേയും അതിലെ വ്യക്തികളേയും നിരന്തരം കള്ളങ്ങള്‍ കൊണ്ട് നശിപ്പിക്കാനൊരുങ്ങുന്നതാണ് കഥ.

രൂപകങ്ങളുടെ നിര്‍മ്മിതിയാണ് സ്വാഭാവിക ആഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു സ്ഥലരാശിയിലേക്ക് വായനക്കാരനെ എത്തിക്കുന്നത്. ലീലാധരന്‍ എന്ന ലീല വെളിച്ചത്തിന്റെ കലയായ നൃത്തത്തിലൂടെ സ്വജീവിതത്തെ വെളിപ്പെടുത്തുമ്പോള്‍ ഭീകര മുക്കിലെ ചെറുപ്പക്കാര്‍ ഇരുട്ടിനെ ഇഷ്ടപ്പെടുന്നവരാണ്. അവിടെ ഇരുട്ടിലാണ് സ്വാഭാവിക യുക്തിക്കും യാഥാര്‍ത്ഥ്യത്തിനുമപ്പുറത്ത് കള്ളങ്ങളുടെ ഒരു കോട്ട നിര്‍മ്മിക്കാന്‍ അവര്‍ ശ്രമിക്കുന്നത്.

സരിഗയെ പുരുഷ ലൈംഗികതയിലെ വൈകൃതങ്ങള്‍ കൊണ്ട് അളക്കാന്‍ അവര്‍ ശമിക്കുമ്പോള്‍ അവള്‍ തൊഴിലെടുക്കുന്നത് വസ്ത്രശാലയിലും. സമകാലിക മാധ്യമ സംസ്‌കാരത്തിന്റെ കെട്ടവശം തന്നെയാകണം പാതിരാ ലീല ചര്‍ച്ച ചെയ്യുന്നത് . വെളിച്ചത്തെ തകര്‍ക്കുവാനുള്ള ഇരുട്ടിന്റെ ശ്രമത്തില്‍ ലീലാധരന്‍ ‘വെളിച്ച’ പ്പെടുമ്പോഴാണ് കഥ അവസാനിക്കുന്നത്.

മള്‍ബറിപ്പഴങ്ങളുടെ രൂപം വടുകെട്ടിയ മുറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അമല്‍ എന്ന ചെറുപ്പക്കാരനില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിട്ടുമാറാത്ത പാപ ബോധത്തിന്റെ വടുക്കളിലാണ് മള്‍ബറിക്കാട് എന്ന കഥ നിര്‍മ്മിച്ചിരിക്കുന്നത്. പാപം, കുറ്റബോധം , പശ്ചാത്താപം എന്നത് എഴുപതുകളിലെ സങ്കീര്‍ണ്ണമായ കഥാലോകത്തിന്റെ വിഷയമായിരുന്നല്ലോ.

സംഘര്‍ഷങ്ങളും വൈരുദ്ധ്യവും വ്യഥയും പേറി നടക്കുന്ന കഥാപാത്രങ്ങള്‍ അനുഭവിച്ചിരുന്ന തീവ്ര ദുഖത്തിലേക്കാണ് ഒ.വി. വിജയനും , മുകുന്ദനും , ആനന്ദുമൊക്കെ എഴുതിക്കയറിയത്.

ഒ.വി.വിജയന്‍, ചിത്രത്തിന് കടപ്പാട്‌: VIBHU H

 

എം. മുകുന്ദന്‍, ചിത്രത്തിന് കടപ്പാട്‌: The Hindu

 

ആനന്ദ്, ചിത്രത്തിന് കടപ്പാട്‌: www.sahapedia.org

ഇരട്ട സഹോദരി കളായ അനുപമ, അരുണിമകളില്‍ ആരോ ഒരാളെ പ്രണയിച്ചിരുന്ന അമല്‍ വര്‍ഷങ്ങള്‍ക്കു ശേഷം യാദൃശ്ചികമായി ഒരു രാത്രിയില്‍ അവരുടെ വീട്ടില്‍ എത്തുന്നു. അതില്‍ ഒരാളുടെ മരണത്തിന് അയാള്‍ കാരണക്കാരനായിരുന്നു എന്ന കുറ്റബോധം കൂടി അയാളിലുണ്ട്. തികച്ചും ഫാന്റസിക്കലായ ഒരു പ്ലോട്ട് നിര്‍മ്മിച്ച് മനുഷ്യ മനസിന്റെ ഭ്രമ വിഭ്രമങ്ങളുടെ ഒരു ലോകം നിര്‍മ്മിച്ച് പരീക്ഷണം നടത്തുന്ന ഒരാളാണിവിടെ എഴുത്തുകാരന്‍.

മനുഷ്യനെ അവന്റെ തൊലിയുടെ , നിറത്തിന്റെ , ജാതിയുടെ അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തുകയോ ഒഴിവാക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ ഓര്‍മ്മ വരുന്ന ഒരു പേരാണ് ജോര്‍ജ് ഫ്‌ലോയിഡ്. മരിക്കുന്നതിനു മുമ്പ് ‘എനിക്കു ശ്വാസം മുട്ടുന്നു ‘ എന്ന് പോലീസുകാരനായ ഡെറിക് ചോവിനോട് ഫ്‌ലോയിഡ് വിളിച്ചു പറയുന്നത് ലോകത്താകമാനമുള്ള പാര്‍ശ്വവല്കൃതരോടുമാണ്.

‘കുരിപ്പുമാട് ‘ എന്ന കഥയിലെ മഗേശനും അനുഭവിക്കുന്നതും അതേ ശ്വാസം മുട്ടലാണ്. അധ:സ്ഥിതനായി പിറന്നതു കൊണ്ടു മാത്രം ജീവിതത്തില്‍ നിലവിട്ടു പോകുന്ന ചില മനുഷ്യരുണ്ട്. മഹേഷ് എന്ന് പേരിടാന്‍ കൊതിച്ച അച്ഛന്‍, മഗേശന്‍ എന്ന് പറഞ്ഞു പോയതിനെ പരിഹസിച്ചു കൊണ്ട് മാഷ് ആ പേരു തന്നെ എഴുതി. ജാതിപരമായി താഴ്ന്നവനായതു കൊണ്ട് കഥാ മത്സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കുകയും വിവിധങ്ങളായ പൊതു ഇടങ്ങളില്‍ നിന്നും തഴയുകയും ചെയ്യുന്നു.

‘ആവേശം കേറി കൊറേ എന്തല്ലോ എഴ്താനും ശ്രമിച്ചു. ഉസ്‌കൂള്ന്ന് കഥാ മത്സരത്തിനൊന്നും നമ്മള കൂട്ടൂല. അയ്‌ന് ഈ അഭിലാഷിനെപ്പോലത്ത മാഷമ്മാരെ മക്കള്ണ്ടല്ലാ.’ – മഗേശന്‍ . തോട്ടിയുടേയും തൂപ്പുകാരന്റേയും ജാതി ചോദിക്കാതെ തന്നെ തിരിച്ചറിയുന്ന കാലത്തിന് മാറ്റമൊന്നും വന്നിട്ടില്ലന്നതും മഗേശന്റെ തിരിച്ചറിവാകുന്നു. ഈ അപമാനത്തിന്റെ ഫാന്റസിക്കല്‍ ദേശമാണ് ‘ കുരിപ്പുമാട് ‘. കക്കവാരി ജീവിക്കുന്ന മനുഷ്യരുടെ കഥയെഴുതാന്‍ കായല്‍ പരിസരത്തെത്തുന്ന എഴുത്തുകാരനും അഭിയും ഉണ്ടാക്കുന്ന ഭാവനയ്ക്കും മുകളിലായി മഗേശന്‍ ഫാന്റസിയുടെ ഒരു തുരുത്ത് നിര്‍മിച്ചെടുക്കുന്നു.

അമേരിക്കന്‍ ബിസിനസ് കാരനും ജന്മി പുത്രനും ആയ ശ്രീനാഥ് മുരളിയുടെ അതിസമ്പന്നമായ ജീവിതവും കോളനി ജീവിതത്തിന്റെ ദാരിദ്ര്യവും ഒറ്റപ്പെടുത്തലും പേറുന്ന കീരി ഗിരീഷിന്റെ ജീവിതവും ഒരു ഉത്സവ പറമ്പിലെ ചട്ടിക്കളിയിലൂടെ വിവരിക്കുന്ന കഥയാണ് ‘ചട്ടിക്കളി’. പണത്തിന്റെ തൂക്കത്തിനനുസരിച്ച് സമൂഹം സ്ഥാനം നിര്‍ണയിക്കുന്ന വ്യവഹാരയുഗത്തില്‍ പലപ്പോഴും ഇരയായി മാറുന്നത് സാധാരണക്കാരനായിരിക്കും എന്ന പാരമ്പര്യ സിദ്ധാന്തത്തെ എസ്.ഐ. കബീര്‍ തല തിരിച്ചിടാന്‍ ശ്രമിക്കുന്നു.

കോഴിപ്പോരും പ്രണയവും അവ നല്കുന്ന രതി സമാനമായ നിര്‍വൃതിയുമാണ് പെരടി എന്ന കഥ. കോഴിക്കാലില്‍ കെട്ടിവച്ചിരിക്കുന്ന കൂര്‍ത്ത വാള് എതിര്‍ കോഴിയുടെ കഴുത്തിലൂടെ പായുമ്പോള്‍ കാമേഷ് അനുഭവിക്കുന്ന ലഹരി മഹാഭാരതയുദ്ധ കഥയിലെ ഭീമസേനനെ ഓര്‍മ്മിപ്പിക്കും. കോഴിപ്പോരും പെണ്ണും രാത്രിയും കാടും ഒക്കെച്ചേര്‍ന്ന് ട്രാജഡിക്കു തുല്യമായ ഒരു അനുഭവ ലോകത്തേക്ക് കഥാകാരന്‍ നമ്മെ നയിക്കുന്നു. ചെറിയ ചെറിയ ഫ്രെയ്മുകളിലൂടെ സ്വാഭാവികമായ ഒരു ‘കാടു ‘ ജീവിതം അവതരിപ്പിക്കുന്ന ആഖ്യാന സവിശേഷതയാണ് ഈ കഥയുടെ പ്രത്യേകത .

നിലാവിന്റെ നിഴല്‍ പോലും വീഴാത്ത ഇരുട്ട് പ്രശാന്തിന്റെ കഥകളില്‍ നിരന്തരം കടന്നുവരുന്ന മിത്തിക്കല്‍ ബിംബമാണ്. കട്ടപിടിച്ച ഇരുട്ടില്‍ നിന്ന് വെളിച്ചത്തിന്റെ സമതലങ്ങളിലേയ്കുള്ള ഉര്‍വ്വരതയായി കഥകള്‍ അവസാനിക്കുന്നു. കാടകം മനുഷ്യമനസ്സകളിലെ വന്യമായ , ഗുപ്തമായ വാസനകളായി പ്രതിഷ്ഠിക്കുകയും വെളിച്ചത്തിന്റെ നിര്‍വൃതിയില്‍ വലയം പ്രാപിക്കുന്ന വിരേചനമായി കഥയെ തെളിച്ചെടുക്കുകയും ചെയ്യുകയാണ് പ്രശാന്ത് തന്റെ കഥകളിലൂടെ ചെയ്യുന്നത്.

പ്രസാധകര്‍: DC Books
വില: 180

content highlights: Review of the book Pathiraleela by KN Prashant