“പയലുകള് പേടിച്ചിട്ടല്ലെയണ്ണാ ഓട്ണത്, അത്ങ്ങളെ എന്തിനണ്ണാ ഓടിച്ചിട്ട് പേട്പ്പിക്കണേത്” എന്ന ഡിക്ലാസ്സ് ഒറിജനല്‍ പ്രാദേശിക സ്‌ളാങ്ങിലൂടെ നഗരത്തിന്റെ പെയിന്റടിക്കാത്ത പച്ചമനുഷ്യരുടെ സംഭാഷണത്തിലൂന്നിയുളള പ്രൊമോ സോംങിലൂടെ തുടങ്ങുന്ന സ്റ്റീവ് ലോപ്പസ് നഗരജീവിതത്തിന്റെ ഒരു അധോതല ഡോക്യുഫിക്ഷനാണെന്നും പറയാം. മഹമൂദ് മൂടാടി എഴുതുന്നു…
ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★★☆☆
ചിത്രം: ഞാന്‍ സ്റ്റീവ് ലോപ്പസ്
കഥ, സംവിധാനം:രാജീവ് രവി
രചന: രാജീവ് രവി, സന്തോഷ് എച്ചിക്കാനം, ഗീതു മോഹന്‍ദാസ്
നിര്‍മാണം: മധു നീലകണ്ഠന്‍, അലന്‍ മാക്‌സ് അലക്‌സ്, മധുകര്‍ ആര്‍ മുസൂള്‍
അഭിനേതാക്കള്‍: ഫര്‍ഹാന്‍ ഫാസില്‍, അഹാന കഷ്ണ, അലന്‍സിയര്‍, സുജിത് ശങ്കര്‍, ജെയിംസ് ഇലയ്യ
സംഗീതം:ഷഹബാസ് അമന്‍, ചന്ദ്രശേഖര്‍ വെയാറ്റുമ്മല്‍
ഛായാഗ്രഹണം: പപ്പു
വെയിലേല്‍ക്കാതെ വെളുത്തും കണ്ണേറേല്‍ക്കാതെ തുടുത്തും വളരുന്ന ക്രീമിലെയര്‍ ജീവിതത്തിന്റെ ഫാറ്റും, ഫ്‌ളാറ്റും നിറഞ്ഞ പൈങ്കിളി കാമനകളെ വേണ്ടതിലേറെ ആദര്‍ശവല്‍ക്കരിക്കുന്നുവെന്ന വിമര്‍ശനം നമ്മുടെ പുതുതലമുറ സിനിമകള്‍ അര്‍ഹിക്കുന്നുണ്ട്! സാധാരണ മനുഷ്യര്‍ രാപ്പാര്‍ക്കാത്ത അത്തരം ന്യൂജനറേഷന്‍ സ്‌ക്കൂളിനോട് പൊളിടിക്കലായി ഗുഡ്‌ബൈ പറഞ്ഞ സദുദ്ദേശ ചിത്രമായിരുന്നു രാജീവ് രവിയുടെ ആദ്യചിത്രമായ “അന്നയും റസൂലും”!
ഭയം നിശാവസ്ത്രമാക്കിയ നഗരത്തിന്റെ ഇരുളും വെളിച്ചവും തിങ്ങിപ്പാര്‍ക്കുന്ന അധോതലജീവിതത്തിന്റെ തിരക്കും കിതപ്പും ചൂടും ചൂരുമെല്ലാം പപ്പുവിന്റെ ക്യാമറാത്തികവിലൂടെ ലൈവായി കാഴ്ചപ്പെടുത്തുന്നു.
മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയും സാധുജീവിതങ്ങളും പ്രണയവും ഹിംസയും സ്വത്വപ്രശ്‌നങ്ങളും സ്വപ്നങ്ങളും പാട്ടും ലഹരിയും നിറഞ്ഞുതുളുമ്പിയ നിലംതൊടുന്ന കഥാഖ്യാനത്തിലൂടെ രാജീവ് രവി കാഴ്ചയുടെ ഒരു പുതുവഴി തുറന്നു. “അന്നയും റസൂലി”ന്റെയും ഹാങോവര്‍ പാടെ മാറിയില്ലെങ്കിലും രാജീവ് രവിയുടെ “ഞാന്‍ സ്റ്റീവ് ലോപ്പസ്” മലയാളിയുടെ ചലച്ചിത്രഭാവുകത്വത്തെ ഒരിക്കല്‍ക്കൂടി നവീകരിക്കുന്നുവെന്ന് ആദ്യമേ ആഹ്ലാദപ്പെടട്ടെ!!
ഫിലിം മേക്കിംങ്ങിലും പ്രമേയസൂക്ഷ്മതയിലും ഒരു പുതിയ പാറ്റേണ്‍ സൃഷ്ടിക്കുന്നു ദേശീയപ്രശസ്തനായ സിനിമാട്ടോഗ്രാഫര്‍ കൂടിയായ രാജീവ് രവി സ്റ്റീവ്‌ലോപ്പസിലൂടെ എന്നു അടിവരയിട്ടുപറയാം.
തലസ്ഥാന നഗരിയെന്ന നിലയില്‍ തിരുവനന്തപുരം നഗരത്തെ രാഷ്ട്രീയമായും അരാഷ്ട്രീയമായും നമ്മുടെ കാക്കത്തൊള്ളായിരം സിനിമകളില്‍ പ്രമേയമായും കാഴ്ചയായും ധൂര്‍ത്തടിച്ചിട്ടുണ്ട്. പക്ഷേ രാജീവ് രവിയുടെ “തിരോന്തരം കാഴ്ച” തീര്‍ച്ചയായും ഒരു വേറിട്ട നഗരകാഴ്ചയാണ് അനുഭവവേദ്യമാക്കുന്നത്!
ഭയം നിശാവസ്ത്രമാക്കിയ നഗരത്തിന്റെ ഇരുളും വെളിച്ചവും തിങ്ങിപ്പാര്‍ക്കുന്ന അധോതലജീവിതത്തിന്റെ തിരക്കും കിതപ്പും ചൂടും ചൂരുമെല്ലാം പപ്പുവിന്റെ ക്യാമറാത്തികവിലൂടെ ലൈവായി കാഴ്ചപ്പെടുത്തുന്നു.
“പയലുകള് പേടിച്ചിട്ടല്ലെയണ്ണാ ഓട്ണത്, അത്ങ്ങളെ എന്തിനണ്ണാ ഓടിച്ചിട്ട് പേട്പ്പിക്കണേത്” എന്ന ഡിക്ലാസ്സ് ഒറിജനല്‍ പ്രാദേശിക സ്‌ളാങ്ങിലൂടെ നഗരത്തിന്റെ പെയിന്റടിക്കാത്ത പച്ചമനുഷ്യരുടെ സംഭാഷണത്തിലൂന്നിയുളള പ്രൊമോ സോംങിലൂടെ തുടങ്ങുന്ന സ്റ്റീവ് ലോപ്പസ് നഗരജീവിതത്തിന്റെ ഒരു അധോതല ഡോക്യുഫിക്ഷനാണെന്നും പറയാം.
[]എട്ടും പൊട്ടും തിരിയാത്ത ചുമ്മാ ലോവെയ്സ്റ്റ് പാന്റ്‌സും വാട്ട്‌സ്ആപ് നേരംപോക്കും പേരിനൊരുപ്രേമവും ബീയറും ബൈക്ക് റൈഡ്‌സുമായി അരാഷ്ട്രീയപ്പെടുന്ന പുതിയ കാലത്തെ കൗമാര “പയലു”*കളിലൊരാളായി ആര്‍മാദിച്ച് നടന്ന സ്റ്റീവ് ലോപ്പസ് എന്ന പയ്യന്‍ യാദൃശ്ചികമായി ഒരു ഗ്യാങ് വാാറിന് സാക്ഷിയാകേണ്ടിവന്നതിനെ തുടര്‍ന്നുളള മാനുഷികപ്രശ്‌നങ്ങളുടെയും കണ്‍ഫ്യൂഷന്റെയും അന്വേഷണത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങളും പാഠഭേദങ്ങളുമാണ് ട്രീന്റ്‌മെന്റ് കൊണ്ട് വ്യത്യസ്തമായ ഈ സിനിമയുടെ കാതല്‍.
അതിസാധാരണമായ ഒരു കഥാനിര്‍മ്മിതിയെ അസാധാരണമായ ആഖ്യാനവഴികളിലൂടെ മോഹിപ്പിക്കുന്ന ഒരു കാഴ്ചാനുഭവമാക്കിയ സംവിധായകന്റെ കഴിവിനൊപ്പം ക്യാമറമാനായ പപ്പുവും പശ്ചാത്തലസംഗീതവും സ്‌കോറും ഒരുക്കിയ ചന്ദ്രന്‍വിളയാട്ടുമ്മലും ഷഹബാസ് അമനും സ്റ്റീവ് ലോപ്പസ്സെന്ന നിഷ്‌കളങ്ക കൗമാരത്തിന്റെ വിസ്മയവും പേടിയും വേദനയും അനുകമ്പയും രോഷവും പ്രണയവും ഭാവസാന്ദ്രമാക്കിയ ഫര്‍ഹാനും അലന്‍സിയറും സുജിത് ശങ്കറും അനില്‍ നെടുമങ്ങാടുമെല്ലാം പ്രകീര്‍ത്തിക്കപ്പെടുക തന്നെ വേണം.
സന്തോഷ് എച്ചിക്കാനത്തിന്റെയും രാജേഷ്രവിയുടെയും ഗീതുവിന്റെയും തിരക്കഥയ്ക്കും ഒട്ടും മുഷിപ്പിക്കാതെ നൂറ്റിപ്പതിനാറ് മിനിട്ട് വരെ വിഷ്വല്‍ മൂഡ് പ്രേക്ഷകരിലെത്തിച്ച എഡിറ്റിംങ് മികവും അഭിനന്ദനമര്‍ഹിക്കുന്നു.