ഒരു കൊച്ചു ഗ്രാമവും അവിടുത്തെ നല്ലവരായ ആളുകളുടെ ജീവിതവും പറയുന്ന കഥകളിലൂടെ മലയാള പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇന്നും പ്രേക്ഷകർ റിപ്പീറ്റടിച്ചു കാണുന്ന സത്യൻ അന്തിക്കാട് സിനിമകളുണ്ട്. സൂക്ഷ്മ ദർശിനി കണ്ടിറങ്ങിയ ഞാൻ എന്തിനാണ് സത്യൻ അന്തിക്കാടിനെ കുറിച്ച് പറയുന്നതെന്നാണോ?
ഒരു സത്യൻ അന്തിക്കാട് ഫ്ലേവറുള്ള ത്രില്ലർ ചിത്രമാണ് സൂക്ഷ്മ ദർശനിയെന്ന് പ്രൊമോഷൻ ഇന്റർവ്യൂകളിൽ നടൻ ബേസിൽ പറഞ്ഞിരുന്നു. ഒരു ഇട്ടാവട്ടത്തെ നാട്ടുകാരുടെ കഥയും അയൽപക്ക ജീവിതവും പറയുന്ന ഒരു കൊച്ചു സിനിമ തന്നെയാണ് സൂക്ഷ്മ ദർശനി. അതിലേക്ക് ത്രില്ലർ എന്ന വീര്യം കൂടിയ ഫോർമുല കൂടി ഇൻജെക്ട് ചെയ്താണ് സൂക്ഷ്മമായി സംവിധായകൻ സിനിമയെ പ്രേക്ഷകർക്കിടയിലേക്ക് ഇറക്കിയിട്ടുള്ളത്.
തുടരെ തുടരെ മിനിമം ഗ്യാരന്റീ ചിത്രങ്ങളുടെ ഭാഗമാവുന്ന ബേസിൽ ജോസഫും നാല് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന നസ്രിയയും ടെക്‌നിക്കൽ സൈഡിലുള്ള പ്രഗൽഭരായ ആളുകളുമെല്ലാം സിനിമ കാണാൻ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. സൂക്ഷ്മ ദർശിനിയിലേക്ക് വന്നാൽ പ്രിയദർശനിയെന്ന ഒരു സാധാരണക്കാരി നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം.
പണ്ട് നാടുവിട്ടു പോയ മാനുവലും കുടുംബവും പ്രിയദർശനിയുടെ അയല്പക്കത്ത് വരുന്നതും തുടക്കം മുതൽ എന്തോ നിഗൂഢ സ്വഭാവമുള്ള മനുവലിനെ കുറിച്ച് പ്രിയദർശിനി കൂടുതൽ അറിയാൻ ശ്രമിക്കുന്നതുമാണ് പ്രേക്ഷകരെ ഹുക്ക് ചെയ്യുന്ന പ്രധാന ഘടകം. പ്രിയയോടൊപ്പം പ്രേക്ഷകരും അന്വേഷണത്തിന്റെ ഭാഗമാവുമ്പോൾ ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന ത്രില്ലോടെ സിനിമ അവതരിപ്പിക്കാൻ എം.സി ജിതിന് സാധിക്കുന്നുണ്ട്.
എല്ലാ കാര്യത്തെയും അന്വേഷണ സ്വഭാവത്തോടെ സമീപിക്കുന്ന പ്രിയയുടെ വേഷം നസ്രിയയുടെ കയ്യിൽ ഭദ്രമായിരുന്നു. മുമ്പൊന്നും കാണാത്ത വിധത്തിലുള്ള ക്യാരക്ടറൈസേഷൻ കൊണ്ടുവരാൻ ബേസിൽ ജോസഫും ശ്രമിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ് , ജോജി, ഈയിടെ ഇറങ്ങി വലിയ വിജയമായ കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളിൽ വന്നു പോകുന്ന മിസ്റ്റീരിയസ് സ്വഭാവം സിനിമയിലുടനീളം കൊണ്ടുവരാൻ സൂക്ഷ്മ ദർശിനിക്ക് കഴിയുന്നുണ്ട്.
അത്രയും ത്രില്ലിങ്ങായി കഥ പറയാൻ ശ്രമിക്കുമ്പോഴും ബേസിലിൽ നിന്നുമുണ്ടാവുന്ന ചില സിറ്റുവേഷണൽ തമാശകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. പ്രേമലുവിന് ശേഷം അഖില ഭാർഗവനും ആവേശത്തിന് ശേഷം പൂജ മോഹൻ രാജും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. നസ്രിയയുമായിട്ടുള്ള ഇരുവരുടെയും കെമിസ്ട്രിയും നന്നായി വർക്കാവുന്നുണ്ട്.
പ്രിയയുടെ അന്വേഷണമായതുകൊണ്ട് തന്നെ ചിത്രത്തിൽ ഏറ്റവും സ്ക്രീൻ ടൈമുള്ളത് നസ്രിയക്ക് തന്നെയാണ്. ഓരോ ഘട്ടം കഴിയുമ്പോഴും ഇനി എന്താണ് സംഭവിക്കുകയെന്ന ചിന്ത പ്രേക്ഷകരിലുണ്ടാക്കാൻ അതുൽ രാമചന്ദ്രനും ലിബിൻ ടി.ബിയും ഒരുക്കിയ തിരക്കഥയും നന്നായി സഹായിക്കുന്നുണ്ട്.
ടെൻഷൻ ബിൽഡ് ചെയ്യാൻ ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ശരൺ വേലായുധന്റെ ക്യാമറ കണ്ണുകളും നന്നായി സഹായിക്കുന്നു. അത് വൃത്തിയായി എഡിറ്റ് ചെയ്യാൻ ചമൻ ചാക്കോക്കും കഴിഞ്ഞിട്ടുണ്ട്. മെറിൻ ഫിലിപ്പ്, ദീപക് പറമ്പോൽ തുടങ്ങിയവർ അവരുടെ കഥാപാത്രം ഭംഗിയാക്കിയപ്പോൾ ബേസിലിനൊപ്പമുള്ള സീനുകളിലൂടെ സിദ്ധാർഥ് ഭരതൻ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. അമ്മച്ചിയായി വേഷമിട്ട മനോഹരി ജോയിയും കയ്യടി അർഹിക്കുന്നുണ്ട്.
ഒരു വാട്സ് ആപ്പ് ഗ്രൂപ്പിന്റെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയുമാണ് പ്രിയ തന്റെ അന്വേഷണങ്ങൾ നടത്തുന്നത്. അതിനെ വേണ്ട രീതിയിൽ സംവിധായകൻ ഉപയോഗിക്കുന്നുണ്ട്. ഈയിടെയായി സോഷ്യൽ മീഡിയകളിൽ വൈറലാവുന്ന ചില വാക്കുകളും സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ഒന്ന് രണ്ട് വമ്പൻ ട്വിസ്റ്റുകൾ തന്ന് സിനിമ അവസാനിക്കുമ്പോൾ ഒരു ഫീൽ ഗുഡ് മിസ്റ്ററി ത്രില്ലർ കണ്ട പ്രതീതി പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്.
രണ്ടാംപകുതിയിൽ ചെറിയൊരു ലാഗ് ഒഴിവാക്കിയാൽ തീർച്ചയായും മികച്ച അനുഭവമായി മാറുന്ന സിനിമയാണ് സൂക്ഷ്മ ദര്ശിനി. സൂക്ഷ്മമായി ഉള്ളിലേക്ക് ഇറങ്ങിയാൽ സ്പോയിലർ ആവുന്നതിനാൽ ഇത്രയേയുള്ളൂ പറയാൻ..ഗോ ആൻഡ് വാച്ച് ഇറ്റ്
Content Highlight: Review Of Sookshma Dharshini Movie