മാലിക്ക് പോലെയൊരു ബിഗ് ബജറ്റ് ചിത്രവും അതേ സമയം തന്നെ സി.യു. സൂണ്‍ പോലൊരു പരീക്ഷണചിത്രവും എടുത്ത് വിജയിപ്പിച്ച വ്യക്തിയാണ് മഹേഷ് നാരായണന്‍. ഇന്ന് സീ 5 ലൂടെ പ്രദര്‍ശത്തിനെത്തിയ മനോരഥങ്ങള്‍ എന്ന ആന്തോളജി ചിത്രത്തിലെ ഷെര്‍ലക്ക് എന്ന സിനിമയുടെ സംവിധായകന്‍ മഹേഷ് നാരായണനാണ്.
സുന്ദരമായ ജീവിതം പ്രതീഷിച്ചുകൊണ്ട് പാശ്ചാത്യ രാജ്യത്തേക്ക് പറക്കുന്ന ആയിരമായിരം മലയാളികളെ പ്രതിനിധീകരിക്കുകയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രം. അമേരിക്ക പോലെയുള്ള വലിയൊരു രാജ്യത്ത് വിവാഹിയതയായിട്ടും ഭര്‍ത്തൃ സാമീപ്യമില്ലാതെ ഏകയായി കഴിയുന്ന ബാലുവിന്റെ ചേച്ചിക്ക് ആകെ ഉള്ള കൂട്ട് ഷെര്‍ലക്ക് എന്ന പൂച്ച മാത്രമാണ്. ഷെര്‍ലക്ക് ഹോംസ് ആരാധകനായ ചേച്ചിയുടെ ഭര്‍ത്താവ് ജയന്ത് ഷിന്‍ഡെ ആണ് പൂച്ചക്ക് ഷെര്‍ലക്ക് ഹോംസ് ഷിന്‍ഡെ എന്ന പേരിടുന്നത്. ബാലുവും ചേച്ചിയും പൂച്ചയും അടങ്ങുന്നതാണ് ‘ഷെര്‍ലക്ക്’ സിനിമയുടെ ലോകം.
അമേരിക്കയില്‍ ചേച്ചിയുടെ അടുത്തേക്ക് നല്ലൊരു ജോലിയും ജീവിതവും സ്വപ്നം കണ്ടെത്തുന്ന ബാലുവും ചേച്ചിയുടെ പൂച്ച ഷെര്‍ലോക്കിനെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഫോര്‍ച്യൂണ്‍ കുക്കിയില്‍ കിട്ടുന്ന ‘ഗ്രേറ്റ് തിങ്ക്‌സ് ഹാപ്പനിങ്ങില്‍’ വിശ്വസിച്ച് മികച്ച ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ബാലുവിനെ തുടക്കത്തില്‍ കാണാം കഴിയും. വളരെ സിസ്റ്റമാറ്റിക്കായ ചട്ടക്കൂടിനുള്ളില്‍ വളരുന്ന പൂച്ചയാണ് ഷെര്‍ലക്ക്. ഷെര്‍ലക്കിന്റെ എപ്പോഴുമുള്ള നിരീക്ഷണത്തിലും അനുവാദമില്ലാത്ത കടന്നുവരവിലും ബാലു അസ്വസ്ഥനാണ്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ശരിയാകാത്ത ബാലു മദ്യപാനത്തിലേക്കും വിഷാദത്തിലും കടക്കുകയാണ്. ഇവിടെ ബാലുവിന് കൂട്ടാകുന്നത് ഷെര്‍ലക്കാണ്. ഒരു സമയത്ത് നഖങ്ങള്‍ മുറിച്ചു മാറ്റിയതെന്ന് ചേച്ചി വിശേഷിപ്പിച്ച ഷെര്‍ലക്കിന്റെ നഖങ്ങള്‍ അപ്രതീക്ഷിതമായി പുറത്തു വന്നു.
സുന്ദരമായ രാജ്യത്തെ അസുന്ദരമായ ജീവിത ബന്ധങ്ങളെ കഥ വെളിച്ചത്തു കൊണ്ടു വരാന്‍ ശ്രമിക്കുന്നു. പുറമേ നഖങ്ങള്‍ പ്രത്യക്ഷമാക്കാത്ത, അവ വെട്ടിമുറിച്ചുവെന്ന പ്രതീതി ഉയര്‍ത്തുന്ന, എന്നാല്‍ വളരെ ഗൂഢമായി നഖങ്ങളെ ഉള്ളില്‍ താലോലിക്കുന്ന, വേണ്ടി വന്നാല്‍ അവ പ്രത്യക്ഷമാക്കുന്ന ഷെര്‍ലക്കാണ് അമേരിക്കയെന്ന് ഈ കഥ പറയുന്നു. സിനിമയുടെ തുടക്കത്തില്‍ കഥയിലെ നായകനാര്, പ്രതിനായകനാര് എന്ന സംശയം പ്രേക്ഷര്‍ക്ക് ഉണ്ടാകുമെങ്കിലും തുടക്കത്തില്‍ ബാലുവിന്റെ സമാധാനം തകര്‍ക്കാന്‍ വന്ന ഷെര്‍ലക്ക് ആണ് വില്ലനായി മാറുന്നതെങ്കിലും സിനിമയുടെ അന്ത്യത്തോടടുക്കുമ്പോള്‍ ഷെര്‍ലക്കിന്റെ സൈ്വര ജീവിതത്തില്‍ വിലങ്ങുതടി സൃഷ്ടിക്കുന്ന ബാലു പ്രതിനായകനായി മാറുന്നു.
സിനിമയുടെ ഏറ്റവും വലിയ കരുത്ത് ആര്യംപാടത്ത് ബാലകൃഷ്ണന്‍ എന്ന ബാലുവായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയാണ്. ഷെര്‍ലക്ക് എന്ന പൂച്ചയുടെ പ്രകടനവും അസാധ്യം എന്ന് തന്നെ വേണം പറയാന്‍. ഒരു വീടിനുള്ളിലുള്ള, ഭൂരിഭാഗം സമയവും പൂച്ചയും ബാലുവും മാത്രമായിരുന്നിട്ടുപോലും സിനിമ കാണികളെ മടുപ്പിക്കുന്നില്ല. മഹേഷ് നാരായണന്‍ എന്ന സംവിധായകന്റെ മിടുക്ക് തന്നെയാണ് ഇതിന് കാരണം. കുറഞ്ഞ സംഭാഷണങ്ങള്‍ മാത്രമുള്ള സിനിമയിലെ ബി.ജി.എമ്മും മികച്ചു നില്‍ക്കുന്നു.
എം.ടിയുടെ ഷെര്‍ലക്ക് അവസാനിക്കുന്നത്, ഷെര്‍ലക്കിന്റെ ദേഹം തടവുന്ന ബാലുവും ബാലുവിന്റെ നെഞ്ചില്‍ കാല്‍ കയറ്റിവെച്ച് മെത്തയിലേക്ക് അമര്‍ത്തി ഇരുന്ന്, ഉറങ്ങ്, സുഖമായി ഉറങ്ങ്.. ഞാനിവിടെയുണ്ട്, പേടിക്കാതെ ഉറങ്ങ് എന്ന് പിറുപിറക്കുന്ന ഷെര്‍ലക്കിലുമാണ്. എന്നാല്‍ സിനിമയുടെ അന്ത്യം കഥയില്‍ നിന്നും വ്യത്യസ്തമാണ്. എം.ടി യുടെ ഷെര്‍ലക്ക് അതേ കാതലോടെ വെള്ളിത്തിരയില്‍ പകര്‍ത്തുന്നതില്‍ സംവിധായകന് ഇടക്കെപ്പോഴോ പാളിപ്പോകുന്നുണ്ട്.
Content highlight: Review of Sherlok movies in Manorathangal series