ഗംഭീരം, അതല്ലാതെ ഈ ചിത്രത്തെ വര്‍ണ്ണിക്കാന്‍ വേറെ വാക്കുണ്ടോയെന്ന് സംശയമാണ്. നീലവെളിച്ചം എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ആഷിഖ് അബുവിന്റെ ഗംഭീര തിരിച്ചുവരവാണ് ‘റൈഫിള്‍ ക്ലബ്’. വലിയരീതിയിലുള്ള പ്രൊമോഷനോ ആഘോഷങ്ങളോ ഇല്ലാതെ വന്ന ചിത്രം വലിയ പ്രതീക്ഷയോടെയൊന്നുമല്ല കാണാന്‍ പോയത്. എന്നാല്‍ ‘റൈഫിള്‍ ക്ലബ്’ ഞെട്ടിച്ചു.
പടം മൊത്തത്തില്‍ ചുമപ്പാണ്. ചുമപ്പെന്ന് പറഞ്ഞാല്‍ നല്ല ചോര ചുമപ്പ്. സിനിമയുടെ കഥ മുതല്‍ കളര്‍ ടോണ്‍, തീം, സംഭാഷങ്ങള്‍ എന്നിവയിലെല്ലാം ചുമപ്പും ചോരയും ചുവക്കും. സിമ്പിള്‍ വണ്‍ ലൈനില്‍ പറഞ്ഞുപോകാവുന്ന കഥയെ മേക്കിങ് കൊണ്ട് മാജിക് തീര്‍ത്തിരിക്കുകയാണ് സംവിധായകന്‍. റൈഫിള്‍ ക്ലബ്ബിലെ താരം ആഷിഖ് അബു തന്നെയാണ്. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും ക്യാമറാമാനും അദ്ദേഹമാണ്.
വയനാട്ടിലെ പശ്ചിമഘട്ടത്തില്‍ നടക്കുന്ന സിനിമയെ അതിന്റെ പരമോന്നത ഭംഗിയില്‍ തന്നെ പകര്‍ത്താന്‍ ക്യാമറാമാന്‍ ആഷിഖ് അബുവിന് കഴിഞ്ഞു. ഓരോ ഫ്രെയിമും അത്രയും ഭംഗിയില്‍ അദ്ദേഹം എടുത്തുവെച്ചിട്ടുണ്ട്. ഓരോ സംഘട്ടന രംഗങ്ങളും അതിമനോഹരമായി കാണികളിലേക്ക് എത്തുന്നതില്‍ ക്യാമറാമാന്റെ പങ്ക് ചെറുതല്ല.
ആഷിഖ് അബു തന്റെ പതിവ് ശൈലിയെല്ലാം വിട്ടുപിടിച്ച ചിത്രമാണ് ‘റൈഫിള്‍ ക്ലബ്’. അമല്‍ നീരദ് സ്‌റ്റൈലില്‍ ഒരു ആഷിഖ് അബു ചിത്രമെന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ ചിത്രത്തെ കുറിച്ച് പറയാം. എന്നാല്‍ ഇതൊരു ഔട്ട് ആന്‍ഡ് ഔട്ട് ആഷിഖ് അബു ചിത്രമാണ്. മേക്കിങ് തന്നെയാണ് റൈഫിള്‍ ക്ലബ്ബിലെ സ്റ്റാര്‍. ആദ്യത്തെ കുറച്ച് മിനിറ്റുകള്‍ മെല്ലെ പോക്കായിരുന്നു. എന്നാല്‍ അത് സിനിമ ട്രാക്കിലേക്ക് കേറാന്‍ എടുക്കുന്ന സമയമായി കണക്കാക്കാം. ഇന്റര്‍വെല്ലിന് മുമ്പുള്ള പത്ത്- പതിനഞ്ച് മിനിട്ടാണ് ആഷിഖ് അബു കാണികളെ സിനിമയിലേക്ക് വലിച്ചിടുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് ‘വെടിയും പുകയുമായി’ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാനേ സംവിധായകന്‍ സമ്മതിക്കില്ല. കുറച്ച് ആക്ഷന് വകയുള്ള ചിത്രമെല്ലാം രാത്രിയില്‍ എടുക്കുന്നതാണല്ലോ നാട്ടുനടപ്പ്. എന്നാല്‍ ഈ സ്റ്റീരിയോടൈപ്പും സംവിധായകന്‍ ബ്രേക്ക് ചെയ്യുന്നുണ്ട്. തനിക്ക് മാസ് കാണിക്കാന്‍ പേരിനൊപ്പം ടാഗുകളുള്ള താരമോ രാത്രിയും പരിവാരങ്ങളും വേണ്ടെന്ന് ആഷിഖ് അബു തെളിയിക്കുന്നു.
ചിത്രത്തിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്ററുകളില്‍ ഒന്ന് കാസ്റ്റിങ്ങാണ്. ഇവരെ കണ്ടുകൊണ്ടാണോ കഥയെഴുതിയത് എന്ന് വരെ തോന്നിപോകും. അത്രയും ചേര്‍ച്ചയായിരുന്നു കഥാപാത്രങ്ങളും അഭിനേതാക്കളും തമ്മില്‍. ആരെ നോക്കണം എന്ന് തന്നെ ചില സീനില്‍ സംശയം തോന്നും. ഓരോരുത്തരും മത്സരിച്ചാണ് തന്റെ റോള്‍ ഗംഭീരമാക്കിയത്. ചിത്രത്തില്‍ എടുത്ത് പറയണം എന്ന് തോന്നിയ കാസ്റ്റിങ്ങില്‍ ഒന്നാണ് ഷാജഹാന്‍ എന്ന ചോക്ലേറ്റ് ഹീറോയായി വന്ന വിനീത് കുമാര്‍. വര്‍ഷം ഇത്രയായിട്ടും സൗന്ദര്യം കൊണ്ട് വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.
അതുപോലെതന്നെയാണ് അനുരാഗ് കശ്യപിന്റെ പ്രകടനവും. മംഗലാപുരം ഡോണ്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. വാണി വിശ്വനാഥിന്റെ ‘മാന്‍ ഇന്‍ ചാര്‍ജ്’ വേഷവും കയ്യടി നേടുന്നതാണ്. വിജയരാഘവന്‍, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന, ഉണ്ണിമായ, റാഫി, പൊന്നമ്മ ബാബു, തുടങ്ങിയവരെല്ലാം തന്നെ അവരവരുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു. ദിലീഷ് പോത്തനെക്കുറിച്ച് പരാമര്‍ശിക്കാതെ ഈ ലിസ്റ്റ് കംപ്ലീറ്റ് ആകില്ല. സെക്രട്ടറി അവറാന്‍ ആയി അദ്ദേഹം ജീവിക്കുകയായിരുന്നു. വേട്ടക്കാരന്‍ കോമഡി പീസാകുമെന്ന് വിചാരിച്ചിരുന്ന ഇടത്തുനിന്ന് ഒരു ഹീറോ ഉയരുകയായിരുന്നു. ആരാ നായകന്‍/ നായിക എന്ന പതിവ് ചോദ്യത്തിന് റൈഫിള്‍ ക്ലബ്ബില്‍ സ്ഥാനമില്ല. കാരണം ചിത്രത്തിന്റെ നായകനും നായികയും ‘റൈഫിള്‍ ക്ലബ്ബാണ്’.
റെക്‌സ് വിജയന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓരോ സീനിനെയും കൂടുതല്‍ ഭംഗിയാക്കിയപ്പോള്‍ ചിത്രത്തിലെ പാട്ടുകള്‍ ആവറേജ് ആയാണ് ഫീല്‍ ചെയ്തത്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവരുടെ തിരക്കഥ ക്‌ളീഷേ കഥയെ കൂടുതല്‍ ഇന്‌ട്രെസ്റ്റിങ് ആക്കി. എഡിറ്റിങ് നിര്‍വഹിച്ച വി. സാജനും തന്റെ ജോലി മനോഹരമായിത്തന്നെ ചെയ്തിട്ടുണ്ട്.
റോസാപൂ കയ്യില്‍ തുപ്പാക്കി വിരിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്നത് അതികിടിലമായ തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്. ഈ ക്രിസ്തുമസ് എന്തായാലും ‘രക്ത രൂക്ഷിതമാകും’ എന്ന സൂചനയാണ് റൈഫിള്‍ ക്ലബ് നല്‍കുന്നത്. തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ട, ഗംഭീര തീയേറ്റര്‍ എക്‌സ്പീരിയസ് ഗ്യാരണ്ടി നല്‍കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്.
Content Highlight: Review Of Rifle Club Movie