പ്രേമം മനുഷ്യനെ അന്ധൻ മാത്രമല്ല മണ്ടനും കൂടിയാക്കും എന്ന പ്രേമലുവിലെ ഡയലോഗിൽ നിന്ന് തന്നെ തുടങ്ങാം. എന്നാൽ പ്രേമം ഒരാളെ ഭ്രാന്തനാക്കി മാറ്റിയാൽ ഏങ്ങനെയുണ്ടാവും. പൈങ്കിളി എന്ന സിനിമ കണ്ടപ്പോൾ പറയാൻ തോന്നിയത് അതാണ്. വാലന്റൈൻസ് ഡേയിൽ തന്നെ റിലീസായത് കൊണ്ട് പ്രേമമാണ് സിനിമയുടെ പ്രധാന പ്രമേയം എന്ന് പറയാൻ കഴിയില്ല.
പല തവണയായി ലൈഫിൽ തിരിച്ചടി നേരിട്ടിട്ടുള്ള സുകുവിന്റെ കഥയാണ് പൈങ്കിളി. ‘സുകു വേഴാമ്പൽ’ എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ എന്നും പൈങ്കിളി വാക്കുകൾ പറഞ്ഞിരുന്ന സുകു ഒരു നാൾ മുതൽ ‘നോ ലവ്’ എന്ന് തീരുമാനിച്ച് നടക്കുകയാണ്, എന്നാൽ അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഷീബ ബേബിയെന്ന പെൺകുട്ടിയെ കാണുന്നതോടെ പിന്നെ എല്ലാം മാറി മാറിയും. പിന്നെ മുഴുവൻ ബഹളമാണ്..
കാത്തിരുന്ന സിനിമ തന്നെയാണ് പൈങ്കിളി. അതിന്റെ പ്രധാന കാരണം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന പ്രൊഡക്ഷനും ജിതു മാധവൻ എന്ന പേരുമായിരുന്നു. കഴിഞ്ഞ വർഷം മലയാളത്തിലിറങ്ങി വലിയ വിജയമായി മാറിയ ആവേശത്തിന്റെ സംവിധായകൻ ജിതു മാധവൻ കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയിൽ ആവേശത്തിൽ അമ്പനായി അഴിഞ്ഞാടിയ സജിൻ ഗോപു നായകനാവുന്നു എന്നതായിരുന്നു പ്രതീക്ഷ നൽകിയ ഏറ്റവും വലിയ കാര്യം.
ദിലീഷ് പോത്തൻ സിനിമകളിലെല്ലാം പ്രേക്ഷകർക്ക് കണ്ട് പരിചയമുള്ള ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പൈങ്കിളി. സജിൻ ഗോപുവിന്റെ പ്രകടനം തന്നെയാണ് സിനിമയെ പ്രധാനമായി പിടിച്ചു നിർത്തുന്ന ഘടകം. പ്രത്യേകിച്ച് റോഷൻ ഷാനവാസും സജിൻ ഗോപുവും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ സിനിമയുടെ പ്രധാന പോസിറ്റീവുകളിൽ ഒന്നാണ്. ആവേശത്തിന് ശേഷം റോഷൻ ഷാനവാസിന് കിട്ടിയ മികച്ച വേഷമാണ് പൈങ്കിളിയിലേത്.
സിനിമയിൽ നായികയായി എത്തിയത് രണ്ടുപേരാണ്. അനശ്വര്യ രാജനും, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ജിസ്മ വിമലും. പ്രധാന പ്ലോട്ടിലേക്ക് വരുമ്പോൾ അനശ്വരയുടെ കഥാപാത്രം കൺവിൻസിങ് ആവാത്ത ഫീൽ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. കുറച്ച് ഓവറായി ചെയ്യേണ്ട കഥാപാത്രം തന്നെയാണ് ഷീബ ബേബി. എന്നാൽ ചിലയിടങ്ങളിൽ കഥാപാത്രം അനശ്വരയുടെ കയ്യിൽ നിന്ന് വിട്ടുപോകുന്നുണ്ടായിരുന്നു. ആദ്യ സിനിമയെന്ന നിലയിൽ നല്ല രീതിയിൽ തന്നെ ജിസ്മ തന്റെ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.
നന്നായി ചിരി വരുന്ന ചില സീനുകൾ സിനിമയിലുണ്ട്. അതെല്ലാം നല്ല രീതിയിൽ പൈങ്കിളിയെ പിടിച്ചു നിർത്തുന്നുമുണ്ട്. എന്നാൽ കഥ തന്നെയാണ് സിനിമയുടെ പ്രശ്നം. ചിലപ്പോഴെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന തരത്തിൽ പ്രേക്ഷകർ ചിന്തിച്ചു പോവും. മേക്കിങിലോട്ട് വരുമ്പോൾ സിനിമ മികച്ചു നിൽക്കുന്നുണ്ട്. ജസ്റ്റിൻ വർഗീസിന്റെ സംഗീതത്തിനൊപ്പം അർജുൻ സേതുവിൻറെ ക്യാമറയും മികച്ച് നിന്നിരുന്നു.
മേക്കിങ്ങും സജിൻ ഗോപു, റോഷൻ ഷാനവാസ് എന്നിവരുടെ പ്രകടനവുമാണ് സിനിമയെ പിടിച്ചുനിർത്തുന്ന ഘടകം. കിരൺ ദാസിന്റെ എഡിറ്റിങ്ങും സിനിമയെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. ഫേസ്ബുക്ക് തമാശകൾ, ചില സിനിമകളുടെ റഫറൻസുകൾ, പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ പാട്ടുകൾ എന്നിവയെല്ലാം പൈങ്കിളിയിൽ ചേർത്തിട്ടും അവസാന റിസൾട്ട് ആവറേജായിട്ടാണ് മാറുന്നത്.
റിയാസ് ഖാൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ അതിഥി താരങ്ങളായി സിനിമയിൽ വരുന്നുണ്ട്. ചന്തു സലിംകുമാറിന്റെ ചില ഭാഗങ്ങൾ നന്നായി ചിരിപ്പിച്ചെങ്കിൽ മറ്റുള്ളവ വർക്ക് ആയില്ല. ക്ലൈമാക്സ് ആക്ടിലേക്ക് വരുമ്പോൾ ഒരു നിമിഷം പ്രേക്ഷകർ കൺഫ്യൂഷനാവുന്നുണ്ട്. കഥാപാത്രത്തിന് ശരിക്കും ഭ്രാന്തുണ്ടോ ഇല്ലേ എന്ന ചോദ്യം മനസിൽ വന്നാലും അത്ഭുതപ്പെടാൻ ഇല്ല. പ്രത്യേക മൂഡിൽ കഥ പറയാനാണ് പൈങ്കിളി ശ്രമിക്കുന്നത്. ചിരിച്ച് കാണാൻ കഴിയുന്ന എന്റർടൈനർ തന്നെയാണ് പൈങ്കിളി. എന്നാൽ എല്ലാംകൂടി അവിയൽ പരുവമായി കണ്ടിറങ്ങുമ്പോൾ ഒരു ശരാശരി അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്.
Content Highlight: Review Of Painkilli Malayalam Movie