ചിരിയുടെ നുണക്കുഴിയിലിറങ്ങാം
Entertainment
ചിരിയുടെ നുണക്കുഴിയിലിറങ്ങാം
നവ്‌നീത് എസ്.
Friday, 16th August 2024, 4:46 pm

ഒരു ചെറിയ കാര്യത്തിനായി നെട്ടോട്ടമോടുന്ന പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ഓരോ നിമിഷവും ചെന്ന് പെടുന്നത് പുതിയ പുതിയ പ്രശ്നങ്ങളിൽ. ഉരാ കുടുക്കിൽ കുടുങ്ങി കിടക്കുന്ന ഹീറോ. അപ്രതീക്ഷിതമായി പരിചയപ്പെടേണ്ടി വരുന്ന പുതിയ കഥാപാത്രങ്ങൾ. പിന്നെ അതൊരു കോമൺ പ്രശ്നമായി അവസാനം എല്ലാം കൂടെ ഒന്നിച്ച് കലങ്ങി മറഞ്ഞ് ആകെ ബഹളമാവുന്ന കഥാഗതി. ലോക സിനിമയിൽ തന്നെ ഒരുപാട് വട്ടം പരീക്ഷിക്കപ്പെട്ടിട്ടുള്ള കഥാതന്തുവാണിത്.

മലയാളത്തിൽ പ്രിയദർശനാണ് ഇത്തരം സിനിമകളുടെ അമരക്കാരൻ. അദ്ദേഹത്തിന്റെ സിനിമകളായ ബോയിങ് ബോയിങ്, കാക്കകുയിൽ, ചന്ദ്രലേഖ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. ടെൻഷൻ ഫ്രീയായി എൻജോയ് ചെയ്യാൻ കഴിയുന്ന ഇത്തരം സിനിമകൾക്ക് ഇന്നും വലിയ പ്രേക്ഷകരുണ്ട്.

ഈ ഴോണറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി. ദൃശ്യം, മെമ്മറീസ് തുടങ്ങിയ മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രങ്ങളിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് അദ്ദേഹം. എന്നാൽ മൈ ബോസ്സ് എന്ന സിനിമയിലൂടെ കോമഡി ചിത്രം തനിക്ക് വഴങ്ങുമെന്ന് മുമ്പ് തന്നെ തെളിയിച്ച സംവിധായകനാണ് ജീത്തു.

നുണക്കുഴിയിലേക്ക് ഇറങ്ങിയാൽ കെ.ആർ. കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്. ജീത്തു ജോസഫിന്റെ മുൻ ത്രില്ലർ ചിത്രങ്ങളായ കൂമൻ, 12th മാൻ എന്നിവയുടെ രചയിതാവും അദ്ദേഹമായിരുന്നു. ഒന്നിച്ച മൂന്നാമത്തെ സിനിമയിലും പ്രതീക്ഷ നിലനിർത്തുകയാണ് ഈ കോമ്പോ.

ബേസിൽ ജോസഫ് എന്ന എന്റർടൈനറുടെ അഴിഞ്ഞാട്ടം തന്നെയാണ് നുണക്കുഴി. ഓരോ സിനിമ കഴിയുമ്പോഴും ബേസിലിന് കിട്ടുന്ന സ്വീകാര്യത തെളിയിക്കുന്നതാണ് തിയേറ്ററിലെ കുടുംബ പ്രേക്ഷകരുടെ സാമിപ്യം. പതിവ് ബേസിൽ കഥാപാത്രങ്ങൾ പോലെ തന്നെയാണ് നുണക്കുഴിയിലെ എബി സക്കറിയ. കോടീശ്വരനായി ജനിച്ച എബി, ബേസിക്കല്ലി ഐ.ആം റിച്ച് എന്ന വാചകം എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും.

ഒട്ടും പക്വതയില്ലാത്ത, അമ്മയിപ്പോഴും കുഞ്ഞ് വാവയായി കരുതുന്ന എബിക്ക് മൂന്ന് മാസം മുമ്പ് കല്യാണം കഴിഞ്ഞ തന്റെ ഭാര്യയെ അല്പം നേരം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല. ഒരു ഇൻകം ടാക്സ് റെയ്ഡിന്റെ ഭാഗമായി എബിയുടെ സ്വന്തം പേർസണൽ ലാപ്ടോപ് നഷ്ടമാവുന്നതും അത് വീണ്ടെടുക്കാൻ എബി നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം.

ബേസിൽ, സിദ്ദിഖ്, ഗ്രേസ് ആന്റണി, ബൈജു തുടങ്ങിയവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്. പലരുടേയും വ്യത്യസ്ത കഥകൾ അവസാനം ഒന്നായി മാറുമ്പോൾ പ്രേക്ഷകർക്ക് നിറഞ്ഞ ചിരി നുണക്കുഴി സമ്മാനിക്കുന്നുണ്ട്.

ഒരു കാര്യം മറയ്ക്കാൻ ഒരു നുണ, അതിന് മുകളിൽ മറ്റൊരു നുണ.. അങ്ങനെ ഓരോ നുണകൾ വരുത്തി വെക്കുന്ന പൊല്ലാപ്പുകളെ എബി തരണം ചെയ്യുന്നതാണ് നുണക്കുഴിയുടെ ട്രാക്ക്. അജു വർഗീസ്, മനോജ്‌. കെ. ജയൻ, നിഖില വിമൽ,അസീസ് നെടുമങ്ങാട്, സൈജു കുറുപ്പ്, സ്വാസിക, ബിനു പപ്പു, അൽത്താഫ് സലിം തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിൽ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് തിരക്കഥ നൽകുന്നുണ്ട്.

ബേസിലും സിദ്ദിഖും, ബേസിലും ഗ്രേസ് ആന്റണിയും വരുന്ന കോമ്പിനേഷൻ സീനുകൾ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്നുണ്ട്. കണ്ടിരിക്കുന്നത് ഒരു ജീത്തു ജോസഫ് ചിത്രമാണെന്ന കാര്യം പ്രേക്ഷകർ മറക്കുമ്പോഴും രസകരമായ ചില ട്വിസ്റ്റുകളും നുണക്കുഴിയിൽ രൂപപ്പെടുന്നുണ്ട്.

പതിവ് പോലെ തന്നെ പോലെ ടെലിവിഷൻ മേഖലയിലെ ചിലർക്കും ജീത്തു ചിത്രത്തിൽ അവസരം നൽകിയിട്ടുണ്ട്. ഒന്ന് ഓവറായാൽ കയ്യിൽ നിന്ന് പോവുന്ന പല രംഗങ്ങളും ബേസിലും സിദ്ദിഖും മികച്ചതാക്കിയിട്ടുണ്ട്. ഒരു രാത്രി നടക്കുന്ന കഥയെന്ന നിലയിൽ മേക്കിങ്ങിലും മികച്ച് നിൽക്കുന്ന ചിത്രമാണ് നുണക്കുഴി.

സതീഷ് കുറുപ്പിന്റെ ക്യാമറക്കൊപ്പം വിഷ്ണു ശ്യാമിന്റെ മ്യൂസിക്കും കൂടെ ചേർത്ത് തുടക്കത്തിൽ തന്നെ പ്രേക്ഷകരെ നുണക്കുഴിയിലേക്ക് ജീത്തു ജോസഫ് വീഴ്ത്തുന്നുണ്ട്. വി. എസ്. വിനായകിന്റെ എഡിറ്റിങ്ങും നീതി പുലർത്തുന്നതായിരുന്നു.
മുമ്പ് പല സിനിമകളിലും കണ്ടിട്ടുള്ള കൂട്ടത്തല്ലുകളുടെ ഒരു സീനും, മദ്യപിക്കുന്ന സീനുകളിലെ ചില സീനുകളും ആവർത്തനമായി തോന്നി.

ലോജിക് നോക്കാതെ, രണ്ട് മണിക്കൂർ ചിരിച്ചിരിക്കാനാണ് പ്ലാനെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് നുണക്കുഴി. പ്രേമലു, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളെ പോലെ കോമഡി ട്രാക്കിലൂടെ ഹിറ്റാവാനുള്ള അടുത്ത ചിത്രമാണ് നുണക്കുഴി.

 

Content Highlight: Review Of Jeethujoseph’s  Nunakuzhi Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം