ഒരിക്കൽ മാത്രം കണ്ടൊരാളെ പിന്നീട് കണ്ടാൽ എത്രപേർക്ക് തിരിച്ചറിയാൻ സാധിക്കും? പണ്ട് ചെറുപ്പത്തിൽ ചില സിനിമകളിൽ ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് പ്രതിയുടെ സ്കെച്ച് തയ്യാറാക്കുന്നതൊക്കെ നമ്മളിൽ പലരും അത്ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ടാവും. എങ്ങനെയാണ് ഒരാൾക്ക് ഇത്തരത്തിൽ മറ്റൊരാളുടെ മുഖം ഓർത്തുവെക്കാൻ കഴിയുന്നു എന്നതാണ് നമ്മളെ എന്നും അത്ഭുതപ്പെടുത്തിയത്.
ഒരു കൊലപാതകം നേരിട്ട് കണ്ട അലീഷ എന്ന ജേർണലിസ്റ്റിൽ നിന്ന് കൊലപാതകിയുടെ മുഖം കണ്ടെടുക്കാനുള്ള ശ്രമമാണ് ഐഡന്റന്റി എന്ന സിനിമ. മലയാള സിനിമയുടെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് കഴിഞ്ഞു പോയത്. സ്വാഭാവികമായി 2025 ലെ ആദ്യ റിലീസ് എന്ന നിലയിൽ പ്രതീക്ഷയോടെ സമീപിച്ച സിനിമയാണ് ഐഡന്റിറ്റി. അതിന്റെ പ്രധാന കാരണം സിനിമയുടെ ട്രെയ്‌ലർ തന്ന ഇമ്പാക്ട് തന്നെയായിരുന്നു. ഫോറൻസിക് എന്ന ത്രില്ലർ സിനിമയ്ക്ക് ശേഷം അഖിൽ പോളും അനസ് ഖാനും ചേർന്ന് ഒരുക്കിയ സിനിമയാണ് ഐഡന്റിറ്റി.
ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ട ത്രില്ലർ തന്നെയായിരുന്നു ഫോറൻസിക്. മേക്കിങ്ങിലെയും തിരക്കഥയിലെയും ചെറിയ പോരായ്മകൾ ഒഴിവാക്കിയാൽ പിടിച്ചിരുത്തുന്ന ത്രില്ലറായിരുന്നു ഫോറൻസിക്. എന്നാൽ ഐഡന്റിയിലോട്ട് വരുമ്പോൾ മേക്കിങ്ങിലെ പിഴവുകളെല്ലാം അഖിൽ പോളും അനസ് ഖാനും നികത്തിയിട്ടുണ്ട്.
ടൊവിനോ തോമസ്, തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മികച്ച രീതിയിലാണ് ആരംഭിക്കുന്നത്. ഫ്ലാഷ്ബാക്കിൽ നിന്ന് പ്രസന്റിലോട്ട് വരുകയും നായകനായ ഹരൺ ശങ്കറിനെ കുറിച്ച് വ്യക്തമായ ധാരണയും പ്രേക്ഷകർക്ക് സിനിമ നൽകുന്നുണ്ട്. ഹരൺ ശങ്കറായി ടൊവിനോ അഭിനയിക്കുമ്പോൾ അലീഷയുടെ കഥാപാത്രമാവുന്നത് തൃഷയാണ്.
മുമ്പ് നിവിൻ പോളിക്കൊപ്പം ഒന്നിച്ച ഹേ ജൂഡ് എന്ന ആദ്യ മലയാള ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു തൃഷ കാഴ്ചവെച്ചത്. പിന്നീട് മോഹൻലാലിനൊപ്പം റാം എന്ന സിനിമ ചെയ്‌തെങ്കിലും അതിപ്പോഴും പെട്ടിയിലിരിക്കുകയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധനപ്പെട്ട നായിക നടിയെന്ന നിലയിൽ തൃഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമല്ല അലീഷ. തൃഷയ്ക്ക് സിനിമയിൽ സ്ക്രീൻ ടൈമും കുറവാണ്.
വിനയ് റായ് അവതരിപ്പിച്ച അലൻ എന്ന കഥാപാത്രമാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറ്റവും സ്ക്രീൻ ടൈം ഉള്ളതും ടൊവിനോക്കും വിനയ് റായിക്കുമാണ്. ഒഴുക്കോടെ പോകുന്ന ആദ്യ പകുതി ചെറിയ ചില ട്വിസ്റ്റുകളൊക്കെയായാണ് അവസാനിക്കുന്നത്. എന്നാൽ സിനിമയുടെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ഒരു കോംപ്ലിക്കേറ്റഡ് സ്റ്റേജിലേക്കാണ് സിനിമ കടക്കുന്നത്.
പ്രേക്ഷകരില്ലേക്ക് അതൊന്ന് കണക്ട് ആവുന്നതിന് മുമ്പ് തന്നെ തുടരെ തുടരെ ചില ട്വിസ്റ്റുകൾ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. എന്നാൽ കഥയിലെ ആ ഒഴുക്കില്ലായ്മ ട്വിസ്റ്റുകളിലെ ആ വൗ ഫാക്ടർ നഷ്ടപ്പെടുത്തി കളയുന്നുണ്ട്. പ്രധാന പ്ലോട്ടിൽ നിന്ന് വ്യതിചലിച്ച് സിനിമ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയാണ്. എല്ലാം തമ്മിൽ ബന്ധമുണ്ടെന്ന് സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഒരു സാധാരണ പ്രേക്ഷകന് അതെത്രത്തോളം മനസിലാക്കാം എന്നത് ഒരു ചോദ്യമാണ്.
വമ്പൻ കാസ്റ്റിങ്ങുള്ള ഒരു സിനിമയാണ് ഐഡന്റിറ്റി. ഷമ്മി തിലകൻ, അർച്ചന കവി, അജു വർഗീസ്, അർജുൻ രാധാകൃഷ്‌ണൻ, വിശാഖ് നായർ തുടങ്ങിയവർ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇവരിൽ ഷമ്മി തിലകൻ, അജു വർഗീസ് എന്നിവരുടെ പ്രകടനം മികച്ചു നിന്നു. പ്രധാന കഥാപാത്രമായ വിനയ് റായിക്കും തൃഷയ്‍ക്കും ചിലയിടങ്ങളിൽ നൽകിയ ഡബ്ബിങ് ശരിയാവാത്ത പ്രതീതി ഉണ്ടായിരുന്നു. രണ്ടാം പകുതിയുടെ അവസാന മുപ്പതു മിനിട്ടോളം ഫ്ലൈറ്റ് രംഗമായാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.
ടെക്നിക്കലി ടോപ്പ് നോച്ചായി അത് അവതരിപ്പിച്ചിട്ടുണ്ട്. അഖിൽ ജോർജിന്റെ ക്യാമറയും ചമ്മൻ ചാക്കോയുടെ എഡിറ്റിങ്ങിനുമൊപ്പം സാറ ബെലെല്ല, യാനിക്ക് ബെൻ എന്നിവരുടെ ആക്ഷനും കൂടെ ചേർന്നപ്പോൾ മികച്ച വിഷ്വൽ ട്രീറ്റായി സിനിമ മാറുന്നുണ്ട്. പ്രധാന പോസറ്റീവ് ഘടകം ജേക്സ് ബിജോയുടെ മ്യൂസിക്ക് തന്നെയായിരുന്നു. ജേക്സ് ഈ സിനിമയിലും നമ്മളെ നിരാശരാക്കില്ല.
സിനിമയിലെ ഒരു കാർ ചേസിങ് രംഗവും പിടിച്ചിരുത്തുന്ന ഒന്നായിരുന്നു. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നിന്ന് പതിയെ സിനിമ ആക്ഷൻ ത്രില്ലറായി മാറുകയായിരുന്നു. ടൊവിനോയുടെ ഒരുപാട് മാസ് സീനുകൾ കൊണ്ട് സമ്പന്നമായിട്ടും പ്രേക്ഷകർക്ക് കിട്ടേണ്ട ആ ഒരു ഇത് ഐഡന്റിറ്റിക്ക് നൽകാൻ കഴിഞ്ഞില്ല. ചൈൽഡ് ഹുഡ് ട്രോമാ, സെക്ഷ്വൽ അഭ്യൂസ് തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് സിനിമ പരാമർശിച്ച് അവസാനം സിനിമ കഴിയുമ്പോൾ അലീഷ എന്ന കഥാപാത്രം പ്രതിയെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ ആദ്യം കണ്ട സീനുകൾ മുതൽ പ്രേക്ഷകർ ഓർത്തു നോക്കേണ്ടി വരുന്നു എന്നതാണ് ഐഡന്റിയുടെ ഒരേയൊരു പോരായ്മ. അതൊഴിച്ചാൽ മികച്ച തിയേറ്റർ എക്സ്പിരിയൻസ് നൽകുന്ന വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന സിനിമയായി ഐഡന്റിറ്റി മാറുന്നുണ്ട്.
Content Highlight: Review Of Identity Malayalam movie