ഇതിലെ ഏറ്റവും നിര്ണായകമായ ക്രിസ്റ്റഫര് നോളന്റെ മുദ്രപതിഞ്ഞിട്ടുള്ള രംഗം ആണവ ബോംബിന്റെ പരീക്ഷണ സ്‌ഫോടനമാണ്. ആയിരം സൂര്യന്റെ വെളിച്ചവും പരിപൂര്ണ നിശ്ശബദ്തയോടെയും തുടങ്ങുന്ന ആണവജ്വലനം നമ്മളെ ഒരേസമയം ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു. തുടര്ന്നു വരുന്ന ശബ്ദവും അതിനൊപ്പം ശാസ്ത്രജ്ഞരുടെ ആഹ്‌ളാദ, അതിശയ ഭാവത്തിലേക്കുമുള്ള ഇന്റര്കട്ടിങ് ശാസ്ത്രഭാവനയുടെ തന്നെ സ്‌ഫോടനാത്മക നിഷ്ടൂരവശ്യതയെ കാണിച്ചുതരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിക്കാനെന്ന ഉദാരവാദ സാധൂകരണത്തോടെ ഹിരോഷിമക്കും നാഗസാക്കിക്കുംമേല്‍ അമേരിക്ക നടത്തിയ ആണവ സ്‌ഫോടനത്തില്‍ ലോകത്തോടൊപ്പം നടുങ്ങിയ അമേരിക്കയുടെ അസ്വസ്ഥമായ ലിബറല്‍ മനസാക്ഷിക്ക് ഇന്നു വരെ അവരവരോട് തന്നെ സ്വയം സന്ധിയാകാന്‍ കഴിഞ്ഞിട്ടില്ല. എഴുപത്തിയെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്കന്‍ ഉദാരവാദികളുടെ അന്തഃകരണത്തിലെ ഈ ഉണങ്ങാത്ത മുറിവില്‍ രക്തം ഇറ്റിക്കൊണ്ടിരിക്കുന്നു.
ക്രിസ്റ്റഫര്‍ നോളന്റെ ‘ഒപ്പെന്‍ഹൈമര്‍’ ഈ മുറിവിന്റെ വേദനയെപ്പറ്റിയുമാണ് സംവദിക്കുന്നത്.
ആഗോളമായുള്ള ലോകസമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയസംവാദങ്ങളില്‍ അമേരിക്കന്‍ ഉദാരവാദികള്‍ക്ക് വലിയ സ്വാധീനമുണ്ടെങ്കിലും സ്വന്തം രാജ്യത്തിലെ ഭരണക്രമത്തിനുമേല്‍ അവര്‍ക്ക് തെല്ലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. പെന്റഗണും സി.ഐ.എ.യും എന്‍.എസ്.എ.യും അവരുടെ സഹകാരികളായ അമേരിക്കന്‍ വന്‍കിട കോര്‍പറേറ്റുകളും ചേര്‍ന്നുള്ള സൈനിക -വ്യവസായ കോമ്പ്‌ലെക്‌സ് എന്നു വിശേഷിപ്പിക്കുന്ന അമേരിക്കന്‍ അധികാര വ്യവസ്ഥ അമേരിക്കന്‍ ഉദാരവാദികള്‍ക്ക് മറ്റുള്ള രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ നല്‍കുന്ന പ്രതീതിതലത്തിലെ അംഗീകാരം പോലും അനുവദിച്ചു നല്‍കുന്നില്ല.
ഇറാക്ക് അധിവേശത്തിനായി ഉയര്‍ത്തിക്കൊണ്ടുവന്ന സദ്ദാം ഹുസ്സൈന്‍ കൈവശം വെച്ചിരിക്കുന്ന ബഹുജനനശീകരണത്തിനായുള്ള ആയുധങ്ങള്‍ എന്ന വ്യാജവൃത്താന്തത്തെ ഉദാരവാദികളും എതിര്‍ത്തിട്ടുണ്ട്. ലോകം അവരെ കേള്‍ക്കാന്‍ സന്നദ്ധമായിരുന്നെങ്കിലും അവരെ തെല്ലുപോലും പരിഗണിച്ചില്ല അമേരിക്കന്‍ സാമ്രാജ്യത്വ ഭരണകൂടം.
ക്രിസ്റ്റഫര്‍ നോളന്റെ ‘ഒപ്പെന്‍ഹൈമര്‍’ അമേരിക്കന്‍ അതിക്രമവ്യവസ്ഥയുടെ ചരിത്രപരമായ കൊള്ളരുതായ്ജയെ വീണ്ടും ഓര്‍മിപ്പിക്കുന്നു.
ഒപ്പം, അമേരിക്കന്‍ ഉദാരവാദികളുടെ നിസ്സഹായതയെപ്പറ്റിയും. യഹൂദനായി ജനിച്ച ഭൗതിക ശാസ്ത്രജ്ഞനായ ഒപ്പെന്‍ഹൈമര്‍ നാസി വിരുദ്ധനായിരുന്നു ഇടതുപക്ഷ സഹയാത്രികനുമായിരുന്നു, ജര്‍മ്മിനിയില്‍ തുടരുന്ന ഹൈസെന്‍ബെര്‍ഗിനെ പോലുള്ള പ്രഗല്‍ഭരായ ശാസ്ത്രജ്ഞരെക്കൊണ്ടു ഹിറ്റ്ലര്‍ ആണവ ആയുധം നിര്‍മിക്കുമെന്ന് ഭീതി നിലനിന്നിരുന്ന ഘട്ടത്തിലാണ് ഒപ്പെന്‍ഹൈമറെ പോലുള്ളവര്‍ ആണവ ബോംബ് നിര്‍മാണത്തിനു തയ്യാറാകുന്നത്.
ക്രിസ്റ്റഫര്‍ നോളന്‍
പക്ഷെ, നോളന്റെ ‘ഒപ്പെന്‍ഹൈമര്‍’ ചിത്രത്തില്‍, നാസികള്‍ക്കെതിരയെയാണ് ആണവ ബോംബ് നിര്‍മിക്കുന്നതെങ്കിലും നാസി ഭീകരതയെപറ്റി ചില പരാമര്‍ശങ്ങളൊഴിച്ചാല്‍ സിനിമയില്‍ മറ്റൊന്നും തന്നെ ദൃശ്യവല്‍ക്കരിക്കുന്നില്ല. രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള അമേരിക്കന്‍ അധികാരവ്യവസ്ഥയുടെ കുടിലതയാണ് ഇതില്‍ വിചാരണ ചെയ്യപ്പെടുന്നത്.
രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റും റിവിഷനിസ്റ്റുമായ ചരിത്രരചനകള്‍ പറഞ്ഞുതരുന്നത് രണ്ടാം ലോക മഹായുദ്ധത്തെ അമേരിക്ക എങ്ങനെ ലാഭകരമായ ഒരു സംഭവമാക്കി മാറ്റിയെന്നാണ്. അതിനോടൊപ്പം തന്നെ ആഗോള സാമ്രാജ്യത്വ രാഷ്ട്രമായി എങ്ങനെ ഉദയം ചെയ്തുവെന്നുമാണ്.
വാസ്തവത്തില്‍, നാസികള്‍ക്കും ഇറ്റാലിയന്‍ ഫാസിസ്റ്റുകള്‍ക്കും ജാപ്പനീസ് അധിനിവേശഭരണകൂടത്തിനുമെതിരെ സഖ്യകക്ഷികളുടെ കൂടെ അമേരിക്ക പങ്കാളിയാക്കുന്നത് വൈകിയാണ്. നേട്ടങ്ങള്‍ അടിച്ചുമാറ്റുന്നതില്‍ ഒട്ടുവളരെ വിജയിച്ചെങ്കിലും ഫാസിസത്തിനെതിരെ യുദ്ധത്തില്‍ അമേരിക്ക അമാന്തിച്ചാണ് തുടങ്ങിയത്. മാത്രമല്ല, ജൂതവിരുദ്ധത ഇക്കാലയളവില്‍ അമേരിക്കയില്‍ ശക്തവുമായിരുന്നു.
Henry Ford, ചിത്രത്തിന് കടപ്പാട് : Portrait by Fred Hartsook
ഹെന്റി ഫോര്‍ഡിനെ പോലുള്ള വന്‍വ്യവസായികള്‍ക്കെതിരെയുള്ള പ്രധാന ആരോപണം നാസി അനുകൂല നിലപാടുണ്ടായിരുന്നു എന്നാണ്. ജര്‍മനിയില്‍ നിന്ന് പലായനം ചെയ്ത ഒട്ടനവധി യഹൂദരായ ശാസ്ത്രജ്ഞര്‍ക്കും തത്വചിന്തകര്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും അമേരിക്ക അഭയം നല്കിയെന്നത് വസ്തുതയാണെങ്കിലും അതിനെതിരെ വലിയ എതിര്‍പ്പുകള്‍ അമേരിക്കയില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. ‘ട്രാന്‍സ്അറ്റ്‌ലാന്റിക്’ വെബ്‌സീരീസ് ഇക്കാര്യത്തെപ്പറ്റി പ്രതിപാദിക്കുന്നു.
‘ഒപ്പെന്‍ഹൈമര്‍’ വിശ്വാസവഞ്ചകമായ അമേരിക്കന്‍ സൈനിക -രാഷ്ട്രീയ ഭരണാധികാര വ്യവസ്ഥയെ തുറന്നുകാണിക്കുന്നു. ഉദാരവാദത്തിന്റേത് പുറംപൂച്ച് മാത്രമാണെന്നും ഇത് യഥാര്‍ത്ഥത്തില്‍ മറച്ചുവെയ്ക്കുന്നത് രാഷ്ട്രത്തിന്റെ വിജ്ഞാനവിരുദ്ധവും മനുഷ്യവിരുദ്ധവും ജനാധിപത്യബോധം തരിമ്പുമില്ലാത്തതും എന്നാല്‍ കപടനാട്യങ്ങള്‍ ആവോളവുമുള്ള സ്വാര്‍ത്ഥവും അധാര്‍മികവുമായ വ്യവസ്ഥയെയുമാണ്.
രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ ഭാഗമായി യു.എസിനെ നയിച്ച ഹാരി എസ് ട്രൂമാനെ റോബര്‍ട്ട് ഒപ്പെന്‍ഹൈമര്‍ (സിലിയന്‍ മര്‍ഫി തന്മയത്വത്തോടെ അവതരിപ്പിച്ച) കാണുന്ന രംഗം ക്രിസ്റ്റഫര്‍ നോളന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യകൂട്ടക്കുരുതിയ്ക്ക് കാരണമായ ആണവ ബോംബ് നിര്‍മിച്ചതിലുള്ള മനോവേദന അനുഭവിക്കുന്ന ഒപ്പെന്‍ഹൈമര്‍ ട്രൂമാനോട് ഇതു തുറന്നുപറയുന്നുണ്ട്.
Cillian Murphy as Robert Oppenheimer
ഹൈഡ്രജന്‍ ബോംബിനെ ഒപ്പെന്‍ഹൈമര്‍ എതിര്‍ക്കാനുള്ള കാരണവും ഇതായിരുന്നു. ഇതിനോട് അങ്ങയേറ്റത്തെ അവജ്ഞയോടെയും പ്രസിഡന്റിന്റെ അധികാര ഗര്‍വോടെയും ട്രൂമാന്‍ പറയുന്നത് ‘നിങ്ങളാരാണ്, ഞാനാണ് ബോംബിടാന്‍ പറഞ്ഞത്. ഞാനാണതിനു കാരണഭൂതന്‍’. ട്രൂമാന്റെ ദാര്‍ഷ്ട്യം കാണിക്കുന്നത് കുറ്റകരമായ ഒരു പ്രവര്‍ത്തിയുടെ ഉത്തരവാദിത്തമേറ്റെടുക്കുന്ന രാഷ്ട്ര തലവനെയല്ല, പകരം, അധികാരത്തിനു മുമ്പാകെ നിസ്സാരനായ ഒരു ശാസ്ത്രജ്ഞനു ഭരണകൂടം ആജ്ഞാപിച്ചത് അനുസരിക്കുക മാത്രമേ പറ്റുകയുളൂ എന്ന് വ്യക്തമാക്കുന്ന പരമാധികാരിയെയാണ്.
ഒപ്പെന്‍ഹൈമര്‍ ട്രൂമാനെ കണ്ടതും അവര്‍ നടത്തിയ സംഭാഷണത്തെക്കുറിച്ചും അവിടെ യഥാര്‍ത്ഥത്തില്‍ നടന്നതെന്നന്താണെന്നും പ്രസിദ്ധ ഹോളിവുഡ് സംവിധായകന്‍ ഒലിവര്‍ സ്റ്റോണ്‍ ‘ദി കണ്‍സൈസ് അണ്‍ടോള്‍ഡ് ഹിസ്റ്ററി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്‌സ്’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
അതിങ്ങനെയാണ്:‘1945 ഒക്ടോബറില്‍ ട്രൂമാന്‍ റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ കണ്ടുമുട്ടിയപ്പോള്‍, റഷ്യക്കാര്‍ എപ്പോള്‍ സ്വന്തം നിലയില്‍ ആറ്റം ബോംബ് വികസിപ്പിക്കുമെന്ന് ഊഹിക്കാന്‍ ഒപ്പെന്‍ഹൈമറോട് ആവശ്യപ്പെട്ടു. ഒപ്പെന്‍ഹൈമറിനു അതിനുള്ള ഉത്തരം അറിയില്ല എന്നു പറഞ്ഞു. ട്രൂമാന്‍ പറഞ്ഞു തനിക്ക് അതിനുള്ള ഉത്തരം അറിയാമെന്ന്. ‘ഒരിക്കലും ഇല്ല.’ എന്നാണ്. പ്രസിഡന്റിന്റെ അജ്ഞതയില്‍ വ്യക്തമായി ആശ്ചര്യപ്പെടുകയും വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം തനിക്ക് മനസ്സിലാകാത്തതില്‍ നിരാശപ്പെടുകയും ചെയ്തു.
ഒപ്പെന്‍ഹൈമര്‍ വളരെ സങ്കടത്തോടെ പറഞ്ഞു’ മിസ്റ്റര്‍ പ്രസിഡണ്ടന്റ്, എന്റെ കൈകളില്‍ രക്തം പറ്റിയിരിക്കുന്നു.’ ഇതുകേള്‍ക്കേ അരിശത്തോടെ ട്രൂമാന്‍ പ്രതികരിച്ചു,’ എന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട്. അതിനെക്കുറിച്ചു ഞാന്‍ വിഷമിച്ചോളാം.’ ഇതിനു ശേഷം, ട്രൂമാന്‍ ഡീന്‍ അച്ചെസണോട് പറഞ്ഞു, ‘ഈ ഓഫീസില്‍ ഈ പട്ടി മകനെ (സണ്‍ ഓഫ് എ ബിച്) കണ്ടു പോകരുത്’.
ഒപ്പെന്‍ഹൈമര്‍, ചിത്രത്തിന് കടപ്പാട്: wikipedia.org
പിന്നീട്. സോവിയറ്റ് യൂണിയന്റെ ഒരു ഏജന്റ് എന്ന നിലയില്‍ വലതുപക്ഷ യാഥാസ്ഥിതികര്‍ ഓപ്പണ്‍ഹൈമറെ നിരന്തരം വേട്ടയാടുകയും എഫ്ബിഐയുടെ നിരവധി അന്വേഷണങ്ങള്‍ക്ക് വിധേയനാക്കുകയും ചെയ്തു. 1954-ല്‍ അദ്ദേഹത്തിന്റെ സുരക്ഷാ അനുമതി റദ്ദാക്കപ്പെട്ടു. കൂട്ടക്കൊലയുടെ (mass genocide) ആയുധമായി അദ്ദേഹം കരുതിയ പുതിയ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതാണ് അമേരിക്കന്‍ അധികാരികളുടെ കണ്ണിലെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കറ്റം.
എഫ്.ബി.ഐയുടെ കുപ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച മകാര്‍ത്തിയിസ്റ്റുമായിരുന്ന മേധാവി എഡ്ഗാര്‍ ജെ ഹൂവറിനു ലഭിച്ച ഒരു പരാതിയിന്മേല്‍ തട്ടിക്കൂട്ടിയ ഒപ്പെന്‍ഹൈമര്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റഫര്‍ നോളന്റെ ഒപ്പെന്‍ഹൈമര്‍ ബിയോപിക് അനാവൃതമാകുന്നത്.
ഋജുരേഖീയമായ പ്രതിപാദ്യമല്ല ഈ സിനിമയുടേത്. സമയസഞ്ചാരങ്ങളുടെ ആഖ്യാനകലയില്‍ പ്രതിഭയായ ക്രിസ്റ്റഫര്‍ നോളന്‍ ഒപ്പെന്‍ഹൈമറുടെ വിദ്യാര്‍ത്ഥി കാലം മുതല്‍ സെനറ്റിന്റെ അന്വേഷണം ഒപ്പെന്‍ഹൈമറെ കുറ്റാരോപണ വിമുക്തനാക്കുന്നതു വരെയുള്ള ജീവിതകഥയാണ് പ്രതിപാദിക്കുന്നത്. സംശയാലുവും ഉള്‍വലിഞ്ഞ വ്യക്തിത്വവുമായിരുന്നു വിദ്യാര്‍ത്ഥി ജീവിതകാലത്തില്‍ ഒപ്പെന്‍ഹൈമറുടേത്.
കേംബ്രിഡ്ജ് രസതന്ത്ര വിദ്യാര്‍ത്ഥിയായ ഒപ്പെന്‍ഹൈമറുടെ അന്വേഷണാത്മകമായ ജ്ഞാനതൃഷ്ണ തിരിച്ചറിഞ്ഞ നീല്‍സ് ബോറാണ് ഗോട്ടെന്‍ഗണിലേക്ക് ഫിസിക്‌സ് പഠിക്കാന്‍ നിര്‍ദേശിക്കുന്നത്. ഏറെക്കുറെ എംപിരിക്കലും വിശകലനാത്മകവുമായ രസതന്ത്രത്തേക്കാള്‍ മൗലിക ചിന്തയ്ക്ക് പ്രചോദനമാകുന്നത് ഭൗതികശാസ്ത്രമാണ് എന്ന നിര്‍ദേശം സത്യമാണ്.
ഗവേഷകനായ ഒപ്പെന്‍ഹൈമര്‍ ടി.എസ് എലിയറ്റ് വായിക്കുന്നു, ക്യൂബിസ്റ്റ് ചിത്രകല കാണുന്നു, ഗീത വായിക്കുന്നു. ബഹുതാല്പര്യങ്ങളുള്ള വ്യക്തിത്വമാണ് ഒപ്പെന്‍ഹൈമറുടേത്. സൈദ്ധാന്തിക ഭൗതികശാസ്ത്രമാണ് ഒപ്പെന്‍ഹൈമരുടെ ഗവേഷണമേഖല.
ജര്‍മനിയില്‍ നിന്ന് മടങ്ങുന്ന ഒപ്പെന്‍ഹൈമര്‍ അക്കാലത്തെ ധിഷണാശാലികളെയും ജിജ്ഞാസുക്കളെയും പോലെ ഇടതുപക്ഷത്തോട്, പ്രത്യേകിച്ചും, കമ്മ്യൂണിസത്തോട് ആദര്‍ശപരമായ ചായ്വുള്ളവ വ്യക്തിയായിരുന്നു. സ്‌പെയിനിലെ ഏകാധിപതി ഫ്രാന്‍കോവിനെതിരെ നടന്ന ആഭ്യന്തര ചെറുത്തുനില്‍പിനോട് ധിഷണാശാലികളായ പലരും ഐക്യപെട്ടിരുന്നു.
സ്റ്റാലിനിസത്തിന്റെ യാഥാര്‍ഥ്യം പുറത്തുവരുംമുമ്പേ ലോക വിമോചനത്തിന്റെ ദാര്‍ശനിക രാഷ്ട്രീയമായ കമ്മ്യൂണിസത്തിന്റെ ആകര്‍ഷണത്തില്‍ ധിഷണാശാലികള്‍ പെടാതിരിക്കുന്നതായിരുന്നു അക്കാലത്തെ അത്ഭുതം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുത്തില്ലെങ്കില്‍ പോലും ഇടതുപക്ഷ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടവരായിരുന്നു പലരും. പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയോ ഔദ്യോഗിക പാര്‍ട്ടി നേതൃത്വത്തോട് കീഴപ്പെടുകയോ ചെയ്യാതെ, പലപ്പോഴും ആശയപരമായി വിയോജിച്ചും മാര്‍ക്‌സിസത്തെയും ശാസ്ത്രീയ സോഷ്യലിസത്തെയും തങ്ങളുടെ അന്വേഷണവഴികളില്‍ കൊണ്ടുവന്നവരാണ് പല പ്രമുഖ ചിന്തകരും.
ഇത് അന്നത്തെ ലോകത്തിന്റെ പൊതു സവിശേഷതയാണ്.
ദാമോദര്‍ ധര്‍മാനന്ദ് കൊസാംബി
ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും നല്ല ഉദാഹരണം ദാമോദര്‍ ധര്‍മാനന്ദ് കൊസാംബി തന്നെ. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വമാണെങ്കിലോ വര്‍ത്തമാന അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ധിഷണയില്‍ മധ്യവര്‍ത്തിയേക്കാള്‍ മുകളിലും. ഈ നിലയില്‍ നിന്ന് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിട്ട് കൂടി വന്നാല്‍ രണ്ടോ മൂന്നോ ദശകം മാത്രമേ ആയിട്ടുള്ളൂ. പ്രത്യേയശാസ്ത്ര ശുഭാപ്തി വിശ്വാസത്തേക്കാള്‍ കാര്യസാധ്യവും പാദസേവയുമായി ഇന്നത്തെ പ്രഭൃതികളുടെ വിശ്വാസസംഹിതയുടെ അടിസ്ഥാനം. അതെന്തായാലും വേറെ ചില ബിയോപിക്കിനുള്ള കഥാതന്തു.
ക്രിസ്റ്റഫര്‍ നോളന്റെ ‘ഒപ്പെന്‍ഹൈമറി’ലേക്ക് മടങ്ങി വരാം. മന്‍ഹട്ടാന്‍ ‘നാറ്റം ബോംബ്’ (അയ്യപ്പപണിക്കര്‍ക്ക് ആദരപൂര്‍വം) പ്രോജക്ടിന്റെ ചുമതലക്കാരനായി ഭരണകൂടം ഒപ്പെന്‍ഹൈമറെ നിര്‌ദേശിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സൈക്യാട്രിസ്റ്റായ ജീന്‍ ടാറ്റ്ലോക്കുമായി (ഫ്‌ലോറന്‍സ് പഗ്) ഒപ്പെന്‍ഹൈമര്‍ പ്രണയത്തിലാകുന്നു. ആഹ്‌ളാദസുരതവേളയില്‍ ഫലേച്ഛയില്ലാത്ത കര്‍മം പോലെ ജീന്‍ ടാറ്റലോക്കിനായി ഗീതാ പാരായണം ചെയ്യുന്നുണ്ട് ഒപ്പെന്‍ഹൈമര്‍. ഇതുകണ്ടതോടെ അരസികന്മാരായ ഹിന്ദുത്വവാദികള്‍ സിനിമ ബഹിഷ്‌കരണ ആഹ്വാനവുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
ഓപ്പണ്‍ഹൈമര്‍ സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി ശൃംഗകരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഒരിടതുപക്ഷ ഒത്തുചേരലിനിടയില്‍ ഒപ്പെന്‍ഹൈമര്‍ മാര്‍ക്‌സിനെ ഉദ്ധരിച്ചുക്കൊണ്ടു . ‘ഉടമസ്ഥത കവര്‍ച്ചയാണ്’ എന്നു പറയുന്നു. ജീന്‍ റാറ്റ്ലോക് ‘സ്വത്താണ് കവര്‍ച്ച’ എന്നാണ് മാര്‍ക്‌സ് എഴുതിയതെന്നു പറഞ്ഞു തിരുത്തുന്നു.
ഒപ്പെന്‍ഹൈമറുടെ ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ഉടന്‍ മറുപടി മൂലധനം അതിന്റെ മൂലഭാഷയായ ജെര്‍മനിലാണ് താന്‍ വായിച്ചതെന്നാണ്. ഒപ്പെന്‍ഹൈമര്‍ ഒരിക്കലും തന്റെ ഇടതുപക്ഷ നിലപാടില്‍ ക്ഷമയാചന നടത്തിയിട്ടില്ല. Unapologetic Left എന്ന് വിശേഷിപ്പിക്കില്ലെ -അതായിരുന്നു ഒപ്പെന്‍ഹൈമര്‍. പ്രതിസന്ധികളുടെ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും അയാള്‍ ഇടതുപക്ഷ ബന്ധത്തിന്റെ പേരില്‍ ചകിതനായിട്ടില്ല.
പാര്‍ട്ടി അമേരിക്കയില്‍ അധികാരത്തില്‍ വരികയും തുടര്‍ഭരണം കിട്ടുകയും ചെയ്യുമ്പോള്‍ എന്തെങ്കിലും സ്ഥാനം ലഭ്യമാകുമോ എന്ന മോഹത്താല്‍ ഇടതുപക്ഷമായി പരിണമിച്ച വ്യക്തിത്വമല്ലെന്നു ചുരുക്കം. ഒപ്പെന്‍ഹൈമര്‍ വിവാഹം കഴിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കിറ്റി പ്യൂണിംഗിനെയാണ് (എമിലി ബ്ലൗണ്ട്). ഇവര്‍ ഒപ്പെന്‍ഹൈമറിനെ വിവാഹം കഴിക്കും മുമ്പ് മൂന്ന് തവണ വിവാഹിതയാണ്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലെ ചെറുത്തുനില്‍പ് സൈന്യത്തിന് സംഭാവനകളും നല്‍കിയിരുന്നു ഒപ്പെന്‍ഹൈമര്‍.
സമാന്തരമായി മറ്റൊരു ട്രാക്ക് സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. 1959-ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍.അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ലൂയിസ് സ്‌ട്രോസസിന്റെ കാഴ്ചപ്പാടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഈ പ്രതിപാദ്യം. ഇതേ രംഗങ്ങള്‍ ഒപ്പെന്‍ഹൈമറുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുമ്പോള്‍ കളറിലുള്ളതാകുന്നു.
സ്‌ട്രോസിന് വളരെ കാലമായി ഓപ്പണ്‍ഹൈമറെ അറിയാം. സ്ട്രോസാണ് വിധിനിര്‍ണായകമാകുന്നത് ഒപ്പെന്‍ഹൈമറുടെ അറ്റം ബോംബ് നിര്‍മാണത്തെ തുടര്‍ന്നുള്ള ജീവിതത്തില്‍. രാജ്യങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ ഈഗോ ശാസ്ത്രജ്ഞര്‍ തമ്മിലുണ്ടാകുമെന്ന നീരീക്ഷണം എത്ര ശരിയാണ്. വിനാശകരമായ ഈഗോയുടെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് പ്രതിഭാശാലിയായ ഒപ്പെന്‍ഹൈമറിനാണ്.
സ്ട്രോസിനൊപ്പം നില്ക്കാന്‍ ശീതസമരകാല അധികാര വ്യവസ്ഥയുടെ പിണിയാളുകള്‍ മുഴുവനുമുണ്ട്. ഒപ്പെന്‍ഹൈമറെ അമേരിക്കന്‍ അധികാര വ്യവസ്ഥ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് കാണിച്ചുതരുമ്പോഴും ക്രിസ്റ്റഫര്‍ നോളനന്റെ ഉദാരവാദത്തിനു അന്ത്യന്തികമായി അമേരിക്കന്‍ വ്യവസ്ഥയെ തള്ളുക വയ്യ. എവിടെയോ നന്മ അവശേഷിക്കുന്നതായി അതിനു കാണിക്കാതെയും വയ്യ. സ്ട്രോസ് പ്രതിസന്ധിയിലാകുന്നതും ഒപ്പെന്‍ ഹൈമറിനെ ആരോപണവിമുക്തനാക്കാന്‍ അന്ന് തികച്ചും അജ്ഞാതനായ ജോണ്‍ എഫ് കെന്നഡിയുടെ പിന്തുണ കിട്ടുന്നതും അമേരിക്കയുടെ വര്‍ത്തമാന രാഷ്ട്രീയത്തിനെക്കുറിച്ചുള്ള സൂചനയായും വായിക്കാം.
ജോണ്‍ എഫ് കെന്നഡി, ചിത്രത്തിന് കടപ്പാട്: Wikimedia Commons
ന്യൂ മെക്സിക്കോ മരുഭൂമിയിലെ ലോസ് അലാമോസ് എന്ന മരുഭൂമിയില്‍ പെട്ടെന്ന് പടുത്തുയര്‍ത്തിയ രഹസ്യകേന്ദ്രത്തിലെ ആണവ ബോംബിന്റെ നിര്‍മാണമാണ് ചല ച്ചിത്രത്തിന്റെ മുഖ്യഭാഗവും. അവിടെ, ജനറല്‍ ഗ്രോവ്‌സും ഓപ്പണ്‍ഹൈമറും രഹസ്യകേന്ദ്രം എന്ന നിലയില്‍ നിലയില്‍ ബോംബ് വികസിപ്പിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്ക് ശാസ്ത്രജ്ഞരെ കൊണ്ടുവരുന്നു.
ലോസ് അലാമോസ് രംഗങ്ങളില്‍ സിനിമയുടെ ചലനാത്മകത കൂടുകയും ആലോചനപരവുമാകുകയും ചെയ്യുന്നു. ആരൊക്കെയാണ് അവിടെ അണിനിരക്കുന്നത്. ലോകം ഓരോ നിലയിലും ആദരിച്ച മഹാപ്രതിഭകളായ ശാസ്ത്രജ്ഞര്‍. എന്റികോ ഫെര്‍മി, ലിയോ സ്സിലാര്‍ഡ്, ക്ലൗസ് ഫ്യൂക്‌സ്, ഫെയ്ന്‍മാന്‍, ടെല്ലര്‍. മഹാരഥന്മാരെയും ഒപ്പെന്‍ഹൈമര്‍ കണ്ടുമുട്ടുന്നുണ്ട്- ഐന്‍സ്റ്റീനെയും ഗോദെലിനെയും.
ഒരു തുണ്ടുകടലാസ്സില്‍ ചെയ്ത ഫോര്‍മുലയുടെ കണക്കുകളുമായാണ് ഒപ്പെന്‍ഹൈമര്‍ ഐന്‍സ്റ്റീനെ സമീപിക്കുന്നത്.
ഐന്‍സ്റ്റീന്‍, ചിത്രത്തിന് കടപ്പാട്: Wikimedia Commons
ഇത് ശരിയാണോ എന്ന് പരിശോധിക്കാനാണ് ചെല്ലുന്നത്. ചങ്ങല റിയാക്ഷനിലൂടെ ഭൂമി തന്നെ ചാമ്പലാകുന്ന താപമുണ്ടാകുമോ എന്നാണ് സംശയം. ഐന്‍സ്റ്റീന്‍ മറ്റൊരു ശാസ്ത്രജ്ഞനെകൂടി സമീപിക്കാന്‍ നിര്‍ദേശിക്കുന്നു. എങ്കിലും മൊത്തം ചാമ്പലാകുന്നതിനുള്ള പൂജ്യം സാധ്യത മാത്രമേയുള്ളൂ എന്നാണ് അവര്‍ അനുമാനിക്കുന്നത്.
ഐന്‍സ്ടീനുമായുള്ള ആദ്യ കണ്ടുമുട്ടല്‍ സ്റ്റൗസ്സിനൊത്തു സ്ട്രൗസിന്റെ കാഴ്ചപ്പാടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. പിന്നീട് അവസാന രംഗത്തില്‍ ഒപ്പെന്‍ഹൈമറുടെ കാഴ്ചപ്പാടില്‍ കളറിലുമാണ് ഇത് കാണിക്കുന്നത്. ഐന്‍സ്റ്റീനും ഒപ്പെന്‍ഹൈമറും തമ്മില്‍ എന്താണു പരസ്പരം പറഞ്ഞതെന്നു അവസാനമാണ് അറിയുന്നത്. എന്തായാലും, അറ്റോമിക് എനെര്‍ജി കമ്മീഷന്റെ അധ്യക്ഷനായ സ്ട്രൗസിനെ ഐന്‍സ്റ്റീന്‍ ശ്രദ്ധിക്കാതിരുന്നത് സ്ട്രൗസിനു ഒപ്പെന്‍ഹൈമര്‍ക്കെതിരെ അടങ്ങാത്ത വൈര്യത്തിനുള്ള കാരണമാകുന്നു.
ഇതിലെ ഏറ്റവും നിര്ണായകമായ ക്രിസ്റ്റഫര് നോളന്റെ മുദ്രപതിഞ്ഞിട്ടുള്ള രംഗം ആണവ ബോംബിന്റെ പരീക്ഷണ സ്‌ഫോടനമാണ്. ആയിരം സൂര്യന്റെ വെളിച്ചവും പരിപൂര്ണ നിശ്ശബദ്തയോടെയും തുടങ്ങുന്ന ആണവജ്വലനം നമ്മളെ ഒരേസമയം ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു. തുടര്ന്നു വരുന്ന ശബ്ദവും അതിനൊപ്പം ശാസ്ത്രജ്ഞരുടെ ആഹ്‌ളാദ, അതിശയ ഭാവത്തിലേക്കുമുള്ള ഇന്റര്കട്ടിങ് ശാസ്ത്രഭാവനയുടെ തന്നെ സ്‌ഫോടനാത്മക നിഷ്ടൂരവശ്യതയെ കാണിച്ചുതരുന്നു.
ഇവിടെയാണ് ‘ഞാന്‍ മരണമാകുന്നു, ലോകനാശത്തിന്റെ വിധാതാവ്’ എന്ന ഗീതാവാക്യം വിവരണാതീതനാശത്തിനു ദൃഷ്ടാന്തമാകുന്നത്. യഥാര്‍ത്ഥത്തില്‍, നോളന്‍ ഗീത വാക്യം ഉദ്ധരിക്കുന്നത് ഇവിടെയല്ലെങ്കില്‍ പോലും. ഒടുവില്‍, ഒപ്പെന്‍ഹൈമര്‍ ഒരു നായകനായി ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നു. ഒരു ജേതാവിനെ പോലെ ജനക്കൂട്ടം അയാളെ വായുവിലേക്ക് ഉയര്‍ത്തുന്നു.
തൊട്ടുപിറകെ, നിര്‍മിക്കപ്പെട്ട ബോംബുകള്‍ ട്രക്കില്‍ അമേരിക്കന്‍ സൈന്യം കൊണ്ടുപോവുകയാണ്. ‘നിങ്ങളുടെ പണി ഇവിടെ തീര്‍ന്നു ബാക്കി ഇനി ഞങ്ങളുടെ’ എന്നാണ് സൈനിക മേധാവി ഒപ്പെന്‍ഹൈമറോട് പറയുന്നത്. വിഗ്രഹം നിര്‍മാണം കഴിഞ്ഞു അജയന്‍ – എം ടി സിനിമയിലെ തിലകന്റെ പെരുംതച്ചനോട്, നെടുമുടിയുടെ നമ്പൂതിരിയും കൂട്ടരും, വിഗ്രഹത്തെ അശുദ്ധമാക്കാതെ സ്ഥലം വിടാന്‍ പറയുന്നത് പോലെ.
വൈകാതെ തന്നെ ഹിരോഷിമയില്‍ ബോംബ് ഇട്ടതിന്റെ വിവരം ലോസ് അല്‍മോസില്‍ എത്തുന്നു. ഒപ്പെന്‍ഹൈമരുടെ മനസാക്ഷിയെ ആവര്‍ത്തിച്ചു വേദനപ്പെടുന്ന ഒരു ദൃശ്യം ശരീരം ഉരുകിദ്രവിച്ചുപോകുന്ന ഒരു യുവതിയുടേതാണ്. സ്‌ഫോടനത്തിന്റെ ഉഗ്രശേഷിയില്‍ വിറച്ചുരുകുന്ന യുവതിയെ നടുക്കത്തോടെ ഒപ്പെന്‍ഹൈമര്‍ കാണുന്നു.
ഒരടി മുന്നോട്ട് വെച്ചതോടെ കാലില്‍ എന്തോ തടയുന്നു. ഒരു കത്തിക്കരിഞ്ഞ ശരീരകഷണമാണത്. ഈ നടുക്കം അമേരിക്കന്‍ ഉദാരവാദ മനസാക്ഷിയുടേതാണ്. അതില്‍ നിന്ന് ഒരിക്കലും വിമുക്തമാകാന്‍ അമേരിക്കന്‍ ഭരണകൂടം ഉദാരവാദികളെ സഹായിച്ചിട്ടില്ല. നടുക്കം രാഷ്ട്രീയ വിമതാഭിപ്രായമായി രേഖപ്പെടുത്തിയവരെ എഫ്.ബി.ഐ വേട്ടയാടി. രാജ്യദ്രോഹികളായി മുദ്രകുത്തി.
ഇന്ത്യയിലെ പൊഖ്റാന്‍ സ്‌ഫോടനത്തെ എതിര്‍ത്തവര്‍ക്കും രാജ്യദ്രോഹി പരിവേഷമാണ് ലഭിച്ചത്. ഒരുപക്ഷെ, കുറച്ചുകൂടി ഉദാരമായ സമീപനമായിരുന്നു വാജ്‌പേയി കൂട്ടുകക്ഷി സര്‍ക്കാരിന്റെ എന്നതിനാല്‍ രാജ്യദ്രോഹകുറ്റം ചുമത്തി തടവറയില്‍ അടക്കപ്പെട്ടിട്ടില്ല എന്നതാണ് ആകെ ആശ്വാസം.
ഹിരോഷിമയിലോ നാഗസാക്കിയിലോ എന്താണ് സംഭവിച്ചതെന്ന് നോളന്‍ ചിത്രീകരിക്കുന്നില്ല.
പക്ഷേ, ഒപ്പെന്‍ഹൈമര്‍ ഇതിന്റെ ഫൂട്ടേജ് കാണുന്നുണ്ട്. ഒപ്പെന്‍ഹൈമര്‍ തിരിച്ചറിയുന്നത് ബഹുജനനശീകരണ ശേഷിയുള്ള മനുഷ്യവംശഹത്യ ആയുധമാണ് താന്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ശീതസമരവും അതിനെ തുടര്‍ന്ന് അമേരിക്കയും ദക്ഷിണ കൊറിയയുമായുള്ള അപ്രഖ്യാപിത ശീതയുദ്ധവും ആണവ ബോംബിനെ ലോകം ഭയക്കുന്ന ഒരായുധമായും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആയുധ മത്സരത്തിനും ഇടയാക്കുന്ന വന്‍മൂലധന ചിലവുള്ള സംരംഭവുമായും നിലനിര്‍ത്തി.
കൂടുതല്‍ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബിന്റെ നിര്‍മാണത്തെ എതിര്‍ത്ത ഒപ്പെന്‍ഹൈമറെ സോവിയറ്റ് ചാരനായാണ് അമേരിക്കന്‍ വ്യവസ്ഥ മുദ്രകുത്തിയത്. ഇതിനു പ്രധാനമായും കൂട്ടായത് സഹപ്രവര്‍ത്തകരായ അമേരിക്കന്‍ ശാസ്ത്രജ്ഞരും. ടെല്ലര്‍ എന്ന ശാസ്ത്രഞനാണ് ഒപ്പെന്‍ഹൈമറിനെതിരെ തെളിവുകള്‍ ഒരുക്കിയത്.
ഹൈഡ്രജന്‍ ബോംബിന്റെ വക്താവായിരുന്നു ടെല്ലര്‍. ടെല്ലര്‍ ആണവ എനര്‍ജി കമ്മീഷന്റെ കങ്കാരു അന്വേഷണത്തിനുമുമ്പാകെ മൊഴി നല്‍കി മടങ്ങും വേളയില്‍ ഒപ്പെന്‍ഹൈമാറിനു കൈകൊടുക്കുന്നുണ്ട്. ഒപ്പെന്‍ഹൈമറുടെ ഭാര്യ കെറ്റി ഇതില്‍ പ്രതിഷേധിച്ചു പറയുന്നത് കൈകൊടുക്കുന്നതിനു പകരം മുഖത്തു നോക്കി ആട്ടമായിരുന്നില്ലെ എന്നാണ്. കെറ്റിയാണ് ഒപ്പെന്‍ഹൈമറിനെതിരെ യഥാര്‍ത്ഥത്തില്‍ കളിച്ചതാരാണെന്നു ആദ്യം തിരിച്ചറിഞ്ഞു വെളിപ്പെടുത്തുന്നത്.
അമേരിക്കന്‍ പ്രോമിത്യുസ് എന്ന റോബര്‍ട്ട് ഒപ്പെന്‍ഹൈമറുടെ ജീവചരിത്ര ഗ്രന്ഥം
അമേരിക്കന്‍ പ്രോമിത്യുസ് എന്ന റോബര്‍ട്ട് ഒപ്പെന്‍ഹൈമറുടെ ജീവചരിത്ര ഗ്രന്ഥത്തെ ആദരമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ സിനിമ ചെയ്തിരിക്കുന്നത്.
പ്രോമിത്യുസ് ദൈവത്തില്‍ നിന്ന് അഗ്‌നി മോഷ്ടിച്ച് മനുഷ്യര്‍ക്ക് നല്‍കിയതില്‍ കൊടുംശിക്ഷ ഏറ്റുവാങ്ങിയ അര്‍ദ്ധമനുഷ്യനും അര്‍ദ്ധദൈവവുമായ അനശ്വരനാണ്. മാര്‍ക്‌സ് ഏറ്റവും ബഹുമാനിച്ചിരുന്ന ഗ്രീക്ക് മിത്തോളജി കഥാപാത്രം. മനുഷ്യര്‍ക്ക് ആണവ ബോംബിന്റെ ആപല്‍ക്കരത ബോധ്യമാക്കിയ ശാസ്ത്രജ്ഞന്‍ എന്ന നിലയിലാകും ഒപ്പെന്‍ഹൈമറിനെ മനസ്സിലാക്കേണ്ടത്.
രണ്ടാം ലോക മഹായുദ്ധത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം പടുത്തുയര്‍ത്തിയ ദേശീയ സെക്യൂരിറ്റി ഭരണവ്യവസ്ഥ അമേരിക്കയുടെ ആണവ എസ്റ്റാബ്ലിഷമെന്റിനെതിരെ നിലകൊണ്ട ശാസ്ത്രജ്ഞനായതുക്കൊണ്ടാണ് ഒപ്പെന്‍ഹൈമറെ മാനസിക പീഡനത്തിനു വിധേയമാക്കിയത്.
സമാധാനപരമായ സഹവാസത്തിനു പകരമായി ആണവ ആയുധ മത്സരം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയാണുണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങള്‍ പോലും പൗരരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന നല്കുന്നതിനു പകരമായി ആണവ ശക്തിയായി പ്രാധാന്യം നേടുന്നതാണ് അംഗീകാരമായി കണ്ടത്.
ആണവ ഡിറ്ററന്‍സ് എന്ന സിദ്ധാന്തത്തിന്റെ മറവില്‍ ആണവ ഭീതിയോടെ ജീവിക്കുന്ന സ്ഥിതിയാണ് സൃഷ്ടിച്ചത്. ദരിദ്ര രാജ്യമായ ദക്ഷിണ കൊറിയ പ്രതിരോധത്തിനായാണ് കൂടുതലും ചിലവാക്കുന്നത്. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ തന്റെ നിര്‍മിതി മനുഷ്യവംശത്തിന്റെ നശീകരണത്തിനു ഹേതുവായി എന്നത്തിന്റെ ആന്തരിക സംഘര്‍ഷത്തില്‍ നിന്ന് മുക്തനാകാന്‍ ഒപ്പെന്‍ഹൈമര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് തന്റെ ലിബറല്‍ മനസാക്ഷിയെ വേദനിപ്പിച്ചുക്കൊണ്ടിരുന്നു.
ഒപ്പെന്‍ഹൈമറുടെ മനഃസാക്ഷിയുടെ മാത്രം പ്രശ്‌നമല്ല. മനഃസാക്ഷിയാല്‍ സ്വയം പീഡിതരായ അമേരിക്കന്‍ ലിബറല്‍ സമൂഹത്തിന്റെ പ്രശ്‌നമാണിത് യഥാര്‍ത്ഥത്തില്‍. ‘ഒപ്പെന്‍ഹൈമര്‍’ അമേരിക്കന്‍ ഭരണകൂടത്തിന്റെ യുദ്ധരതിയെയും ഏകാധികാരപ്രമത്തതയെയും തുറന്നുകാണിക്കുന്നതിനൊപ്പം ഇന്നത്തെ വലതുപക്ഷവത്കരിക്കപ്പെട്ട മാധ്യമ ലോകത്തില്‍ കൂടുതല്‍ കൂടുതല്‍ നിസ്സഹായരാവുകയും തീരെ അവഗണിക്കപ്പെടുന്നവരുമായ അമേരിക്കന്‍ ഉദാരവാദ മനസാക്ഷിയുടെ ആത്മനിന്ദ കൂടി ആവിഷ്‌ക്കരിക്കുന്നു.
ഇന്നത്തെ ഉദാരവാദികള്‍ പ്രോമിത്യുസിനോട് എന്നതിനേക്കാള്‍ വീണ്ടുംവിചാരത്തിന്റെയും ഒഴിവുകഴിവുകളുടെയും നൈതിക അസ്ഥിരതയുടെയും ഗ്രീക്ക് മിത്തോളജി കഥാപാത്രമായ എപിമെത്തിയൂസിനോടാണ് (Epimetheus) സാദൃശ്യപ്പെടുന്നത്.
content highlihts; Review of Christopher Nolan’s Oppenheimer by Damodar Prasad