ചെക്കാ ചിവന്ത വാനം- മനുഷ്യര്‍ ചുവക്കുമ്പോള്‍,ആകാശവും...
Film Review
ചെക്കാ ചിവന്ത വാനം- മനുഷ്യര്‍ ചുവക്കുമ്പോള്‍,ആകാശവും...
ശംഭു ദേവ്
Friday, 28th September 2018, 12:11 pm

മണി രത്നം എന്ന സംവിധായകന്റെ ഓരോ ചിത്രത്തിനേയും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തോട് ചേര്‍ത്ത് നില്‍ക്കുന്ന കഥപറച്ചിലിനോടും, ക്രാഫ്റ്റില്‍ അദ്ദേഹം പുലര്‍ത്തുന്ന നിലവാരവും തന്നെയാണ്. സിനിമയിലെ സാങ്കേതികതകയില്‍ മാറ്റം വന്നതിനു മുന്‍പും, ശേഷവും അടിപതറാതെ എല്ലാ തലമുറയിലെ പ്രേക്ഷകര്‍ക്കും ഒരു പിടി പ്രിയപ്പെട്ട ചിത്രങ്ങള്‍ സമ്മാനിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുത് തന്നെയാണ്.

സാധാരണ പ്രേക്ഷകര്‍ക്കും,സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും,മണി രത്നത്തിന്റെ സിനിമകള്‍ എന്നും പാഠപുസ്തകം തന്നെയാണ്. പ്രേക്ഷകര്‍ക്ക് മണി രത്നം എന്ന സംവിധായകന്റെ സിനിമയ്ക്കു ഇനിയും ധൈര്യമായി തന്നെ കാത്തിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ “ചെക്കാ ചിവന്ത വാനവും” നല്‍കുന്ന പ്രതീക്ഷ.

“ചെക്കാ ചിവന്ത വാനം” പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ ചോരക്കളത്തില്‍ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം. എന്നാല്‍ കണ്ടുമടുത്ത കുടുംബ പ്രതികാര കഥകളോ, നാടകീയത നിറഞ്ഞ കഥാസന്ദര്‍ഭങ്ങളോ അല്ല, മുന്‍പും കേട്ടും, കണ്ടും അറിഞ്ഞ കഥയെ മണിരത്നം എന്ന സംവിധായകന്റെ അച്ചടക്കത്തോടെയുള്ള സംവിധാന ശൈലികൊണ്ടും, വൈകാരിക നിമിഷങ്ങള്‍ അതിതീവ്രമായ രീതിയില്‍ അദ്ദേഹം രൂപപെടുത്തിന്നിടത്തുമാണ്. ഹിംസയുടെ പാതയില്‍ സഞ്ചരിച്ച സേനാപതിയും(പ്രകാശ് രാജ്) അദ്ദേഹത്തിന്റെ 3 ആണ്മക്കളുടെയും അവര്‍ക്കിടയില്‍ സംഭവിക്കുന്ന വഞ്ചനയുടെയും,പ്രതികാരത്തിന്റെയും ആവിഷ്‌കാരമാണ് ചിത്രം.

 

ചോരയില്‍ കെട്ടിപടുത്തുയര്‍ത്തിയ സമ്പാദ്യങ്ങളുടെ നിലനില്‍പ്പ് അതുണ്ടാക്കിയവര്‍ തന്നെ നശിപ്പിക്കുന്നു. രക്ത ബന്ധങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയും അവ തകര്‍ത്തെറിയുന്ന മനുഷ്യ ജീവിതങ്ങളെയുമാണ് ചിത്രം ആസ്പദമാകുന്ന ഘടകം. അച്ഛന്റെ പാത പിന്നിട്ട മക്കള്‍ക്ക് വേണ്ടത് ബന്ധങ്ങളായിരുന്നില്ല മറിച്ച് പ്രത്യക്ഷത്തിലുള്ള പണത്തെയും, അധികാരത്തിനെയുമായിരുന്നു. അവയോടുള്ള സ്‌നേഹം ബന്ധങ്ങളെ മറന്നു വാളെടുക്കാന്‍ അവയെ പ്രേരിപ്പിക്കുന്നു. പരസ്പരം മറന്നുകൊണ്ടുള്ള ആ പോരാട്ടം യുദ്ധക്കളത്തില്‍ അവസാനിക്കുമ്പോഴും മണിരത്നം മേല്‍ പറഞ്ഞ മുന്നേ കേട്ടതുമായ കഥാ വൃത്തങ്ങള്‍ പറയാനുപയോഗിച്ചതു ഇവക്കിടയിലെ വൈകാരിക നിമിഷങ്ങളിലെ തീവ്രതകൊണ്ടാണ്.

ഹിംസയുടെ പാതയില്‍ സഞ്ചരിച്ചവരുടെ വികാരങ്ങളെ പ്രേക്ഷകനിലേക്കു എത്തിക്കുന്നതും, അതിനു ശേഷം കണ്മുന്നില്‍ നടക്കുന്ന സാഹചര്യ സന്ദര്‍ഭങ്ങളെ വികാരഭരിതമായി സാക്ഷ്യം വഹിപ്പിച്ച് മറ്റൊരു തലത്തില്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ശൈലിയാണ് മണി രത്നം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രകടനങ്ങളില്‍ അരവിന്ദ് സ്വാമിയുടെ വരധന്‍ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ പ്രകടനവും മികച്ചു നിന്നു,ഒപ്പം തന്നെ വിജയ് സേതുപതി റസൂല്‍ എന്ന കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. കഥയിലെ കഥാപാത്രങ്ങളെ ജീവനേകുന്ന പ്രകടനമായിരുന്നു ചിത്രത്തിലെ എല്ലാവരും കാഴ്ചവെച്ചത്. സിമ്പുവിന്റെ “എത്തി”യും അരുണ്‍ വിജയിന്റെ ത്യാഗുവും എല്ലാം ചിത്രത്തിന്റെ മികച്ച പ്രകടനകളിലൊന്ന് തന്നെയായിരുന്നു. ജ്യോതികയുടെ ചിത്രയെന്ന കഥപാത്രവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്ന ഘടകമാണ്. ഒപ്പം പ്രകാശ് രാജ്, ജയസുധ, അദിതി, അപ്പാനി രവി, ത്യാഗരാജന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരെല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ജീവിതവും,വൈകാരിക നിമിഷങ്ങളിലെ തീവ്രത കൂട്ടുന്നതിന് സന്തോഷ് ശിവന്റെ കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന മികവുറ്റ ഛായാഗ്രഹണവും, എ.ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ പകിട്ടുകൂട്ടുന്ന മറ്റൊരു ഘടകമാണ്. “ഭൂമി ഭൂമി” എന്ന ഗാനം ചിത്രത്തിന്റെ താളത്തോടു ചേര്‍ന്ന് നില്‍ക്കുന്ന സംഗീതമായി അനുഭവപെട്ടു. സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ ഒഴുക്കില്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്.

മണിരത്നം മുന്‍പേയും പുരാണ കഥകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് വര്‍ത്തമാന കാലത്തേക്കു അവയെ രൂപപ്പെടുത്തി എടുത്തു കഥ പറഞ്ഞിട്ടുണ്ട്. ദളപതി,രാവണന്‍ എല്ലാം തന്നെ അദ്ദേഹം അത്തരത്തിലുള്ള രീതിയില്‍ കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.”ചെക്കാ ചിവന്ത വാനവും” ഒരു പുരാണ കഥപോലെ തീവ്രമായ ബന്ധങ്ങളുടെയും പോരാട്ടങ്ങളുടെയും വര്‍ത്തമാന കാലത്തില്‍ നിന്നുകൊണ്ട് പറയുന്ന മികച്ച ആവിഷ്‌കാരമാണ്.