ഫഹദ് ഫാസില്‍, വേണു, കെ.യു മോഹനന്‍, വിശാല്‍ ഭരദ്വാജ് ഈ നാലു പേരുകള്‍ തന്നെ ധാരാളം കാര്‍ബണ്‍ കാണാന്‍ തീരുമാനിക്കാന്‍. മിനിമം ഗ്യാരണ്ടി പ്രതീക്ഷാനുള്ള വകയാണ് ഈ പേരുകള്‍. തൊണ്ടി മുതലും ദൃക്സാക്ഷിയ്ക്കും ശേഷമിറങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം, മുന്നറിയിപ്പിന് ശേഷമുള്ള വേണുവിന്റെ സംവിധാനം, വിശാല്‍ ഭരദ്വാജിന്റെ നാളുകള്‍ക്ക് ശേഷമുള്ള രണ്ടാം വരവും മോഹനന്റെ ആദ്യ മലയാള ചിത്രം എല്ലാം പ്രതീക്ഷ നല്‍കുന്ന ചേരുവകള്‍ തന്നെ.
ദൃശ്യം തുടങ്ങി വെച്ച പതിഞ്ഞ താളത്തില്‍ തുടങ്ങി രണ്ടാം പകുതിയോടെ ഉദ്വേഗജനകമായി മാറുന്ന ത്രില്ലര്‍ ജോണറിലാണ് കാര്‍ബണ്‍ ഉള്‍പ്പെടുന്നത്. പക്ഷെ ആ നാലു പേരിനപ്പുറത്തുള്ള കൗതുകമോ ഉദ്വേഗമോ കാര്‍ബണ്‍ സമ്മാനിക്കുന്നില്ലെന്ന് തീര്‍ത്ത് പറയേണ്ടി വരും.
നേര്‍ വഴി ഉപേക്ഷിച്ച് കുറുക്കു വഴികളിലൂടെ പണക്കാരനാകുക എന്ന മോഹത്തോടെ നടക്കുന്ന സിബിയാണ് ചിത്രത്തിലെ നായകന്‍. മുമ്പ് പലവട്ടം ഫഹദ് ഫാസില്‍ ചെയ്തു കാണിച്ചിട്ടുള്ള ഉഡായിപ്പ് കഥാപാത്രമാണെങ്കിലും സിബിയെ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കാന്‍ ഫഹദ് ഫാസിലിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം തന്റെ പ്രകടനം കൊണ്ട് ഫഹദ് നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്. പക്ഷെ ഫഹദിന്റെ പ്രകനടത്തിന് പോലും ചിത്രത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
ജീവിതത്തില്‍ ഒരുപാട് കുറുക്കുവഴികള്‍ പയറ്റിയിട്ടും രക്ഷപ്പെടാനാകാത്ത സിബി കാട്ടിലെ നിധി തേടി പോകുന്നതാണ് ചിത്രത്തിന്റെ ആകെ തുക. കാടും കാട്ടിലെ നിധിയുമെല്ലാം ഒരുപാട് കണ്ടതാണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള മരുന്നൊക്കെ ആ ത്രെഡിനുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് നിധി തേടിയുള്ള അന്വേഷണം. ആദ്യ പകുതി മുഴുവനുമായും അല്ലെങ്കില്‍ മൂന്നിലൊന്നും ഉപയോഗിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ സിബിയെ എസ്റ്റാബ്ലിഷ് ചെയ്യാനാണ്.
പണമുണ്ടാക്കാനായി സിബി പല വേലത്തരങ്ങളും കാണിക്കുന്നുണ്ട്. ഓരോ പത്തു മിനുറ്റിലും ഓരോ പുതിയ ഏര്‍പ്പാടെന്നതാണ് കണക്ക്. ഒന്നും എവിടെയും കൊണ്ടെത്തിക്കുന്നില്ല. ഒന്നിനും ചിത്രത്തിന്റെ യഥാര്‍ത്ഥ തീമുമായി പറയത്തക്ക ബന്ധവുമില്ല. ആകെയുള്ള ബന്ധം അതെല്ലാം കാണിച്ചിരിക്കുന്നത് പെട്ടെന്ന് കാശുകാരനാകുള്ള സിബി എന്തു ഉഡായിപ്പും കാണിക്കും എന്നു പറഞ്ഞു വെക്കാന്‍ മാത്രമാണ്. ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ അത് വിജയിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പിന്നീടുള്ള സമയമത്രയും വിരസത മാത്രമാണ്.
സ്ഫടികം ജോര്‍ജിന്റെ അച്ഛന്‍ റോള്‍ ആണ് ആദ്യ ഭാഗത്ത് കാണാന്‍ കിട്ടിയ പുതുമ. പക്ഷെ അദ്ദേഹത്തിനും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും പ്രവീണയുമെല്ലാം ഒരു സീനിലെ കൗതുകത്തിന് അപ്പുറത്തേക്ക് പോയതുമില്ല. രണ്ടാം പകുതി മുഴുവനും നിധി തേടി കാട്ടിലൂടെയുള്ള യാത്രയാണ്.
അതിന് മുന്നോടിയായി നിധിയെ കുറിച്ചും കാടിനെ കുറിച്ചുമെല്ലാമുള്ള നിഗൂഢത വൃത്തിയ്ക്ക് തന്നെ സംവിധായകന്‍ സൃഷ്ടിച്ചിട്ടുണ്ട്. മോഹനന്റെ ഛായാഗ്രഹണത്തിലൂടെ കാടിന്റെ ഭംഗിയും ഭീകരതയും നിഗൂഢതയുമെല്ലാം പ്രേക്ഷകനിലേക്ക് എത്തിക്കുക എന്നതാണ് വേണു ചെയ്തിരിക്കുന്നത്. എന്നാല്‍ വിഷ്വല്‍ ബ്യൂട്ടിയ്ക്ക് അപ്പുറത്തേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. കണ്ടു ശീലിച്ച സന്ദര്‍ഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് ചിത്രം രണ്ടാം പാതിയില്‍ സഞ്ചരിക്കുന്നത്.
നിധി തേടിയിറങ്ങിയ സിബിയ്ക്കൊപ്പം കാടുകാണാനിറങ്ങിയ സമീറയായി എത്തുന്നത് മംമ്ത മോഹന്‍ദാസാണ്. ലുക്ക് കൊണ്ടും ആറ്റിറ്റിയൂഡ് കൊണ്ടും മംമ്തയ്ക്ക് നന്നായി ചേരുന്ന റോളായിരുന്നു സമീറ. പക്ഷെ എനര്‍ജി നഷ്ടമായതു പോലെ. പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ ഒരാള്‍ വിശാല്‍ ഭരദ്വാജാണ്. തന്റെ പ്രതിഭയ്ക്കൊത്ത ഗാനങ്ങളോ പശ്ചാത്തല സംഗീതമോ കാര്‍ബണില്‍ കൊണ്ടു വരാന്‍ വിശാലിന് സാധിച്ചിട്ടില്ല.
പൗലോ കൊയ്ലോയുടെ നോവലിനെ അനുസ്മരിപ്പിക്കുന്ന ക്ലൈമാക്സ് വേണുവില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നതായിരുന്നില്ല. തിരക്കഥയിലെ പാളിച്ചകള്‍ ഫഹദ് ഫാസിലെന്ന അസാമാന്യ നടന് അഭിനയിച്ച് തകര്‍ക്കാന്‍ തക്കതായതൊന്നും നല്‍കിയതുമില്ല. മികച്ച ഛായാഗ്രഹണം, കാട്, ഫഹദിന്റെ അഭിനയം എല്ലാമുണ്ടായിട്ടും ക്ലൈമാക്സ് എത്തുമ്പോഴേക്കും ചിത്രം തളര്‍ന്നു പോകുന്നു. അനാവശ്യമായ സീനുകളും സന്ദര്‍ഭത്തിന് ചേരാത്ത പാട്ടും കൂടെയാകുമ്പോള്‍ വിരസത മാത്രമാണ് ബാക്കിയാകുന്നത്. ആകെ മൊത്തം ശരാശരിയായ ഒന്നാം പകുതിയും കാടിന്റെ മനോഹാരിത മാത്രമുള്ള രണ്ടാം പകുതിയും ആകുമ്പോള്‍ ഒരു വട്ടം മാത്രം കാണാവുന്ന ശരാശരി പടമായി കാര്‍ബണ്‍ മാറുന്നു.