”എനിക്ക് നിങ്ങളെയൊന്നും പഠിപ്പിച്ചില്ലേലും മാസാവസാനം ശമ്പളം വരുമെന്ന’ ഔദാര്യം തൊട്ട് ജാതിയും ജെന്ററും നിറവും ഭാഷയുമെല്ലാം ഉപദേശത്തിന്റെ പരിധിയിലെ ആയുധമാവുന്ന പ്രവര്‍ത്തന പദ്ധതിയുമായി ഇന്നും ഒരു വലിയ ശതമാനം സെപ്റ്റംബര്‍ അഞ്ചിന്റെ സന്ദേശം ഏറ്റുവാങ്ങുന്നു. അധ്യാപനത്തെ മറ്റു തൊഴിലുകള്‍ക്കെല്ലാം മുകളില്‍ ദൈവികമായി പ്രതിഷ്ഠിച്ചതിന്റെ ചെറുതല്ലാത്ത ദോഷഫലങ്ങള്‍ ഒരു പുരോഗമന സമൂഹമെന്ന നമ്മുടെ ഭാവനയെ തകര്‍ത്തെറിയുന്നതിന്റെ എത്രയെത്ര ഉദാഹരണങ്ങള്‍ കടന്നു പോയി. എന്തുകൊണ്ടാണങ്ങനെ സംഭവിക്കുന്നത്?
മറാത്ത സംവിധായകന്‍ നാഗരാജ് മഞ്ജുളെയുടെ 2017 ലെ ഹ്രസ്വചിത്രം An Esay of the Rain (Pavsacha Nibandha) ആരംഭിക്കുന്നത് This film does not promote corporal punishment എന്ന മുന്നറിയിപ്പോടുകൂടിയാണ്. Corporal punishment എന്ന നിര്‍വചനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അടിച്ചും പുറത്ത് നിര്‍ത്തിയും ‘പഠിപ്പിച്ചെടുക്കുന്ന’ പ്രവൃത്തിയെ നമ്മളൊഴിവാക്കിയിട്ടുണ്ട്. അത് അധ്യാപകരുടെ അവകാശമാക്കി പതിച്ച് നല്‍കിയിട്ടുണ്ട്. ഫയലുകളില്‍ ചൂരല്‍ നിരോധിച്ചിട്ടും മാനസികാവസ്ഥയില്‍ അത് തുടരുന്നുണ്ട്.
മഴയെ കുറിച്ച് ഉപന്യാസം എഴുതണമെന്ന് ഹോം വര്‍ക്ക് ലഭിച്ച് സ്‌കൂളില്‍ നിന്നും പെരുമഴയത്ത് വീട്ടിലേക്ക് വരുന്ന രാജയെന്ന പത്തു വയസുകാരനിലൂടെയാണ് ഈ സിനിമ ബോധന ശാസ്ത്രത്തിന്റെ സിദ്ധാന്ത – പ്രവര്‍ത്തന വൈരുദ്ധ്യങ്ങളെ വിമര്‍ശന വിധേയമാക്കുന്നത്. രാജ സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നിന്നും സ്‌കൂളിലെത്തുന്നവനാണ്. മഴയത്ത് പ്ലാസ്റ്റിക് കവറുകൊണ്ട് പുസ്തകവും തലയും മൂടി തന്റെ ഓലപ്പുരയില്‍ എത്തുന്ന രാജ പുസ്തകക്കവര്‍ പട്ടികക്കിടയില്‍ ചാരി വെച്ച് കാലികളെ തീറ്റാന്‍ പോയ അമ്മയെത്തേടി മഴയത്തിറങ്ങി നടക്കുകയാണ്.
ആ സമയത്ത് മദ്യപിച്ച് ലക്കുകെട്ട് മരച്ചുവട്ടില്‍ വീണു കിടക്കുന്ന അച്ഛനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ അവന്റെ അനിയത്തി രാജയെ വിളിക്കുന്നുണ്ട്. പിന്നീട് മഴയത്ത് രാജയും അനിയത്തിയും അമ്മയും കൂടിയാണ് അയാളെ അവരുടെ ചോര്‍ന്നൊലിക്കുന്ന പുല്ല് മേഞ്ഞ ഒറ്റമുറി വീട്ടില്‍ കൊണ്ടുപോയി കിടത്തുന്നത്. രാത്രിയായപ്പോഴേക്കും മഴ നനയുന്നതൊഴിവാക്കാന്‍ അവരുടെ ആടുകളേയും ആ മുറിക്കുളിലേക്ക് രാജ കൊണ്ടുവന്ന് കെട്ടുന്നുണ്ട്.
അനിയത്തി വിശക്കുന്നെന്ന് പറയുന്നത് കേട്ട് ‘ഒരു നേരം തിന്നില്ലെങ്കില്‍ ചത്തൊന്നും പോവില്ല’ എന്ന് പറയേണ്ടി വരുന്ന അമ്മയുടെ നിസ്സഹായതയ്ക്കിടയില്‍, വെള്ളം ചോരുന്നിടത്ത് പാത്രങ്ങള്‍ കൊണ്ടുപോയി വെക്കുന്ന രാജയെ കാണാം. അതിനിടയ്ക്ക് മണ്ണെണ്ണ വിളക്ക് കത്തിച്ച് നിലത്തൊരു ചാക്ക് വിരിച്ച് രാജ മഴയെക്കുറിച്ച് ഉപന്യാസം എഴുതാനിരിക്കുന്നുണ്ട്. അപ്പോഴേക്കും അമ്മയ്ക്ക് വിളക്ക് ആവശ്യം വരുന്നു. രാജ എഴുതാനുള്ള രണ്ടാമത്തെ ശ്രമം നടത്തുമ്പോഴാണ് പുറത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായത്തിനായി അമ്മ വിളിക്കുന്നത്.
ഇരുപത്തഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ പിന്നീട് പിറ്റേ ദിവസത്തെ രാജയുടെ ക്ലാസ് മുറിയെയാണ് കാണിക്കുന്നത്. മഴയെക്കുറിച്ച് കാല്‍പ്പനികമായി വിവരിച്ച് ഓരോരുത്തരായി ഉപന്യാസം വായിക്കുന്നതില്‍ നിന്നും ക്യാമറ നീങ്ങുന്നത് വാതില്‍ക്കല്‍, വരാന്തയില്‍ നോട്ടുപുസ്തകം പുറത്ത് വെച്ച് കുനിഞ്ഞു നിന്ന് കൈകള്‍ പുറകില്‍ കെട്ടി ശിക്ഷയനുഭവിക്കുന്ന രാജയേയാണ്. ഇടക്ക് ബുക്ക് താഴെ വീഴുമ്പോള്‍ അധ്യാപകന്‍ അതേ ബുക്കു കൊണ്ട് രാജയെ തല്ലുന്നുണ്ട്. അകത്തെ മഴയെക്കുറിച്ചുള്ള ഉപന്യാസത്തിനും പുറത്തെ മഴക്കുമിടയില്‍ കുനിഞ്ഞു നില്‍ക്കുന്ന രാജയിലാണ് സിനിമയവസാനിക്കുന്നത്. രാജയുടെ ശിക്ഷ കാണിക്കുന്ന ഘട്ടം മുതല്‍ സിനിമ This film does not promote corporal punishment എന്ന മുന്നറിയിപ്പ് കാണിക്കുന്നുമുണ്ട്.
ഒരു പക്ഷേ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നതിനെതിരെ നിയമപരമായ മുന്നറിയിപ്പ് കാണിക്കുന്ന ആദ്യ സിനിമയാവാമിത്. മക്കളെ അടിച്ചു നന്നാക്കിയെടുക്കാന്‍ എല്ലാ അവകാശവും അധ്യാപകര്‍ക്കു നല്‍കുന്ന മാതാപിതാക്കളും ദേഹോപദ്രവവും മാനസികമായി തകര്‍ക്കുന്ന ഉപദേശവുമെല്ലാം തന്റെ മോഡസ് ഓപ്പറാണ്ടിയുടെ അനിവാര്യ ഘടകങ്ങള്‍ തന്നെയാണെന്ന് കരുതുന്ന അധ്യാപകരുമുള്ളിടത്ത് ഈ സിനിമ പ്രധാനപ്പെട്ട ഒരു കലാസൃഷ്ടിയായി മാറുന്നു.
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചൂരല്‍ പ്രയോഗം നടത്തിയാലും തുടയില്‍ നുള്ളിയാലും ചെവി പിടിച്ച് തിരിച്ചാലും ‘പഠിക്കാത്തതു കൊണ്ടല്ലേ/ അധ്യാപകരല്ലേ’ എന്നുള്ള ന്യായീകരണവും ‘അടിച്ചു പഠിപ്പിക്കാത്തതിന്റെ പ്രശ്‌നമാണ് ഇപ്പോഴത്തെ കുട്ടികള്‍ക്കെന്ന്’ ആവര്‍ത്തിക്കുന്ന നൊസ്റ്റാള്‍ജിക് ഹാങ്ങോവറുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത അറിവിനോടുള്ള ബഹുമാനം കാലക്രമത്തില്‍ അധ്യാപകര്‍ക്കു മുന്നിലെ കീഴടങ്ങലായി മാറിയത് കാണാതെ പോവരുത്.
ഓരോ വര്‍ഷത്തേയും അധ്യാപക ദിനത്തില്‍ പാദപൂജ മുതല്‍ ദക്ഷിണ വെപ്പ് വരെയുള്ള പ്രവര്‍ത്തികളിലൂടെ അനുഗ്രഹം വാങ്ങിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്ന സ്ഥാപനങ്ങള്‍ / മനോഭാവം മാറി വരുമ്പോഴേ ഈ സിനിമയും അപ്രസക്തമാവൂ.
നാഗരാജ് മഞ്ജുളെ
പരീക്ഷയും മാര്‍ക്കും മാത്രം പ്രധാന മാനദണ്ഡമായി വരുന്ന പാഠ്യപദ്ധതിയില്‍ രാജ ശിക്ഷിക്കപ്പെടുന്നത് സ്വാഭാവികമാവുകയും ‘എന്തുകൊണ്ടാണെഴുതാന്‍ കഴിയാതിരുന്നതെന്ന് ‘ ചോദിക്കാന്‍ തോന്നാത്ത അധ്യാപകന്‍ മാതൃകയാവുകയും ചെയ്യും. മലയാളത്തില്‍ ഈ അടുത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതത്തില്‍ പറയുന്നതു പോലെ അവനവനനുഭവിക്കാത്തതൊക്കെയും കെട്ടുകഥകള്‍ മാത്രമായി മാറുമെന്ന യാഥാര്‍ത്ഥ്യം നമ്മുടെ പാഠ്യപദ്ധതിയെക്കൂടി സൂചിപ്പിക്കുന്നുണ്ട്.
നമ്മുടെ ക്ലാസ് മുറികളില്‍ എത്ര രാജമാരെ കാണാനാവും? ജീവിതാനുഭവങ്ങളുടെ കഠിനത കൊണ്ട് മാത്രം നോട്ടുപുസ്തകത്തില്‍ ഉപന്യസിക്കാന്‍ കഴിയാതെ പോവുന്ന, കാല്‍പനികതയില്ലാത്ത, യാഥാര്‍ത്ഥ്യം മാത്രം അനുഭവത്തിലുള്ള എത്രയെത്ര പേരെ ഈ വ്യവസ്ഥ അഞ്ച് മിനിറ്റ് വൈകിയത് പറഞ്ഞും, അറ്റന്‍ഡന്‍സ് പറഞ്ഞും, മുടി കെട്ടാത്തത് പറഞ്ഞും പുറന്തള്ളുന്നു? ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍, സോഷ്യല്‍ കണ്‍സ്ട്രക്റ്റീവിസം എന്നിങ്ങനെ നമ്മളംഗീകരിച്ച അസംഖ്യം സിദ്ധാന്തങ്ങളും നമ്മുടെ ക്ലാസ് മുറികളിലെ പ്രയോഗവും തമ്മിലുള്ള അകലത്തില്‍ രാജമാരിപ്പോഴും പുറത്ത് പുസ്തകമേറ്റി കുമ്പിട്ടു നിന്ന് ശിക്ഷയേറ്റു വാങ്ങുന്നുണ്ട്. കാണുന്നുണ്ടോ?
Content Highlight: Review, an essay of the rain
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ