| Saturday, 9th March 2013, 2:34 pm

കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഞാന്‍ മുമ്പ് കൈക്കൊണ്ട നിലപാടുകളെ ഇപ്പോള്‍ ന്യായീകരിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് സമൂഹത്തോടുള്ള ഒരു പ്രതികരണമാണ്. സമൂഹത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രതികരണം എന്നു പറയാം. ഏതു സമൂഹമാണോ ഈ പ്രതികരണം സൃഷ്ടിച്ചത്, അതിനെയാണെതിര്‍ക്കേണ്ടത്. അല്ലാതെ നിഷേധാത്മക സ്വഭാവം പുലര്‍ത്തുന്ന പ്രസ്തുത സമൂഹത്തിന്റെ ഇരകളായിക്കഴിഞ്ഞ ആളുകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വികാരത്തെയല്ല.”-മാല്‍കം എക്‌സ്


റിവ്യൂ/ മുഹമ്മദ് ശമീം

സിനിമ: ഫാബ്രിക്കേറ്റഡ്
സംവിധായകന്‍: കെ.പി ശശി
വിഭാഗം: ഡോക്യുമെന്ററി

“ഞാന്‍ മുമ്പ് കൈക്കൊണ്ട നിലപാടുകളെ ഇപ്പോള്‍ ന്യായീകരിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് സമൂഹത്തോടുള്ള ഒരു പ്രതികരണമാണ്. സമൂഹത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രതികരണം എന്നു പറയാം. ഏതു സമൂഹമാണോ ഈ പ്രതികരണം സൃഷ്ടിച്ചത്, അതിനെയാണെതിര്‍ക്കേണ്ടത്. അല്ലാതെ നിഷേധാത്മക സ്വഭാവം പുലര്‍ത്തുന്ന പ്രസ്തുത സമൂഹത്തിന്റെ ഇരകളായിക്കഴിഞ്ഞ ആളുകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വികാരത്തെയല്ല.”-മാല്‍കം എക്‌സ്.

പ്രകോപനം

എന്നാല്‍, അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ് ഭൂമിയിലേറ്റവും പ്രകോപനപരമെന്നു വിശ്വസിക്കാന്‍ അദ്ദേഹം തന്നെ നിര്‍ബ്ബന്ധിതനായി എന്നു തോന്നിപ്പോകും. അതുകൊണ്ടാവണമല്ലോ, ആദ്യകാലത്തെ തന്റെ വാക്കുകളെ തള്ളിപ്പറയാനദ്ദേഹം തയ്യാറായത്.[]

അതേയവസരം, പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്യുന്നതെങ്കില്‍ ഉടനടി അറസ്റ്റ് ചെയ്യപ്പെടേണ്ടവരായി ചുരുങ്ങിയതൊരു നൂറ്റമ്പത് പേരെങ്കിലുമുണ്ടാകുമെന്ന് കെ.ഇ.എന്‍ പറയുന്നു.

സിവിക് ചന്ദ്രനാവട്ടെ, പ്രകോപനത്തിന്റെ തന്നെ വ്യത്യസ്ത സ്വഭാവങ്ങളെ നിരീക്ഷിക്കുകയാണ്. തൊഗാഡിയയുടെയും മഅദനിയുടെയും ഭാഷകളെ താരതമ്യം ചെയ്ത് കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വ്യവസ്ഥാപിതം തൊഗാഡിയയിലൂടെ ഗര്‍ജിക്കുമ്പോള്‍ നിസ്സഹായത മഅദനിയിലൂടെ നിലവിളിക്കുകയാണ് ചെയ്തത്. “ഈ നിലവിളി ആരിലാണ് പ്രകോപനം സൃഷ്ടിച്ചത്? “ആരെ പ്രകോപിപ്പിച്ചു എന്നതാണ് വിഷയം. മഅദനി പ്രകോപിപ്പിച്ചത് ഇന്നാട്ടിലെ ജനങ്ങളെയല്ല. രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിക്ഷിപ്ത താല്പര്യങ്ങളെയാണ്.” (ഗ്രോ വാസു).

പ്രസംഗങ്ങളുടെ പേരില്‍ മഅ്ദനിക്കെതിരെ ചുമത്തപ്പെട്ട കേസുകളെല്ലാം തള്ളിപ്പോവുകയാണ് ചെയ്തത്. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി എട്ട് കേസുകള്‍ ഒറ്റയടിക്ക് തള്ളി.

പ്രസംഗങ്ങള്‍ കേട്ട ശേഷം മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടത്, ഇതില്‍ ജനങ്ങള്‍ക്കോ ഏതെങ്കിലും മതവിശ്വാസികള്‍ക്കോ എതിരായ യാതൊരു പരാമര്‍ശവുമില്ലെന്നായിരുന്നു. പ്രസംഗങ്ങളുടെ രാഷ്ട്രീയത്തെ അവര്‍ തിരിച്ചറിയുകയും ചെയ്തു. തികച്ചും ജനാധിപത്യപരമായി അതിനെ മനസ്സിലാക്കുകയും.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴാണ് താന്‍ ഏറ്റവും പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ടാവുകയെന്ന് മഅദനി പിന്നീടോര്‍ക്കുന്നു. അവയില്‍ത്തന്നെയും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. “ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുറ്റത്തു നിന്ന് ഒരു പിടി മണ്ണു പോലും മാറ്റരുത്.”

കേസുകളുടെ വേവുപുരകള്‍

കെ.പി ശശി സംവിധാനം ചെയ്ത “ഫാബ്രിക്കേറ്റഡ്” എന്ന ഡോക്യുമെന്ററി സിനിമയാണ് പ്രകോപന പ്രസംഗത്തെക്കുറിച്ച, മേലുദ്ധരിച്ച ചര്‍ച്ചകള്‍ നടത്തിയത്. തൊണ്ണൂറ് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ, മഅദനിയുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും കേന്ദ്രപ്രമേയമാക്കി മുന്നോട്ട് പോകുന്നതോടൊപ്പം, ഇന്ത്യന്‍ അധീശവര്‍ഗം ഫാബ്രിക്കേറ്റ് ചെയ്‌തെടുത്ത ഒട്ടേറെ കേസുകളിലേക്കും വെളിച്ചം വീശുന്നു.

“മഅദനി പ്രകോപിപ്പിച്ചത് ഇന്നാട്ടിലെ ജനങ്ങളെയല്ല. രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിക്ഷിപ്ത താല്പര്യങ്ങളെയാണ്”

പതിനായിരങ്ങള്‍ ഇന്ത്യന്‍ തടവറകളില്‍ അന്യായമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ചിത്രത്തില്‍ കെ.ഇ.എന്‍ പറയുന്നു. അഭയ് സാഹു, ദയാമണി ബാര്‍ല, ബിനായക് സെന്‍, കോപാ കുഞ്ജം, ലിംഗറാം കൊടോപ്പി, അബ്ദുല്‍ നാസര്‍ മഅദനി, സഞ്ജീവ് ഭട്ട്, അഡ്വ. ഷാനവാസ്, എസ്.പി ഉദയകുമാര്‍, എസ്.എ.ആര്‍ ഗീലാനി, കെ.കെ ഷാഹിന, സോണി സോറി, സൂഫിയ മഅദനി, സയ്യിദ് മുഹമ്മദ് അഹ്മദ് കാസിമി .. അങ്ങനെയൊട്ടേറെപ്പേര്‍.

സിനിമ മുന്നോട്ടു വെക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കുന്ന ചിലര്‍ക്കും സ്വന്തം അനുഭവങ്ങള്‍ പറയാനുണ്ട്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ മുപ്പതു ദിവസം തടവിലിട്ടു. കുറ്റവുമില്ല വിചാരണയുമില്ല. പിന്നെ വെറുതെ വിട്ടു.

മുത്തങ്ങ സമരത്തോടനുബന്ധിച്ച് എഴുനൂറ്റിരുപത്തൊമ്പതു പേര്‍ക്കെതിരായി പന്ത്രണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നെന്ന് സി.കെ ജാനു ചൂണ്ടിക്കാണിക്കുന്നു. എല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നു.

പലപ്പോഴായി പല കാലയളവില്‍ ജയിലില്‍ക്കിടന്ന് സര്‍വ്വീസില്‍ നിന്ന് പത്തു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അനുഭവമാണ് സിവിക് ചന്ദ്രന് പറയാനുള്ളത്. ഒന്നും ചെയ്ത കുറ്റങ്ങളുടെ പേരിലായിരുന്നില്ല. ഏഴര വര്‍ഷം വിചാരണത്തടവുകാരനായ ഗ്രോ വാസുവിനെ ഒരു ദിവസത്തേക്കു പോലും കോടതി ശിക്ഷിച്ചില്ല.

അടിയന്തിരാവസ്ഥയിലെ ജയില്‍ പീഡനത്തെക്കുറിച്ചാണ് സി.കെ അബ്ദുല്‍ അസീസ് ഓര്‍ക്കുന്നത്. മര്‍ദ്ദനത്തിനിടയില്‍ നീ മാപ്പിളയല്ലേടാ എന്നൊരു ശകാരം കേള്‍ക്കേണ്ടി വന്നത്, തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട്, കക്കയം കാമ്പില്‍ കൊല്ലപ്പെട്ട രാജനും പരാമര്‍ശ വിഷയമാകുന്നുണ്ട്.


കെ.പി ശശി സംവിധാനം ചെയ്ത “ഫാബ്രിക്കേറ്റഡ്” എന്ന ഡോക്യുമെന്ററി സിനിമയാണ് പ്രകോപന പ്രസംഗത്തെക്കുറിച്ച, മേലുദ്ധരിച്ച ചര്‍ച്ചകള്‍ നടത്തിയത്. തൊണ്ണൂറ് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ, മഅദനിയുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും കേന്ദ്രപ്രമേയമാക്കി മുന്നോട്ട് പോകുന്നതോടൊപ്പം, ഇന്ത്യന്‍ അധീശവര്‍ഗം ഫാബ്രിക്കേറ്റ് ചെയ്‌തെടുത്ത ഒട്ടേറെ കേസുകളിലേക്കും വെളിച്ചം വീശുന്നു.


ഹൃദയസ്പൃക്കാണ് കെ.പി ശശിയുടെ പ്രതിപാദനം. പ്രമേയത്തോട് സിനിമയുടെ ഘടന അങ്ങേയറ്റം നീതി പുലര്‍ത്തുന്നുണ്ട്. മഅദനിയുടെ ജീവിതത്തോടും. ഒരു ബാങ്ക് വിളിയിലാണ് ഫാബ്രിക്കേറ്റഡ് ആരംഭിക്കുന്നത്. അവസാനിക്കുമ്പോള്‍ ബാബാ ബുല്ലേ ഷായുടെ സൂഫീ ഗാനം കേള്‍ക്കാം.[]

അലി നൂരിയുടെയും അലി ഹംസയുടെയും മാന്ത്രികശബ്ദത്തില്‍. “ജോ ന ജാനേ.. ഹഖ് കീ താഖത്.., റബ്‌നാ ദേവേ.. ഉസ് കോ ഹിമ്മത്…” ഹഖിന്റെ താഖത് (പരമയാഥാര്‍ത്ഥ്യത്തിന്റെ കരുത്ത്) തിരിച്ചറിയാന്‍ ജയിലിലെ ഏകാന്തത തനിക്കവസരം നല്‍കിയെന്ന് മഅദനി അനുസ്മരിക്കുന്നുണ്ട്.

“അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത …” (നീ വിധിക്കുന്നതിനെയും തടയുന്നതിനെയും മറികടക്കാന്‍ ആര്‍ക്കു പറ്റും?) എന്ന മന്ത്രമാണ് തനിക്കെപ്പോഴും കരുത്തായതെന്നദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ പശ്ചാത്തലമായി വരുന്ന സംഗീത മിശ്രണങ്ങളും ഗാനശകലങ്ങളും പ്രതിപാദനത്തിന്റെ വികാരതീവ്രതയെ അനുഭവിപ്പിക്കാന്‍ പര്യാപ്തമാകുന്നുണ്ടെങ്കിലും ജഗ്ജിത് സിങ്ങിന്റെ “യെ ദോലത് ഭി ലേലോ” എന്ന ഗാനത്തിന്റെ, സന്ദര്‍ഭവുമായുള്ള ബന്ധം മനസ്സിലായില്ല. ചിത്രസംയോജകനായ ബി അജിത് കുമാറിന്റെ വൈദഗ്ദ്യവും ചിത്രത്തിന് കരുത്തു നല്‍കി.

അവര്‍ണന് അധികാരം

ഒരര്‍ത്ഥത്തില്‍ ഐ.എസ്.എസ് കാലത്തെ മഅദനിയെയല്ല, അതിനു ശേഷമുള്ള മഅദനിയെയാണ് അധീശ രാഷ്ട്രീയം ഭയപ്പെട്ടിരുന്നതെന്നു വേണം കരുതാന്‍. പ്രകോപനപരം എന്നു പ്രചരിപ്പിക്കപ്പെട്ടിരുന്ന പ്രസംഗങ്ങളാകട്ടെ ഐ.എസ്.എസ് കാലത്താണു താനും നടന്നത്.

എന്നാല്‍ ആ കാലത്തോ അതിനു ശേഷമോ യാതൊരു വിധ്വംസകപ്രവര്‍ത്തനവും അദ്ദേഹത്തില്‍ നിന്ന് കേരളമോ മറ്റ് സംസ്ഥാനങ്ങളോ അനുഭവിച്ചിട്ടേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

“മഅദനി ഏതെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടില്ല, ആര്‍.എസ്.എസ്സുകാരുടെ വിധ്വംസക പ്രവര്‍ത്തനത്തിന് അദ്ദേഹം ഇരയാവുകയാണുണ്ടായത്” (സിവിക് ചന്ദ്രന്‍). അദ്ദേഹത്തിന് നേരെ എറിയപ്പെട്ട, ഒരു കാല്‍ തകര്‍ത്ത് കളഞ്ഞ ബോംബായിരിക്കും അദ്ദേഹം ജീവിതത്തില്‍ കണ്ടിട്ടുള്ള ഏക ബോംബ് (ഗ്രോ വാസു).

ഒരര്‍ത്ഥത്തില്‍ ഐ.എസ്.എസ് കാലത്തെ മഅദനിയെയല്ല, അതിനു ശേഷമുള്ള മഅദനിയെയാണ് അധീശ രാഷ്ട്രീയം ഭയപ്പെട്ടിരുന്നതെന്നു വേണം കരുതാന്‍. പ്രകോപനപരം എന്നു പ്രചരിപ്പിക്കപ്പെട്ടിരുന്ന പ്രസംഗങ്ങളാകട്ടെ ഐ.എസ്.എസ് കാലത്താണു താനും നടന്നത്.

“അവര്‍ണന് അധികാരം, അടിമകള്‍ക്ക് മോചനം” എന്ന മുദ്രാവാക്യമാണ് യഥാര്‍ത്ഥത്തില്‍ മഅദനി സൃഷ്ടിച്ച പ്രകോപനമെന്ന് ഗ്രോ വാസു നിരീക്ഷിക്കുന്നു. ഇക്കാര്യം ഒരു ശങ്കയുമില്ലാതെ മഅദനി പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ.

ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം തീവ്രം എന്ന വിശേഷണത്തെയല്ല, ഭാഷയുടെ മൂര്‍ച്ചയെയാണ് ദ്യോതിപ്പിക്കുന്നത് (സി.കെ അബ്ദുല്‍ അസീസ്). അത് പ്രകോപിതമാക്കിയത് ബ്രാഹ്മണ പാര്‍ട്ടികളെയാണ് (ഗ്രോ വാസു). ആ പ്രകോപനമാകട്ടെ, നമ്മുടെ സമൂഹത്തിന് നടുക്കമുണ്ടാക്കുക സ്വാഭാവികമായിരുന്നു. എന്തെന്നാല്‍, “സവര്‍ണ ഫാസിസ്റ്റ് നിലപാടുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്” (അഡ്വ. എസ് നന്ദിനി).

വ്യവസ്ഥാപിതത്വം ആവശ്യപ്പെടുന്ന തരത്തില്‍ ഒരു മതപണ്ഡിതനായി ഒതുങ്ങിക്കൂടിയിരുന്നെങ്കില്‍ മഅദനിക്ക് ഈ ഗതി വരില്ലായിരുന്നെന്നാണ് ജമീലാ പ്രകാശം എം.എല്‍.എയുടെ നിരീക്ഷണം.

അങ്ങനെയൊരൊതുങ്ങല്‍ മഅദനിക്ക് സാധ്യമല്ലായിരുന്നു. പി.ഐ നൗഷാദ് അതിപ്രകാരം വിവരിക്കുന്നു: “ഇസ്ലാമിനെ വിമോചന രാഷ്ട്രീയമായുപയോഗപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ആധാരത്തിലുണ്ടായ പിന്നോക്ക, ന്യൂനപക്ഷ, ദളിത് കൂട്ടായ്മ ഇന്ത്യയിലെ സംഘ്, സവര്‍ണ, വരേണ്യ രാഷ്ട്രീയത്തിന്റെ പ്രതിപക്ഷത്തായിരുന്നു.”

അദ്ദേഹത്തിന്റെ  ജീവിതത്തെ വരേണ്യരാഷ്ട്രീയം വിടാതെ പിന്തുടര്‍ന്നതിന് നിമിത്തമായിത്തീര്‍ന്ന രണ്ട് ഘടകങ്ങളെക്കുറിച്ചു കൂടി പി.ഐ നൗഷാദ് പറയുന്നുണ്ട്. ഒന്നാമതായി മഅദനി നവലിബറല്‍ പോളിസിക്കെതിരെ സംസാരിച്ചു. രണ്ടാമതായി അദ്ദേഹം ഒരു മുസ്‌ലീമാണ്. മുസ്‌ലീം തീവ്രവാദി എന്ന മുദ്ര കുത്തി അദ്ദേഹത്തെ ജയിലിലടക്കാന്‍ എളുപ്പമാണ്. അതു വഴി നവലിബറല്‍ നയത്തിനെതിരായ അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കുകയും ചെയ്യാം.

ഈ ശബ്ദമാവട്ടെ, അധഃകൃതനെന്ന മുദ്ര പേറി തഴയപ്പെട്ടവരുടെ പക്ഷവും കൂടിയായിരുന്നു. ഇന്ത്യയില്‍ മേല്‍ക്കോയ്മ പുലര്‍ത്തുന്ന സവര്‍ണ അധികാര വ്യവസ്ഥയില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ അതിനു കഴിയുമായിരുന്നു.

 ഒരു കാലില്ലാത്ത ഒരു പാവം മനുഷ്യനെ നിങ്ങളെന്തിനാണിങ്ങനെ ഭയപപെടുന്നതെന്ന് ജ്‌സറ്റിസ് വി.ആര്‍ കഷ്ണയ്യര്‍ ചോദിച്ചപ്പോള്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന, ബി.ജെ.പി യുടെ ഒരുന്നതനേതാവ് പറഞ്ഞത്രേ: “കാലില്ലെങ്കിലെന്ത്. കാലിനെക്കാള്‍ നീളമുള്ള നാക്കുണ്ടയാള്‍ക്ക്. ആ നാക്കു വച്ച് ഞങ്ങളുടെയിടയില്‍ അയാള്‍ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്.”

ഇക്കാര്യം തുറന്നു പറഞ്ഞ ഒരു ബി.ജെ.പി നേതാവിനെ മഅദനി അനുസ്മരിക്കുന്നുണ്ട്. ഒരു കാലില്ലാത്ത ഒരു പാവം മനുഷ്യനെ നിങ്ങളെന്തിനാണിങ്ങനെ ഭയപപെടുന്നതെന്ന് ജ്‌സറ്റിസ് വി.ആര്‍ കഷ്ണയ്യര്‍ ചോദിച്ചപ്പോള്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന, ബി.ജെ.പി യുടെ ഒരുന്നതനേതാവ് പറഞ്ഞത്രേ: “കാലില്ലെങ്കിലെന്ത്. കാലിനെക്കാള്‍ നീളമുള്ള നാക്കുണ്ടയാള്‍ക്ക്. ആ നാക്കു വച്ച് ഞങ്ങളുടെയിടയില്‍ അയാള്‍ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്.” ഇതു തന്നെയാണ് പ്രശ്‌നം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സവര്‍ണ വരേണ്യ താല്പര്യങ്ങള്‍ക്ക് പരിക്കേല്പിക്കാന്‍ മഅദനിയും സമാനമനസ്‌കരും ശ്രമിക്കുന്നു.[]

തമിഴ്‌നാട് ജയിലില്‍ നിന്നിറങ്ങിയ ശേഷം മഅദനി ചെങ്ങറ സമരഭൂമി സന്ദര്‍ശിച്ചു. അധീശ വ്യവസ്ഥ അവമതിച്ചവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധത അവിടെയദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നോട്ട് മായ്ക്കാന്‍ ഒരു കഷ്ണം റബ്ബര്‍ വാങ്ങാന്‍ ശേഷിയില്ലാത്ത ദളിതരേയും ദരിദ്രരേയും സെക്രട്ടറിയറ്റ് പടിക്കല്‍ക്കൊണ്ട് നിര്‍ത്തി, റബ്ബറിന് വില കൂട്ടുക സര്‍ക്കാറേ എന്നു മുദ്രാവാക്യം വിളിപ്പിക്കുന്ന, സമകാലികരാഷ്ട്രീയത്തിന്റെ വൈരുദ്ധ്യങ്ങളെ അവിടെ നടത്തിയ പ്രസംഗത്തിലദ്ദേഹം പരിഹസിക്കുന്നുണ്ട്.

വ്യവസ്ഥാപിതം മഅദനിയെ ഭയപ്പെട്ടിരുന്നുവെന്നതിന്റെ വേറെയും തെളിവുകളുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതിയായ ബാഷ ഉള്‍പ്പെടെയുള്ളവര്‍ മാസത്തിലൊരിക്കലെങ്കിലും പരോള്‍ നേടി പുറത്തു പോകാറുണ്ടായിരുന്നു.

അതില്‍ യഥാര്‍ത്ഥത്തില്‍ ഒരു പങ്കുമില്ലാതിരുന്ന മഅദനിയെ (തമിഴ്‌നാട് പൊലീസും പ്രൊസിക്യൂഷനും കള്ളത്തെളിവുകളും കള്ളസാക്ഷികളെയും ഹാജരാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് ജമീലാ പ്രകാശം ചൂണ്ടിക്കാണിക്കുന്നുണ്ട്) വിചാരണയുടെ പേരും പറഞ്ഞ് ജാമ്യമോ പരോളോ ഒന്നും അനുവദിക്കാതെ, അതിദീര്‍ഘകാലം തടവിലിട്ടതിന്റെ കാരണം ഈ ഭയപ്പാടല്ലാതെ മറ്റെന്ത്?

സാക്ഷികളും തെളിവുകളും

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെത്തേടിയാണ് തെഹല്‍കയുടെ കെ.കെ ഷാഹിന സഞ്ചരിച്ചത്. ശശിയുടെ സിനിമയില്‍ ഈ സാക്ഷികളില്‍ രണ്ടു പേര്‍ നമ്മളോട് സംസാരിക്കുന്നുണ്ട്.

അതില്‍ ജോസ് വര്‍ഗീസ് എന്ന, മഅദനി അല്‍പകാലം വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥന്‍ കര്‍ണാടക പൊലീസിന്റെ വാക്ക് വിശ്വസിച്ച് കന്നടത്തിലെഴുതിയ ചില പേപ്പറുകളില്‍ ഒപ്പുവെച്ചു എന്നത് ശരിയാണ്. എന്നാല്‍ പൊലീസ് തന്നോടു പറഞ്ഞ പോലെയല്ല സാക്ഷിമൊഴി എഴുതിയിരുന്നതെന്നദ്ദേഹമറിയുന്നത് പത്രത്തില് നിന്നാണ്.

സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്ന പ്രകാരം മഅദനിയും തടിയന്റവിട നസീറും മറ്റും ഗൂഢാലോചന നടത്തുന്നത് താന്‍ കണ്ടിട്ടേയില്ലെന്നദ്ദേഹം ആണയിടുന്നു. മറ്റൊരു സാക്ഷി മഅദനിയുടെ സഹോദരനും കൂടിയായ ജമാലാണ്. അദ്ദേഹത്തെ ഒരു പോലീസുകാരനും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല, ഒരു സാക്ഷിമൊഴിയിലുമദ്ദേഹം ഒപ്പുവെച്ചിട്ടുമില്ല.

സാക്ഷിയാണെന്നദ്ദേഹമറിയുന്നത് തന്നെ മാധ്യമങ്ങള്‍ വഴി. പിന്നൊരാള്‍ മജീദ്. ഇദ്ദേഹം കണ്ണൂരില്‍ പൊലീസിന് സാക്ഷിമൊഴി നല്‍കി എന്നു പറയുന്ന ദിവസം, യഥാര്‍ത്ഥത്തില്‍ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.


യു.എ.പി.എ നിയമപ്രകാരം ഏതൊരാളെയും കേസില്‍പ്പെടുത്തി ജാമ്യമില്ലാതെ എത്ര കാലം വേണമെങ്കിലും ജയിലിലടയ്ക്കാന്‍ പറ്റും. മഅദനിയുടെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ പോലും മെനക്കെടാതെയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്.


നാല് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിക്കുകയും ചെയ്തു. കുടക് സ്വദേശിയായ സാക്ഷി യോഗാനന്ദയെ ഷാഹിനയുടെ ടേപ്പിലൂടെ നമ്മള്‍ കാണുന്നുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇദ്ദേഹം ഒരിക്കല്‍പ്പോലും മഅദനിയെ കണ്ടിട്ടേയില്ല.

പൊലീസ് റിക്കാഡില്‍ താന്‍ സാക്ഷിയാണെന്നും അയാള്‍ക്കറിയില്ല. അടുത്തയാളെ തേടിപ്പോകാന്‍ ഷാഹിനയ്ക്കുമായില്ല. അപ്പോഴേക്കും രാജ്യദ്രോഹത്തിന്റെ ഒരുടുപ്പ് അവര്‍ക്ക് വേണ്ടിയും പൊലീസ് തയ്യാറാക്കിയിരുന്നു. ഫാബ്രിക്കേറ്റഡ് കേസുകളിലേക്ക് ഒന്നു കൂടി.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മൂന്ന് കുറ്റപത്രങ്ങള്‍ തയ്യാറാക്കപ്പെട്ടിരുന്നതായി ഭാസുരേന്ദ്ര ബാബു ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യത്തെ രണ്ടിലും മഅദനി പ്രതിയായിരുന്നില്ല.

വളരെപ്പെട്ടെന്ന് തട്ടിക്കൂട്ടിയ തെളിവുകളുടെ പിന്‍ബലത്തില്‍ മൂന്നാമത്തെ കുറ്റപത്രത്തില്‍ അദ്ദേഹത്തെ പ്രതി ചേര്‍ക്കുകയായിരുന്നു. മഅദനിയടക്കമുള്ള പലരെയും ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത കരിനിയമങ്ങളുപയോഗിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യു.എ.പി.എ നിയമപ്രകാരം ഏതൊരാളെയും കേസില്‍പ്പെടുത്തി ജാമ്യമില്ലാതെ എത്ര കാലം വേണമെങ്കിലും ജയിലിലടയ്ക്കാന്‍ പറ്റും. മഅദനിയുടെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ പോലും മെനക്കെടാതെയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത് (ഒ. അബ്ദുറഹ്മാന്‍).

“നമ്മുടെ നാട്ടില്‍ ചില വ്യക്തികള്‍ പല കുറ്റങ്ങള്‍ ചെയ്താലും ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടുന്നില്ല. അതേസമയം മറ്റു ചില വ്യക്തികള്‍ ഒരു കുറ്റവും ചെയ്തില്ലെങ്കിലും പല കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നു” (ജമീല പ്രകാശം എം.എല്‍.എ).

ഏതൊരു നിരപരാധിയേയും ഏതൊരുദ്യോഗസ്ഥനും ഏതൊരു ഏജന്‍സിക്കും ഏതു സമയത്തും ഒരു കാരണവും കൂടാതെ തടവിലിടാന്‍ പറ്റുമെന്നത് വ്യവസ്ഥിതിയുടെ ദൗര്‍ബ്ബല്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മഅദനി തന്നെ പറയുമ്പോള്‍ നമ്മുടെ ജനാധിപത്യം തീര്‍ച്ചയായും വല്ലാതെ ചെറുതായിപ്പോകുന്നുണ്ട്.

ഏതൊരു നിരപരാധിയേയും ഏതൊരുദ്യോഗസ്ഥനും ഏതൊരു ഏജന്‍സിക്കും ഏതു സമയത്തും ഒരു കാരണവും കൂടാതെ തടവിലിടാന്‍ പറ്റുമെന്നത് വ്യവസ്ഥിതിയുടെ ദൗര്‍ബ്ബല്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മഅദനി തന്നെ പറയുമ്പോള്‍ നമ്മുടെ ജനാധിപത്യം തീര്‍ച്ചയായും വല്ലാതെ ചെറുതായിപ്പോകുന്നുണ്ട്.[]

നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയം എന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. നമ്മളോരോരുത്തരുടെയും പരാജയമാണിതെന്ന് അദ്ദേഹം തുടരുന്നു. ഇതിനെ പരാജയമായിക്കാണാത്ത ഒരേയൊരാളേയുള്ളൂ, അത് അബ്ദുല്‍ നാസര്‍ മഅദനി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുമ്പോള്‍ മഅദനിയും ബിനായക് സെന്നുമുള്‍പ്പെടെ തങ്ങള്‍ക്ക് വേണ്ടിയല്ലാതെ പീഡ സഹിക്കുന്ന “ദേശദ്രോഹികള്‍” വ്യവസ്ഥയെക്കാളും വലുതായിത്തീരുന്നതായി നമ്മളറിയുന്നു.

മനുഷ്യത്വത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍

യുവപ്രായത്തില്‍ വിധവയെപ്പോലെ കഴിയേണ്ടിവന്ന, നൂറു ജന്മങ്ങളുടെ ദുരിതങ്ങള്‍ സഹിക്കേണ്ടി വന്ന തന്റെ ഭാര്യയെ മാനസികാഘാതത്തിന് ചികില്‍സിക്കേണ്ടതായിപ്പോലും വന്നിട്ടുണ്ടെന്ന് തൊണ്ടയിടറിക്കൊണ്ട് മഅദനി പറയുമ്പോള്‍ നടുങ്ങാത്തവന്റെ ദേശസ്‌നേഹ ഭീകരത മനുഷ്യത്വത്തിന്റെ മറുപക്ഷത്ത് മാത്രം നില്‍ക്കുന്ന ഒന്നാണ്.

സത്യത്തില്‍ ആ മനുഷ്യന്റെ കണ്ഠമിടറുന്നത്, കണ്ണുകള്‍ നനയുന്നത്, ചെറുനിലവിളിയായി ആ സ്വരം മാറുന്നത് അപ്പോള്‍ മാത്രമാണ്. എന്നിട്ടവര്‍ക്ക് വേണ്ടിയും ഫാബ്രിക്കേറ്റു ചെയ്തു ഒരു ബസ് ബേണിങ് കേസ്. അതിന്റെ ന്യായവും ചിത്രത്തില്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട്.

ചിത്രത്തിന്റെ അവസാനവും ശ്രദ്ധേയമാണ്. “എന്റെ ഈ പോക്ക് തിരിച്ചുവരാനുള്ളതാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഈ കുടുക്കുകളെല്ലാം ഇത്ര കൃത്യമായി ഒപ്പിച്ചത് എന്നെ തകര്‍ക്കാന്‍ വേണ്ടിത്തന്നെയാണ്. അതിലിനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്…”

ഇതോടെ ദൃശ്യം ഫ്രീസ് ആവുകയാണ്. അനുവാചകനില്‍ വലിയ ഒരു നടുക്കം സൃഷ്ടിച്ചു കൊണ്ട്. നമ്മുടെ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ആത്മാര്‍ത്ഥതയെ സംശയിക്കുകയാണ് ഇതില്‍ സംബന്ധിച്ചു കൊണ്ട് ചലച്ചിത്രകാരന്‍ കമല്‍.

ഡോ. ബിനായക് സെന്‍, ഡോ. കെ.എന്‍ പണിക്കര്‍, ബി.ആര്‍.പി ഭാസ്‌കര്‍, എസ്.പി ഉദയകുമാര്‍, മുഹമ്മദ് അഹ്മദ് കാസിമി, എസ്.ഏ.ആര്‍ ഗീലാനി, ഡോ. എസ് ബലറാം എന്നിവരും ഈ ഡോക്യുമെന്ററിയിലൂടെ നമ്മുടെ മുന്നിലെത്തുന്നുണ്ട്.

പല സമൂഹങ്ങള്‍ ഒരുമിച്ചുള്ള സഹവാസത്തിലൂടെ രൂപപ്പെട്ട് വരുന്ന കൂട്ടായ്മയാണ് ഒരു ബഹുസ്വരസമൂഹത്തിന്റെ അടിത്തറ. ഈ അടിത്തറയെ തകര്‍ക്കുന്ന വിധത്തില്‍ നമ്മുടെ നിയമവ്യവസ്ഥ മുന്നോട്ട് പോകുമ്പോള്‍ നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നത് ജീവിക്കാനുള്ള നാമോരോരുത്തരുടെയും അവകാശത്തെയാണ് ഇല്ലാതാക്കുക. ഈ താക്കീത് മുന്നോട്ട് വെക്കാന്‍ കെ.പി ശശിക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കുന്നുണ്ട്.

അന്നിലക്ക് വളരെ ശ്രദ്ധേയവും അനിവാര്യവുമായ ഒന്നായിരിക്കുന്നു, വിഷ്വല്‍ സേര്‍ച്ചും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും ജസ്റ്റിസ് ഫോര്‍ മഅദനി ഫോറവും ചേര്‍ന്ന് നിര്‍മിച്ച, “ഫാബ്രിക്കേറ്റഡ്” എന്ന ഡോക്യുമെന്ററി സിനിമ.

We use cookies to give you the best possible experience. Learn more