ബാലറ്റിലേക്ക് തിരിച്ചു പോകണം; ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദയനീയമായി പരാജയപ്പെട്ടു: ചന്ദ്രബാബു നായിഡു
അമരാവതി: ആദ്യ ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ചന്ദ്രബാബു നായിഡു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
വോട്ടെടുപ്പിന് ഇനി മുതല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി വരണമെന്നും, ഇ.വി.എമ്മുകളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഇ.വി.എമ്മുകളുടെ വിശ്വാസതയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആന്ധ്രയില്‍ വോട്ടെടുപ്പ് രാത്രി ഒരു മണി വരെ നീണ്ടിരുന്നു. ഏതാണ്ട് 80 ശതമാനത്തോളം പോളിങ്ങാണ് ആന്ധ്രാപ്രദേശില്‍ രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ വലിയ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ഇതിനിടെ ടി.ആര്‍.എസും വൈ.എസ്.ആര്‍.സി.പി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു. പല പോളിങ് ബൂത്തുകള്‍ക്ക് മുന്‍പിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വൈ.എസ്.ആര്‍.സി.പിയുടേയും ടി.ആര്‍.എസിന്റെയും ഓരോ പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ചന്ദ്രബാബു നായിഡു അടുത്ത ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി. നിരവധി പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. 9.30 ആയിട്ടും പോളിങ് തുടങ്ങാത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ത്ത് വോട്ടിങ് തുടങ്ങിയിട്ടും മടങ്ങിപ്പോയ പലരും വോട്ടു ചെയ്യാന്‍ എത്തിയില്ല. അതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് ടി.ഡി.പിയുടെ ആവശ്യം.
ആന്ധ്രയിലെ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് രാവിലെ തകരാറിലായിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതില്‍ ക്ഷുഭിതനായി ജനസേന സ്ഥാനാര്‍ഥി മധുസുദനന്‍ ഗുപ്ത അനന്ത്പൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം തകര്‍ത്തിരുന്നു.