തെലങ്കാനയില്‍ റവന്യൂ ഉദ്യോഗസ്ഥയെ ഭൂ ഉടമ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
national news
തെലങ്കാനയില്‍ റവന്യൂ ഉദ്യോഗസ്ഥയെ ഭൂ ഉടമ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 6:47 pm

ഹൈദരാബാദ്: തെലങ്കാനയില്‍ റവന്യൂ ഉദ്യോഗസ്ഥയെ ഓഫീസില്‍വെച്ച് ചുട്ടു കൊന്നു. വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം.

ഭൂരേഖകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയ സുരേഷ് മുദിരാജുവാണ് റവന്യൂ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭൂരേഖകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് റവന്യൂ ഉദ്യോഗസ്ഥയെ കാണാനെത്തിയ സുരേഷ് അരമണിക്കൂറോളം ഉദ്യോഗസ്ഥയുമായി സംസാരിച്ചു.

സംസാരത്തിനിടെ സുരേഷും ഉദ്യോഗസ്ഥയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതിനിടെ വിജയയെ സുരേഷ് കൈയ്യില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

വിജയയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ വിജയ സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തില്‍ പൊള്ളലേറ്റ സുരേഷിനെ ഹയാത്‌നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയയെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്നു സഹപ്രവര്‍ത്തകര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂരേഖകള്‍ ഡിജിറ്റലാക്കിയപ്പോള്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ പലതവണ സുരേഷ് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ രേഖകളിലെ തെറ്റ് തിരുത്തിക്കൊടുക്കാന്‍ കോടതി ഉത്തരവുമുണ്ട്.

സുരേഷ് മുദിരാജു പെട്ടെന്നുള്ള പ്രേരണയില്‍ കൃത്യം നടത്തിയതല്ലെന്നും മുന്‍ക്കൂട്ടി നിശ്ചയിച്ച പ്രകാരമാണ് കൊലപാതകമെന്നും രചഖൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു. സുരേഷിനും 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും മഹേഷ് ഭഗവത് പറഞ്ഞു.