| Monday, 6th July 2020, 3:06 pm

കാസര്‍ഗോഡ് സമൂഹ വ്യാപന സാധ്യത; കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണമെന്ന് റവന്യൂ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ കൂടുന്നുവെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഈ സ്ഥിതി സമൂഹ വ്യാപനത്തിന് സാധ്യതകൂട്ടുമെന്നും സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയില്‍ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ അധികവും കര്‍ണാടകയില്‍ പോയി വന്നവരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അതിര്‍ത്തിവഴിയുള്ള യാത്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുന്നത്.

കര്‍ണാടകയിലേക്ക് ദിവസേന ജോലിക്ക് പോകുന്നവര്‍ 28 ദിവസം അവിടെ താമസിച്ച ശേഷം മാത്രം തിരിച്ച് വന്നാല്‍ മതി. ഇത് കേരളത്തിലേക്ക് വരുന്നവര്‍ക്കും ബാധകമാവുമെന്നും മന്ത്രി പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളിലെ ഊടു വഴികളിലൂടെ നടന്നു വരുന്നവരെ തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശം തദ്ദേശ സ്ഥാപനങ്ങളും പൊലീസുകാരുടെയും നിയന്ത്രണത്തിലായിരിക്കും.

യാത്രാപാസ് താത്കാലികമായി നിര്‍ത്തിവെച്ചെന്നും ഇതുപയോഗിച്ച് ഇനിയാര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബേക്കല്‍ കോട്ട വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനവും പിന്‍വലിച്ചതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗബാധിതര്‍ വര്‍ധിച്ചു വരികയാണ്. തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്ത് നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more