| Saturday, 16th July 2016, 6:35 pm

ഗവണ്‍മെന്റ് പ്ലീഡറെ മാറ്റിയത് സര്‍ക്കാരെന്ന് റവന്യൂ മന്ത്രി; ഇവരില്ലെങ്കിലും കേസ് ജയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം:  റവന്യൂ വകുപ്പിലെ ഗവണ്‍മെന്റ് പ്ലീഡറെ മാറ്റിയത് സംസ്ഥാന സര്‍ക്കാരാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. എല്‍.ഡി.എഫിലും പാര്‍ട്ടിയും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നയപരവും രാഷ്ട്രീയവുമായ തീരുമാനമാണിത്. കേസുകളില്‍ പ്രമീള ഭട്ട് ഹാജരായില്ലെങ്കിലും സര്‍ക്കാര്‍ കേസുകള്‍ ജയിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാറുമ്പോള്‍ പ്ലീഡര്‍മാര്‍ സ്വയം മാറേണ്ടതാണ്. അതുണ്ടാകാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഇവരെ നീക്കിയത്. ഇതിന് പിന്നില്‍ അഴിമതിയോ മറ്റു കാരണങ്ങളോ ഇല്ലെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

വനം, റവന്യൂ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സുശീല ആര്‍. ഭട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഏറ്റെടുത്ത പല കേസുകളിലും സുശീല ആര്‍ ഭട്ടിന്റെ ഇടപെടല്‍ വളരെ ശ്രദ്ധേയമായിരുന്നു. ഹാരിസണ്‍, ടാറ്റ എന്നീ കമ്പനികളുമായുള്ള കേസുകള്‍ പലതും സുശീല ഭട്ടിന് നല്‍കിയിരുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്.

അതേ സമയം തന്നെ മാറ്റിയത് വമ്പന്‍മാരെ സഹായിക്കാനാണോയെന്ന് സംശയിക്കുന്നതായി സുശീല ഭട്ട് ആരോപിച്ചിരുന്നു.  ടാറ്റ, ഹാരിസണ്‍ എന്നിവരുടെ കേസുകളില്‍ സുശീല ഭട്ട് അടുത്തയാഴ്ച ഹാജരാകാനിരിക്കുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനു താന്‍ വഴങ്ങിയിരുന്നില്ല. അന്നു മുതല്‍ തന്നെ മാറ്റാന്‍ ചിലര്‍ ശ്രമം തുടങ്ങിയിരുന്നെന്നും സുശീല ആര്‍. ഭട്ട് പറഞ്ഞിരുന്നു. റവന്യൂ,വനം വകുപ്പുകളില്‍ ഒറ്റക്കേസ് പോലും തോല്‍ക്കാതിരുന്നിട്ടും സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ പത്തു വര്‍ഷത്തോളമായി ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ഭൂമികേസുകളില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more