തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥ വീഴ്ചയാണ് നടപടിക്ക് കാരണമായതെന്നാണ് മന്ത്രി അറിയിച്ചത്. റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്.
അതേസമയം സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ ഹെലികോപ്ടര്‍ യാത്രക്ക് പണമെടുത്തത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുപിന്നാലെ അതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
ഏകദേശം എട്ടുലക്ഷം രൂപയാണ് ഹെലികോപ്ടര്‍ യാത്രയ്ക്കായി ചെലവായത്.
സംസ്ഥാനം രൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.