തിരുവനന്തപുരം: സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് മറുപടിയുമായി റവന്യു മന്ത്രി കെ. രാജന്‍. ഉദ്യോഗസ്ഥ ഭരണത്തിന്റെ എല്ലാ കേന്ദ്രത്തിലും കയറി ഇടപെടേണ്ട കാര്യം മന്ത്രിക്കില്ലെന്നാണ് കെ. രാജന്‍ പറഞ്ഞത്.
വയനാട്ടിലെ മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത വിഷയത്തിലായിരുന്നു വി.ഡി. സതീശന്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
എന്നാല്‍ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ. ജി. ശാലിനിക്കെതിരായ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.
‘ഒരു അണ്ടര്‍സെക്രട്ടറിയുടെ എത്രയോ മുകളിലാണ് എസ്.സി.എസ്. മുഖ്യമന്ത്രിയോ മന്ത്രിയോ അറിയേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ ഫയലുകള്‍ വരേണ്ടതുള്ളു. ഉദ്യോഗസ്ഥ ഭരണത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ഇടപെടേണ്ട കാര്യം റവന്യൂ വകുപ്പ് മന്ത്രിക്കില്ല. റവന്യൂ വകുപ്പ് ഇടപെടേണ്ട പ്രശ്നം ആണെങ്കില്‍ റവന്യൂ വകുപ്പ് മന്ത്രി തന്നെ ഇടപെടും. അതിനെകുറിച്ചെല്ലാം നല്ല ധാരണയുണ്ട്.’ മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ എന്നായിരുന്നു വി.ഡി. സതീശന്‍ ചോദിച്ചത്. നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ വേട്ടയാടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു വനിതാ ജീവനക്കാരിയുടെ അന്തസ് സംരക്ഷിക്കേണ്ടത് മന്ത്രിയുടെ കൂടി ചുമതലയാണ്. സി.പി.ഐ.എം. ആരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.
‘വകുപ്പില്‍ നടക്കുന്നത് ഒക്കെ മന്ത്രി അറിയുന്നുണ്ടോ. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചുപോയതാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.
വയനാട്ടിലെ മുട്ടില്‍ മരംകൊള്ള സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദാക്കിയത്.
മൂന്ന് മാസം കൊണ്ട് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് ബാഡ് സര്‍വീസായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രാജന്‍ റവന്യൂ മന്ത്രി വകുപ്പില്‍ നടക്കുന്നതൊക്കെ ഒന്നറിയാന്‍ ശ്രമിക്കണമെന്നും സതീശന്‍ ഫേസ്ബുക്കില്‍ എഴുതി.
Content Highlight: Revenue minister K Rajan replies to V D Satheeshan