തൃശ്ശൂര്‍: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍. നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12ാം തീയതിയോടെ വീണ്ടും ശക്തമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ആരും തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും കാലവര്‍ഷത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
‘ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക ഇല്ല. വെള്ളം തുറന്ന് വിട്ട് ഡാമുകളില്‍ ജല ക്രമീകരണം നടത്തുകയാണ്. പമ്പ, മണിമല, മീനച്ചില്‍, കുറ്റ്യാടി, അച്ചന്‍കോവില്‍ നദികളിലെ വിവിധയിടങ്ങളില്‍ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
പമ്പ നദിയിലെ മടമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍, കുറ്റ്യാടി നദിയിലെ കുറ്റ്യാടി സ്റ്റേഷന്‍, മണിമല നദിയിലെ പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ തുംപമണ്‍ സ്റ്റേഷന്‍, പമ്പ നദിയിലെ മലക്കര സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിന്‍വലിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈകിട്ട് കുതിരാന്‍ സന്ദര്‍ശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിര്‍ദേശം പാലിച്ചോ എന്ന് പരിശോധിക്കും. മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നില്‍ താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയത്,’ മന്ത്രി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.