[]തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റിന്റെ കരം വാങ്ങിയതടക്കമുളള പ്രശ്‌നങ്ങള്‍ റവന്യു വകുപ്പ് അന്വേഷിക്കുന്നു. അന്വേഷണച്ചുമതല റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ മാജി ഏറ്റെടുക്കും.
ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ എസ്റ്റേറ്റിന്റെ കരം വാങ്ങിയത് തെറ്റായ നടപടിയാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. പ്രശ്‌നത്തില്‍ വനംവകുപ്പിന്റെ മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു.
എന്നാല്‍ വനംവകുപ്പ് എന്‍.ഒ.സി നല്‍കിയതിനാലാണ് കരം സ്വീകരിച്ചതെന്നായിരുന്നു തഹസീല്‍ദാറുടെ നിലപാട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് റവന്യു വകുപ്പ് തീരുമാനിച്ചത്.
അതേ സമയം എസ്‌റ്റേറ്റിന് പോക്കുവരവ് അനുമതി നല്‍കിയതില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്ന് വനം വകുപ്പ് മേധാവി ഉള്‍പ്പെട്ട സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം ഇക്കാര്യങ്ങള്‍ വനം വകുപ്പ് പരിശോധിക്കേണ്ടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.
നെല്ലിയാമ്പതി കരുണ എസ്‌റ്റേറ്റിന് കരം സ്വീകരിക്കാന്‍ അനുമതി നല്‍കിയത് യഥാസമയം അറിയിക്കാതിരുന്നതിന് നെന്മാറ ഡി.എഫ്.ഒ. രാജുഫ്രാന്‍സിസിനെ സ്ഥലം മാറ്റിയതിനു തൊട്ടു പിന്നാലെയാണ് വിഷയത്തില്‍ റവന്യൂ വകുപ്പന്വേഷണം.