തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. അനധികൃതമായി ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴനാടനെതിരെ കേസ് എടുത്തിരിക്കുന്നത്. ഭൂ സംരക്ഷണ നിയമ പ്രകാരം കേസേടുത്ത റവന്യൂ വകുപ്പ് ഹിയറിങ്ങിന് ഹാജരാവാന്‍ കുഴല്‍നാടന് നോട്ടീസ് അയച്ചു.
ആധാരത്തില്‍ രേഖപ്പെടുത്തിയ ഒരു ഏക്കര്‍ 23 സെന്റ് ഭൂമി കൂടാതെ 50 സെന്റ് സ്ഥലം കൂടുതലായി മാത്യു കുഴല്‍നാടന്‍ കൈവശം വെച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചിന്നക്കനാലില്‍ റിസോര്‍ട്ട് അടങ്ങുന്ന ഭൂമി വാങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ അധിക ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധനയില്‍ മാത്യു പുറമ്പോക്ക് ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് റവന്യൂ വകുപ്പും വിജിലന്‍സും കണ്ടെത്തിയിരുന്നു.
പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നറിയാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് കേസെടുത്തിരിക്കുന്നത്. ഹിയറിങ്ങില്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ താന്‍ ഭൂമി കൈയേറിയിട്ടില്ലെന്നും നിര്‍ദിഷ്ട ഭൂമിയില്‍ സംരക്ഷണ ഭിത്തി മാത്രമാണ് കെട്ടിയതെന്നും ആരോപണങ്ങളില്‍ മാത്യു പ്രതികരണം നടത്തിയുരുന്നു. താന്‍ ഭൂമി വാങ്ങുമ്പോള്‍ എങ്ങനെ ആയിരുന്നുവോ ഈ സ്ഥലം നിലനിന്നിരുന്നത് അതുപോലെ തന്നെയാണ് നിലവിലുള്ളതെന്നും മാത്യു പറഞ്ഞിരുന്നു.
Content Highlight: Revenue department registered a case against Mathew Kuzhanadan