Kerala News
ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ വേണ്ടി നിര്‍മിച്ച കുരിശ് പൊളിച്ചുനീക്കി റവന്യൂ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 10, 11:28 am
Monday, 10th March 2025, 4:58 pm

ഇടുക്കി: സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിക്കുന്ന റിസോര്‍ട്ട് പൊളിക്കാതിരിക്കാന്‍ വേണ്ടി സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി റവന്യൂ വകുപ്പ്. ഇടുക്കി പരുന്തുംപാറയിലെ അനധികൃത കൈയേറ്റമാണ് പൊളിച്ചുനീക്കിയത്.

നിലവില്‍ പ്രദേശത്ത് റവന്യൂ വകുപ്പിന്റെ നടപടികള്‍ തുടരുകയാണ്. തൃക്കൊടിത്താനം സ്വദേശിയായ സജിത് ജോസഫാണ് സ്ഥലത്ത് കുരിശ് പണിതത്.

അനധികൃത കൈയേറ്റത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. 15 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചുവെന്നും സ്ഥലത്ത് രണ്ട് മാസത്തേക്ക് കൂടി നിരോധനാജ്ഞ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് സജിത് സ്ഥലത്ത് കുരിശ് പണിതത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മാണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മാണം വാര്‍ത്തയാക്കാന്‍ മാധ്യമ സംഘം ഫെബ്രുവരി 28ന് സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ പ്രദേശത്ത് കുരിശ് ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനധികൃത നിര്‍മാണത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ മാര്‍ച്ച് രണ്ടിന് ഇടുക്കി ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് സജിത് കുരിശ് സ്ഥാപിച്ചത്.

സ്റ്റോപ്പ് മെമ്മോ നല്‍കി റിസോര്‍ട്ടിന്റെ പണികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് കൈയേറ്റക്കാരന്‍ ഇവിടെ സ്ഥാപിച്ചെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. കൈയേറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇടയിലും റവന്യൂ ഉദ്യോഗസ്ഥരുമായി സജിത്ത് ജോസഫ് നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2017ല്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലും ഇത്തരത്തില്‍ കൈയേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.

Content Highlight: Revenue Department dismantles cross built to prevent encroachment on government land in Idukki