തിരുവനന്തപുരം: ആശുപത്രി മാലിന്യസംസകരണത്തിനായി പാലോട് ഐ.എം.എ സ്ഥാപിക്കുന്ന മാലിന്യപ്ലാന്റിനെതിരെ റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട്. മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിന് നിയമ തടസമുണ്ടെന്നും ഐ.എം.എ വാങ്ങിയ സ്ഥലത്ത് അഞ്ച് ഏക്കര്‍ നിലമുണ്ടെന്നും ജില്ലാകളക്ടര്‍ക്ക് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനം പറ്റില്ലെന്നും പ്ലാന്റ് വന്നാല്‍ പ്രദേശത്തെ കണ്ടലും നീരുറവകളും നശിക്കുമെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രദേശത്ത് ആദിവാസി കോളനിയുണ്ടെന്നുള്ള കാര്യം പരിഗണക്കണമെന്നും പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണെന്നും ഐ.എം.എ മാലിന്യപ്ലാന്റുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആശുപത്രികളിലെ മാലിന്യം സംസ്‌ക്കരിക്കാന്‍ സംവിധാനം വേണമെന്നും സമൂഹം കണ്ണുതുറന്ന് കാണേണ്ട വിഷയമാണ് ഇതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.ഇതുമായി ബന്ധപ്പെട്ട് ഐ.എം.എ ചെയ്യുന്നത് വലിയ സേവനമാണ്. ഒരിടത്തെ പ്ലാന്റില്‍ വിവിധയിടങ്ങളിലെ ബയോകെമിക്കല്‍ വേസ്റ്റ് മുഴുവന്‍ നിക്ഷേപിക്കാനാവില്ല. രണ്ടോ മൂന്നോ കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം പാലോട് ഐ.എം.എയുടെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം വനം വകുപ്പും രംഗത്തെത്തിയിരുന്നു. പദ്ധതി വന്യ ജീവികളെ ബാധിക്കുമെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും ചൂണ്ടികാട്ടി വനംവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
നാല് ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായാണ് അഗസ്ത്യ വനമേഖല ഉള്‍പ്പെടുന്ന പെരിങ്ങമലയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പ്ലാന്റിനെതിരെ വനം വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
ജൈവവൈവിദ്ധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ അഗസ്ത്യവനമേഖലയില്‍ മാലിന്യം പ്ലാന്റ് പാടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. പദ്ധതി വന്യ ജീവികളെ ബാധിക്കുമെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നുമാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്യത്തില്‍ 9.20 കോടി രൂപ ചെലവില്‍ മൂന്ന് ബയോ മെഡിക്കല്‍ പ്ലാന്റുകളാണ് രണ്ട് ഏക്കറില്‍ സ്ഥാപിക്കുന്നത്. അതേസമയം പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പെരിങ്ങമല പഞ്ചായത്തും എതിര്‍പ്പുമായി രംഗത്തുണ്ട്. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് അനുവാദവും നല്‍കിയിട്ടില്ല.
പ്ലാന്റ് നിര്‍മ്മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും, പരിസ്ഥിതി പ്രവര്‍ത്തകരുടേയും തീരുമാനം. പ്ലാന്റ് വരുന്നത് ഇവിടുത്തെ സ്വാഭാവിക ജീവിതത്തിനും ജീവിതാന്തരീക്ഷണത്തിനും ഭീഷണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശത്ത് ഐ.എം.എ മാലിന്യപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നതിനെതിരായ ജനകീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ ഡൂള്‍ന്യൂസ് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് വായിക്കാം..