| Wednesday, 9th October 2024, 9:32 pm

ആര്‍. ശ്രീലേഖ സര്‍വീസിലിരിക്കുമ്പോള്‍ തന്നെ സംഘപരിവാറുമായി ബന്ധപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ സര്‍വീസിലിരിക്കുമ്പോള്‍ തന്നെ സംഘപരിവാര്‍ വേദികളില്‍ വരാറുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയാണ് ഇപ്പോള്‍ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ആര്‍. ശ്രീലേഖയും ഒരു സംഘപരിവാര്‍ വേദിയില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നാണ് ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സംഘത്തിന്റെ ഒരു ദീപാവലി ആഘോഷത്തില്‍ ആര്‍. ശ്രീലേഖ ഉദ്ഘാടകയും താന്‍ മുഖ്യപ്രഭാഷകയുമായിരുന്നു എന്നും കെ.പി. ശശികല പറയുന്നു. ആര്‍. ശ്രീലേഖ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളെ മനസിലാക്കിയിരുന്നു എന്നും ശശികല പറയുന്നു.

ബുധനാഴ്ച വൈകീട്ടാണ് സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായ ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ അഗത്വമെടുത്തത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ശ്രീലേഖക്ക് ബി.ജെ.പി അംഗത്വം നല്‍കിയത്. തനിക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയായതിനാലും നരേന്ദ്ര മോദിയോടുള്ള ആരാധനയാലുമാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് എന്നായിരുന്നു അംഗത്വമെടുത്തതിന് ശേഷമുള്ള ശ്രീലേഖയുടെ മറുപടി.

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദം കത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് ആര്‍. ശ്രീലേഖയും തന്റെ സര്‍വീസ് കാലത്ത് സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 2020ലാണ് ആര്‍. ശ്രീലേഖ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

സംസ്ഥാനത്ത് നേരത്തെയും വിരമിച്ച ഐ.എസ്.എസ്, ഐ.പി.എസ് ഓഫീസര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ടി.പി. സെന്‍കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജേക്കബ് തോമസ് തുടങ്ങിയവര്‍ ആര്‍. ശ്രീലേഖക്ക് മുമ്പ് കേരളത്തില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.

കെ.പി. ശശികലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു വ്യാഴ വട്ടത്തില്‍ മുന്‍പ് സംഘത്തിന്റെ പ്രാന്ത കാര്യാലയത്തിലെ ദീപാവലി കുടുംബ സംഗമം. ഉദ്ഘാടക ശ്രീമതി ശ്രീലേഖ ഐ.പി.എസ്, മുഖ്യ പ്രഭാഷണം ഞാനും. പരിപാടി തുടങ്ങുന്നതിന്റെ പത്തുമിനിറ്റു മുന്‍പേ അവര്‍ വേദിയിലെത്തി.

പാറി പറന്ന മുടി… മുഖത്ത് ഒരു മേക്കപ്പുമില്ല. അവരുടെ സ്റ്റൈല്‍ അതായിരിക്കും എന്ന് ഞാന്‍ കരുതി. പക്ഷേ അതായിരുന്നില്ല കാര്യം. അവരുടെ പ്രിയപ്പെട്ട ആരുടേയോ (‘അച്ഛന്റെയാണെന്നാണോര്‍മ്മ ) ആണ്ടു ബലിയായിരുന്നത്രെ അന്ന്. ബലിയിട്ട് വീട്ടില്‍ പോലും പോകാതെ ഓടിക്കിതച്ചു വന്നതാണ്.

അതിന് അവരു പറഞ്ഞ കാര്യം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.’സംഘ പരിപാടിയല്ലേ സമയ നിഷ്ഠ കര്‍ശനമാകുമല്ലോ എന്ന്’. അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു എന്നതാണ് വസ്തുത.

CONTENT HIGHLIGHTS:  Revealing that R. Sreelekha was associated with the Sangh Parivar while still in service

We use cookies to give you the best possible experience. Learn more